Kerala Pranamam

പാക്ക് നീക്കം സമ്പൂര്‍ണ പരാജയം; ആക്രമണത്തെ തകര്‍ത്ത് ഇന്ത്യയുടെ ‘സുദര്‍ശന്‍ ചക്ര’

ന്യൂഡല്‍ഹിന്മ ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ മേഖലകളിലെ 15 സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നടത്തിയ ആക്രമണങ്ങള്‍ സമ്പൂര്‍ണ പരാജയം. അവന്തിപ്പോര, ശ്രീനഗര്‍, ജമ്മു, പഠാന്‍കോട്ട്, അമൃത്സര്‍, കപുര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപുര്‍, ഭട്ടിന്‍ഡ, ചണ്ഡിഗഡ്, നാല്‍, ഫലോഡി, അട്ടര്‍ലെ, ഭുജ് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളില്‍ പാക്കിസ്ഥാന്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ ഇന്ത്യയുടെ കൗണ്ടര്‍ അണ്‍മാന്‍ഡ് ഏരിയല്‍ (യുഎഎസ്) ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് തകര്‍ത്തുവെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്.
എസ്-400 വ്യോമ പ്രതിരോധ സംവിധാനമാണ് പാക്ക് മിസൈലുകള്‍ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതെന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച്‌ േദശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തതാണ് ‘സുദര്‍ശന്‍ ചക്ര’ എന്നറിയപ്പെടുന്ന എസ്-400 വ്യോമ പ്രതിരോധ സംവിധാനം. യുഎസിന്റെ ഉപരോധ ഭീഷണി മറികടന്നാണ് 2018ല്‍ റഷ്യയില്‍ നിന്ന് അഞ്ച് എസ്-400 യൂണിറ്റുകള്‍ വാങ്ങാന്‍ ഇന്ത്യ കരാറില്‍ ഒപ്പുവച്ചത്. 600 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും തിരിച്ചറിയാനും 400 കിലോമീറ്റര്‍ വരെ അകലെ വച്ച് അവയെ തകര്‍ക്കാനും ശേഷിയുള്ള എസ്-400 വ്യോമ പ്രതിരോധ സംവിധാനം നിലവില്‍ ജമ്മു കശ്മീരിലെ പഠാന്‍കോട്ടിലും രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലുമാണ് വിന്യസിച്ചിട്ടുള്ളത്.
ഒരേസമയം വ്യത്യസ്ത ലക്ഷ്യങ്ങള്‍ ഭേദിക്കാനുള്ള ശേഷിയുണ്ടെന്നത് എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പ്രധാന സവിശേഷതയാണ്. പാക്ക് പ്രകോപനത്തിനു തിരിച്ചടിയായി ഇന്ത്യ, പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ യൂണിറ്റുകളെ ലക്ഷ്യമിട്ട് നടത്തിയ പ്രത്യാക്രമണത്തില്‍ ഇസ്രയേല്‍ നിര്‍മിത ഹാരോപ് കമികസെ ഡ്രോണുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ആക്രമണത്തില്‍ ലഹോര്‍, സിയാല്‍കോട്ട് എന്നിവിടങ്ങളിലെ പാക്കിസ്ഥാന്റെ എച്ച്ക്യു-9 മിസൈല്‍ പ്രതിരോധ സംവിധാനത്തിന് കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. ചൈനയില്‍ നിര്‍മിച്ചതാണ് എച്ച്ക്യു-9 മിസൈല്‍ പ്രതിരോധ സംവിധാനം.