Kerala Pranamam

നടിയെ ആക്രമിച്ച കേസ്; പ്രതികളുടെ അവകാശവും സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ അവകാശവും സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി. സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം വിചാരണക്കോടതി നിരസിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി പരാമര്‍ശം. കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെങ്കില്‍ മതിയായ കാരണം വേണം. പ്രോസിക്യൂഷന്റെ പാളിച്ചകള്‍ മറികടക്കാനാവരുത് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്നും പ്രോസിക്യൂഷന് അനുകൂലമായി സാക്ഷിമൊഴി ഉണ്ടാക്കാനാണ് ഇതെന്ന് സംശയിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് ഈ കേസുമായി എന്തു ബന്ധമെന്നും കോടതി ആരാഞ്ഞു. കേസിനെ അത് എങ്ങനെയാണ് സഹായിക്കുകയെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.