കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി.പള്‍സര്‍ സുനി അമ്മയ്ക്കു കൈമാറിയ കത്ത് കഴിഞ്ഞദിവസം പുറത്തുവന്നതിനു പിന്നാലെ പെരുമ്പാവൂര്‍ ഇളമ്പകപ്പിള്ളിയിലെ വീട്ടിലെത്തിയാണ് ശോഭനയുടെ മൊഴി രേഖപ്പെടുത്തിയത്. ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവായ കത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. 2018 മേയ് ഏഴിന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പള്‍സര്‍ സുനി അമ്മയ്ക്ക് കത്ത് നല്‍കിയത്. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോള്‍ കത്ത് പുറത്തുവിടുന്നതെന്നു ശോഭന കഴിഞ്ഞദിവസം മധ്യമങ്ങളോട് പറഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പുറത്തുവിടണമെന്നു പറഞ്ഞാണ് കത്ത് സുനി ഏല്‍പ്പിച്ചത്. നടിയോട് സുനിക്ക് യാതൊരു വൈരാഗ്യവുമുണ്ടായിരുന്നില്ലെന്നും നടന്‍ ദിലീപ് പറഞ്ഞിട്ടാണ് സുനി നടിയെ ആക്രമിച്ചതെന്നും ശോഭന പറഞ്ഞു. കത്തില്‍ ദിലീപിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ”എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ അത് എനിക്കുവേണ്ടിയല്ല. ദിലീപിനുവേണ്ടിയാണ് കൃത്യം നടത്തിയത്” -സുനി പറയുന്നു. 2015ല്‍ കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ചാണ് സംഭവത്തിന്റെ ഗൂഢാലോചന നടന്നതെന്നും കത്തിലുണ്ട്. ദിലീപിനെതിരേ ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി 12ന് രേഖപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസമാണ് വിചാരണക്കോടതി ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കിയത്.”സാക്ഷികളെ വീണ്ടും വിസ്തരിക്കാനാകില്ല”ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവും പ്രതികളുടെ ഫോണ്‍ വിളികളുടെ ഒറിജിനല്‍ രേഖകള്‍ വിളിച്ചുവരുത്തണമെന്ന ആവശ്യവും വിചാരണക്കോടതി തള്ളിയതിനെതിരേ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജികളിലാണ് ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്തിന്റെ വാക്കാലുള്ള നിരീക്ഷണം. കേസിലെ സാക്ഷികളെ രണ്ടാമതും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് കോടതി പറഞ്ഞു. സാക്ഷിവിസ്താരം നടത്തി മാസങ്ങള്‍ക്കു ശേഷമാണ് വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. പ്രോസിക്യൂഷന് അനുകൂലമായി സാക്ഷിമൊഴികള്‍ ഉണ്ടാക്കാനാണ് ഇത്തരമൊരു നടപടിയെന്ന് പ്രതിഭാഗം സംശയിക്കുന്നു. വീണ്ടും സാക്ഷികളെ വിസ്തരിക്കുന്നത് പ്രോസിക്യൂഷന്റെ ഭാഗത്തെ പാളിച്ചകള്‍ മറികടക്കാന്‍വേണ്ടിയാകരുത്. കേസില്‍ പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്-സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. അതേസമയം, ചില സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി വ്യക്തമാക്കി. കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരേ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയതു പ്രോസിക്യൂഷന്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ വെളിപ്പെടുത്തലുകളും കേസും തമ്മിലെന്താണു ബന്ധമെന്നും ഇയാളുടെ വെളിപ്പെടുത്തലുകള്‍ എങ്ങനെയാണ് കേസിനെ സഹായിക്കുകയെന്നും സിംഗിള്‍ ബെഞ്ച് വാക്കാല്‍ ചോദിച്ചു. പ്രതികളുടെ ഫോണ്‍ വിളികളുമായി ബന്ധപ്പെട്ട ഒറിജിനല്‍ രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ പ്രതിഭാഗം എതിര്‍ക്കുന്നത് എന്തിനാണെന്നും സിംഗിള്‍ ബെഞ്ച് ചോദിച്ചു. അധികതെളിവുകള്‍ പരിശോധിക്കുന്നതിന് എന്താണു തടസമെന്നും ആരാഞ്ഞു. എന്നാല്‍, കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പിന്നില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു. ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി.