Kerala Pranamam

പകല്‍ സമയത്ത് കാറില്‍ സഞ്ചരിച്ച് സ്ഥലങ്ങള്‍ മനസിലാക്കും, പുലര്‍ച്ച വീടുകളിലെത്തി മലഞ്ചരക്ക് കടത്തും; ദമ്പതികള്‍ അറസ്റ്റില്‍

മലഞ്ചരക്ക് മോഷണം നടത്തിയ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റിലായി. കോഴിക്കോട് മുക്കം സ്വദേശിയായ റിയാസ് (33), ഭാര്യ ഷബാന (33) എന്നിവരാണ് പിടിയിലായത്. മോഷണത്തിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. ഇരുവേറ്റി, ഏലിയാപറമ്പ്, കുത്തുപറമ്പ്, വാക്കാലൂര്‍, മൈത്ര, കുനിയില്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇവര്‍ മോഷണം നടത്തിയിരുന്നത്. .കഴിഞ്ഞ ഒരു വര്‍ഷമായി ദമ്പതികള്‍ അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ ഇടങ്ങളില്‍ മോഷണം നടത്തിയിരുന്നു. ദമ്പതികള്‍ മോഷണം നടത്തുന്ന സിസിടിവി ദൃശ്യം ട്വന്റിഫോറിന് ലഭിച്ചു. ദമ്പതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച മഞ്ചേരി കോടതിയില്‍ ഹാജരാക്കി.അരീക്കോട് പൊലീസ് സ്റ്റേഷനില്‍ ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇതിനിടയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ദമ്പതികള്‍ ഇരുവേറ്റിയിലെ ഒരു വീട്ടില്‍ മോഷണം നടത്തുന്നതിനിടയില്‍ പിടിയിലായത്. റബ്ബര്‍ ഷീറ്റ്, നാളികേരം, അടയ്ക്ക എന്നിവ ഉള്‍പ്പെടെയുള്ളവയായിരുന്നു ദമ്പതികള്‍ മോഷണം നടത്തിയിരുന്നത്. പകല്‍സമയങ്ങളില്‍ വിവിധ ഇടങ്ങളില്‍ കാറില്‍ സഞ്ചരിച്ച് മലഞ്ചരക്ക് സാധനങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്തും. തുടര്‍ന്ന് പുലര്‍ച്ച വീടുകളിലും തോട്ടങ്ങളിലും എത്തി മലഞ്ചരക്ക് കാറില്‍ കയറ്റി കൊണ്ട് പോകുന്നതായിരുന്നു ഇവരുടെ മോഷണ രീതി.