Kerala Pranamam

തുമ്മലും ജലജോഷവും പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍

കാലാവസ്ഥയിലെ വ്യതിയാനവും അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ഈര്‍പ്പവും മലിനമായ ചുറ്റുപാടും തുമ്മലും ദലദോഷത്തോടും കൂടിയ പനി പടരാന്‍ അനുകൂലസാഹചര്യമൊരുക്കുന്നു. പനി മറ്റുള്ളവരിലേക്ക് രോഗം പകരാതെ സൂക്ഷിക്കേണ്ടത് രോഗി തന്നെയാണ്.

രോഗാണു ശരീരത്തില്‍ കടന്ന് 24 മണിക്കൂര്‍ കഴിഞ്ഞാണ് തുമ്മലും മറ്റു വിഷമതകളും ഉണ്ടാകുന്നത്. ഈ സമയം മുതല്‍ ജലദോഷം പൂര്‍ണമായും മാറുന്നതുവരെ ഏതുസമയത്തും രോഗം പകരാം.

യാത്രയിലും ആളുകള്‍ കൂടുന്നിടത്തുംനിന്നുമാണ് രോഗം പകരുന്നത്. രോഗി സ്പര്‍ശിച്ച സ്ഥലത്ത് മറ്റൊരാള്‍ സ്പര്‍ശിച്ചതുവഴി രോഗം പകരാം.

രോഗി തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോഴും രോഗാണു അന്തരീക്ഷത്തില്‍ പടരുകയും മറ്റുള്ളവരിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

ജലദോഷവും പകര്‍ച്ചപ്പനിയും വായുവിലൂടെ പകരുന്ന രോഗമാണ്. അതിനാല്‍ രോഗിയുമായി അടുത്തിടപഴകുന്നവര്‍ക്ക് രോഗം വളരെ വേഗം പകരുന്നു.

രോഗി ഉപയോഗിച്ച കിടക്ക, തലയിണ, തൂവാല, തോര്‍ത്ത് എന്നിവയുമായുള്ള സമ്പര്‍ക്കം പാടേ ഒഴിവാക്കണം.

രോഗിയുടെ തുമ്മല്‍ ഏല്‍ക്കരുത്. രോഗിക്കൊപ്പം കിടക്കുകയോ ചേര്‍ന്നുനിന്ന് സംസാരിക്കുകയോ ചെയ്യരുത്.

ജലദോഷമുള്ളവരും ഇല്ലാത്തവരും ഒരു മുറിക്കുള്ളില്‍ കൂടി നില്‍ക്കരുത്. അടഞ്ഞ അന്തരീക്ഷത്തില്‍ വളരെ വേഗം രോഗം പകരുന്നു.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണം കഴിവതും ചൂടോടെ കഴിക്കുക,

ശരീരത്തിന് വിശ്രമം നല്‍കാതിരുന്നാല്‍ പനിയുടെ കാഠിന്യം വര്‍ധിച്ച് പനി ശമിക്കാന്‍ താമസമെടുക്കും. പനി കുറയുവാനും പെട്ടെന്ന് സുഖം പ്രാപിക്കുവാനും പൂര്‍ണ വിശ്രമം സഹായിക്കും.

കുടുംബത്തില്‍തന്നെയാണെങ്കിലും പനിയുള്ളവരുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം. പനി വ്യാപിക്കാതിരിക്കാന്‍ ഇത് സഹായിക്കും.

പനിയുള്ളയാള്‍ യാത്രകള്‍ ഒഴിവാക്കണം. കൂടാതെ മറ്റ് ജോലികളില്‍നിന്നും മാറിനല്‍ക്കുകയും വേണം.

എളുപ്പം ദഹിക്കാന്‍ കഴിവുള്ള ആഹാര സാധനങ്ങള്‍ വേണം പനി ബാധിതര്‍ കഴിക്കാന്‍. ഇതിനായി ലളിതമായ ഭക്ഷണ രീതി സ്വീകരിക്കുക.

പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയ്ക്കു മുതിരാതെ ഡോക്ടറെകണ്ട് ഏതുതരം പനിയാണെന്ന് തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നടത്തുക.

അലര്‍ജിയുള്ളവര്‍ക്കും കൊച്ചുകുട്ടികള്‍ക്കും ആരോഗ്യം കുറഞ്ഞവര്‍ക്കും ജലദോഷവും പനിയും പിടികൂടാന്‍ സാധ്യത കൂടുതലാണ്. അങ്ങനെയുള്ളവര്‍ മഴ നനയാതെയും അധികം തണുപ്പടിക്കാതെയും സൂക്ഷിക്കണം.