ആലപ്പുഴ: 31 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ട്, എ.വി സുരേഷ് കുമാര്‍ ഇന്ന് കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസലെ ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്തു നിന്നും വിരമിക്കും.1990 ല്‍ വയനാട് ജില്ലയില്‍ കൃഷി ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം 2005 വരെ വിവിധ കൃഷിഭവനുകളില്‍ സ്തുത്യര്‍ഹ്യമായ സേവനം നടത്തി.19971998 കാലത്ത് മാവേലിക്കരയില്‍ ജില്ലാ കൃഷിത്തോട്ടത്തിന്റെ മുഖ്യചുമതലക്കാരനാ യിരിക്കെ ഇദ്ദേഹത്തിന്റെ ശ്രമഫലമായി തുടക്കം മുതല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാമിനെ ലാഭത്തിലാക്കുവാനായി.തുടര്‍ന്ന് 2006ല്‍ സര്‍ക്കാര്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി നെല്ലുസംഭരണം ആരംഭിച്ചത് മുതല്‍ 2020 വരെ തുടര്‍ച്ചയായി 14 വര്‍ഷക്കാലം സംഭരണ പ്രക്രിയയുടെ താഴേത്തലം മുതല്‍ മാനേജര്‍ പാഡി എന്ന ഉയര്‍ന്ന തസ്തികയില്‍ വരെ ഇദ്ദേഹം ജോലി നോക്കി.2018 ലെ മഹാപ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്താകെ നെല്‍ക്കര്‍ഷകര്‍ക്ക് റെക്കോര്‍ഡ് വിളവ് ലഭിച്ചപ്പോള്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി അധികമായി ലഭിച്ച നെല്ല് യാതൊരു പരാതിക്കും ഇടനല്‍കാതെ മില്ലുടമകളുടെ സഹകരണത്തോടെ സംഭരിക്കാന്‍ കഴിഞ്ഞത് ഇദ്ദേഹത്തിന്റെ അക്ഷീണ പരിശ്രമഫലമായിരുന്നു.
20192020 ലെ പുഞ്ചക്കൃഷിയുടെ ആരംഭത്തില്‍ കൊവിഡ് മഹാമാരി പ്രതിസന്ധിയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും കര്‍ഷകരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഏറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് സംസ്ഥാന വ്യാപകമായി നെല്ലുംസംഭരണം കുറ്റമറ്റ രീതിയില്‍ നടത്തുവാന്‍ കഴിഞ്ഞത് തന്റെ ഔദ്യോഗിക ജീവിതത്തിലെ വലിയ നേട്ടമായി ഇദ്ദേഹം കാണുന്നു.കഴിഞ്ഞ സര്‍ക്കാരില്‍ ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി ജി.സുധാകരനും ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമനും പലകുറി ഇദ്ദേഹത്തിന്റെ സേവനത്തില്‍ സംതൃപ്തി രേഖപ്പെടുത്തുകയും രണ്ടു തവണ പ്രശംസാ പത്രം നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്.പ്രധാനമായും കുട്ടനാട്അപ്പര്‍ കുട്ടനാട് മേഖലയിലെ കര്‍ഷകരുമായി ഇത്രയേറെ അടുത്തു ബന്ധപ്പെട്ട മറ്റൊരു കൃഷി ഉദ്യോഗസ്ഥന്‍ ഇല്ലെന്നു തന്നെ പറയാം.മങ്കൊമ്പില്‍ പാഡി മാര്‍ക്കെറ്റിംഗ് ഓഫീസറായിരിക്കെ ദിവസേന എത്തുന്ന കര്‍ഷകരുടെ നാനൂറിലേറെ കോളുകള്‍ക്ക് കൃത്യമായി മറുപടി നല്‍കി ചെറിയ പ്രശ്‌നങ്ങള്‍ക്കു പോലും പരിഹാരം കാണുവാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.നെല്ലുസംഭരണ കാലയളവില്‍ സംഭരിച്ച നെല്ലിന്റെ കേന്ദ്രവിഹിതം ലഭിക്കാന്‍ താമസം നേരിടുമ്പോള്‍ വിവിധ ബാങ്കുകളുടെ സഹകരണത്തോടെ കര്‍ഷകര്‍ക്ക് കൃത്യമായി പണമെത്തിച്ചു നല്‍കാന്‍ അദ്ദേഹം കാട്ടിയ ശുഷ്‌കാന്തി വിവിധ കര്‍ഷക സംഘടനകളുടെ അടക്കം പ്രശംസ പിടിച്ചു പറ്റിയിരുന്നു.2020 ജുലായില്‍ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചാണ് ഇദ്ദേഹം കാസര്‍കോട് ജില്ലയിലേക്ക് പോകുന്നത്. മാവേലിക്കര തെക്കേക്കര സ്വദേശിയാണ് ഇദ്ദേഹം.ഭാര്യ: ഡോ.എസ്.സിന്ധു (ഡെപ്യൂട്ടി ഡയറക്ടര്‍,മൃഗസംരക്ഷണ വകുപ്പ്,ആലപ്പുഴ),മക്കള്‍: എസ്.മേഘ,മരുമകന്‍ :ആര്‍.അഖില്‍ കൃഷ്ണ (സയന്റിസ്റ്റ്,ഡി.ആര്‍.ഡി.ഒ,ബാംഗളൂര്‍),മകന്‍: അവസാന വര്‍ഷ എം.ബി.ബി.എസ് ബിരുദ വിദ്യാര്‍ത്ഥി, എം .ഇ.എസ് മെഡിക്കല്‍ കോളെജ് പെരിന്തല്‍മണ്ണ.