Kerala Pranamam

തിരുവനന്തപുരത്ത് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു

തിരുവനന്തപുരം പാലോട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഷിജു ആണ് കൊല്ലപ്പെട്ടത്. ഭാര്യ സൗമ്യയെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഷിജു ഫോണ്‍ ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഇന്നലെ പ്രദേശത്ത് ഒരു ഉത്സവം നടക്കുന്നുണ്ടായിരുന്നു. ഉത്സവത്തില്‍ പങ്കുകൊള്ളാന്‍ പോയതായിരുന്നു സൗമ്യ. ഉത്സവത്തിനു പോയിട്ട് സൗമ്യ തിരികെവന്നപ്പോള്‍ ഷിജു വീടിനു പിന്‍വശത്തിരുന്ന് ഫോണ്‍ വിളിക്കുന്നത് കണ്ടു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ ചെറിയ രീതിയിലുള്ള വഴക്കുണ്ടായി. വഴക്ക് തര്‍ക്കത്തിലെത്തുകയും സൗമ്യ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയുമായിരുന്നു. കൊലയ്ക്ക് ശേഷം സൗമ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.കഴിഞ്ഞ 4 വര്‍ഷമായി വിദേശത്തുള്ള ഷിജു നാട്ടില്‍ നിന്ന് വന്നിട്ട് 10 ദിവസമേ ആയിരുന്നുള്ളൂ.