Kerala Pranamam

‘പാര്‍ട്ടിയില്‍ ജീര്‍ണതകള്‍ രൂപപ്പെട്ടുവരുന്നു, തെറ്റായ പ്രവണതകള്‍ തിരുത്തി മുന്നോട്ട് പോകും’; എം വി ഗോവിന്ദന്‍

സമ്മേളനകാലത്ത് സിപിഐഎമ്മിനെ വലയ്ക്കുന്ന വിഭാഗീയത പരിഹരിക്കാന്‍ സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടി ശെരിയായ നിലപാട് സ്വീകരിച്ചുകൊണ്ട് മാത്രമാണ് മുന്നോട്ട് പോകുക. തെറ്റായ പ്രവണതകള്‍ ഏത് മേഖലയില്‍ ഉണ്ടായാലും അതിനെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടിക്കില്ല. കരുനാഗപ്പള്ളിയില്‍ ഉണ്ടായത് തെറ്റായ പ്രവണതയാണ്, അത് തിരുത്താന്‍ ആവശ്യപ്പെട്ടിരുന്നു അതിനുള്ള നിലപാടും സ്വീകരിച്ചതാണ് സമ്മേളനങ്ങള്‍ ആരംഭിച്ചിട്ടും തെറ്റായ കാര്യങ്ങളാണ് നടന്നത് ഇക്കാര്യങ്ങള്‍ പാര്‍ട്ടിക്ക് ഗുണകരമായ കാര്യമല്ലെന്ന് മനസിലാക്കിയതുകൊണ്ടാണ് ആ ഏരിയ കമ്മിറ്റിയെ പുനഃസംഘടിപ്പിച്ചതും പുതിയ അഡ്ഹോക് കമ്മിറ്റി നിലവില്‍ വന്നിട്ടുള്ളതെന്നും അദ്ദേഹം ട്വന്റി ഫോറിനോട് വ്യക്തമാക്കി. യാതൊരു മുന്‍വിധിയും ഇല്ലാതെ കൃത്യമായ മൂല്യങ്ങള്‍ പരിശോധിച്ച് അഡ്ഹോക് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കൂടി കിട്ടുന്നതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാവും.
പാര്‍ട്ടിയില്‍ ജീര്‍ണതകള്‍ പല രീതിയില്‍ രൂപപ്പെട്ടുവരുന്നുണ്ട്. അതിനെ എങ്ങിനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രധാനം. വിമര്‍ശനങ്ങള്‍ വേണം. പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രകളില്‍ പാര്‍ട്ടി സംഘടാപരമായ ഏറ്റവും പ്രധാനപ്പെട്ട കരുത്ത് വിമര്‍ശനവും സ്വയം വിമര്‍ശനങ്ങളുമാണ്. പാര്‍ട്ടിക്കകത്തെ വിമര്‍ശനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന നിലപാടാണ് സ്വീകരിക്കുന്നത്. വിമര്‍ശനങ്ങള്‍ ജനാധിപത്യ രീതിയില്‍ കൈകാര്യം ചെയ്യും. പല മാധ്യമങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത് അജണ്ടയുടെ ഭാഗമായ ചര്‍ച്ച മാത്രമാണ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
CPIMല്‍ നിന്ന് BJPയില്‍ പോകുന്നതിലൊന്നും അദ്ഭുതമില്ല, ഇത് പാര്‍ട്ടി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന കാര്യമാണ്. ആലപ്പുഴയിലെ ബിപിന്‍ സി ബാബു മതനിരപേക്ഷതയ്ക്കായി ബിജെപിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞതിനോടൊന്നും മറുപടിപറയേണ്ട ആവശ്യം പാര്‍ട്ടിക്കില്ല. അതില്‍ ഒരു ഉത്കണ്ഠയും ഇല്ല. കുറച്ചുകാലമായി അദ്ദേഹവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുകയാണ്. അദ്ദേഹത്തിന്‌ന്‍െ ഭാര്യയുടെ പരാതിയില്‍ പാര്‍ട്ടി നടപടി എടുത്തതിനെ തുടര്‍ന്നാണ് ബിജെപിയിലേക്കുപോയത്. അതില്‍ കൃത്യമായ നിലപാട് സ്വീകരിക്കാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകില്ല. അച്ചടക്ക നടപടി ഇനിയും തുടര്‍ന്ന് മുന്നിലേക്ക് കൊണ്ടുപോകുന്ന സാഹചര്യത്തില്‍ രക്ഷപെടാന്‍ വേണ്ടിയുള്ള ഒരു മാര്‍ഗമായി ബിപിന്‍ സി ബാബുവിന്റെ ബിജെപി പ്രവേശനത്തെ കണ്ടാല്‍ മതി.അല്ലാതെ ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയമോ മതനിരപേക്ഷ ഉള്ളടക്കമോ ഇല്ല. പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനങ്ങള്‍ വളരെ നന്നായി തന്നെ പൂര്‍ത്തിയാകും. ജനകീയമായ രീതിയില്‍ വലിയ മുന്നേറ്റത്തോടുകൂടി സമ്മേളനം സംഘടിപ്പിക്കപ്പെടുക തന്നെ ചെയ്യുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. സമ്മേളന കാലത്ത് പാര്‍ട്ടിക്കകത്ത് നടപടി പതിവല്ല. സമ്മേളനം കഴിഞ്ഞ് എടുക്കുന്ന നടപടിക്കു പകരം അപ്പപ്പോള്‍ മേല്‍ക്കമ്മറ്റി പരിശോധിച്ചു അച്ചടക്കം ഉറപ്പാക്കും.