കൊച്ചി: കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി. 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍ മുന്നോട്ട് പോയിരുന്നത്. ഈ അനുപാതമാണ് റദ്ദാക്കിയത്. ഇപ്പോഴത്തെ ജനസംഖ്യാ അനുസരിച്ച് ഈ അനുപാതം പുനര്‍ നിശ്ചയിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. നിലവിലെ അനുപാതം 2015 ലാണ് നിലവില്‍ വന്നത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
ഏറെക്കാലമായി ക്രൈസ്തവ സഭകള്‍ ഈ അനുപാതത്തിനെതിരെ രംഗത്തുണ്ടായിരുന്നു. ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജിയാണ് ഉണ്ടായിരുന്നത്. അതിലാണ് ഇന്ന് ഉത്തരവിട്ടിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് അനുപാതം നിലവില്‍ വന്നത്. ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തുല്യമായ രീതിയില്‍ നടപ്പിലാക്കണം. ഏറ്റവും പുതിയ ജനസംഖ്യാ കണക്കനുസരിച്ച് വേണം ഇനി പുതിയ അനുപാതം ഉണ്ടാക്കാനെന്നും കോടതി നിര്‍ദേശിച്ചു.