Kerala Pranamam

തൊട്ടിലെന്ന് കരുതി അമ്മ ഓവനില്‍ കിടത്തിയ കുഞ്ഞ് പൊള്ളലേറ്റു മരിച്ചു

ഉറക്കാനായി തൊട്ടിലില്‍ കിടത്തേണ്ടതിനു പകരം അമ്മ അബദ്ധത്തില്‍ ഓവനില്‍ കിടത്തിയ കുഞ്ഞ് അതിദാരുണമായി പൊള്ളലേറ്റ് മരിച്ചു.യുഎസിലെ മിസോറിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. സംഭവത്തില്‍ കുട്ടിയുടെ മാതാവായ മരിയ തോമസിനെതിരെ പോലീസ് കേസെടുത്തു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു. അമ്മ കുഞ്ഞിനെ ഉറക്കാനായി തൊട്ടിലാണെന്ന് കരുതി അബദ്ധത്തില്‍ ഓവനില്‍ കിടത്തിയതാണെന്ന് വീട്ടില്‍ ഉണ്ടായിരുന്നവര്‍ മൊഴി നല്‍കി.എന്നാല്‍ എന്താണ് കൃത്യമായി സംഭവിച്ചത് എന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ ഭയാനകമായ ദുരന്തത്തില്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് ജാക്സണ്‍ കൗണ്ടി പ്രോസിക്യൂട്ടിംഗ് അറ്റോര്‍ണി ജീന്‍ പീറ്റേഴ്സ് ബേക്കര്‍ പ്രതികരിച്ചു. സംഭവത്തില്‍ മാതാവ് മരിയ തോമസിന്റെ ഫോണ്‍ വിവരങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്.അതേസമയം മദ്യപാനിയായ ഒരു അമ്മയുടെ ശ്രദ്ധക്കുറവ് മൂലം നവജാതശിശു മരണപ്പെട്ട മറ്റൊരു സംഭവവും ഈയടുത്ത് പുറത്തുവന്നിരുന്നു. അമിതമായി മദ്യപിച്ച് ലക്കുകെട്ട് അബോധാവസ്ഥയില്‍ കഴിഞ്ഞ അമ്മ കുഞ്ഞിനെ മുലയൂട്ടാന്‍ മറന്നു പോകുകയായിരുന്നു. ഇതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായത്. ഛത്തീസ്ഗഢിലെ ധംതാരി ജില്ലയിലെ സുന്ദര്‍ഗഞ്ച് എന്ന സ്ഥലത്താണ് സംഭവം. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവരുടെ ഭര്‍ത്താവ് പുറത്തുപോയി.തുടര്‍ന്ന് വൈകിട്ട് മദ്യപിച്ചു തുടങ്ങിയ സ്ത്രീ രാത്രി വൈകിയും മദ്യപാനം തുടര്‍ന്നു. ഇതിനിടയ്ക്ക് വിശക്കുന്ന കുഞ്ഞിനെ കുറിച്ച് ഇവര്‍ മറന്നുപോവുകയും പിന്നീട് മദ്യപിച്ച് അബോധാവസ്ഥയില്‍ ആവുകയും ചെയ്തു. എന്നാല്‍ അടുത്ത ദിവസം രാവിലെ കുഞ്ഞ് കരയുന്നത് കേള്‍ക്കാത്തത് കാരണം സംശയം തോന്നിയ അയല്‍വാസികള്‍ സ്ത്രീയുടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചുകിടക്കുന്ന നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് വീട്ടിലെത്തിയപ്പോഴും മദ്യപിച്ച് പരിസര ബോധം ഇല്ലാത്ത സ്ത്രീ സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയില്‍ ആയിരുന്നില്ല എന്നും പോലീസ് പറഞ്ഞു.