Kerala Pranamam

പൂർണിമയെ ആ ലേഡീ ഡോക്ടർ വിഷംകൊടുത്ത് കൊന്നതാണോ?

 

ഡോ. രാധാമണി പരമേശ്വരൻ

പ്രഭുവിന് പല പെൺകൊടികളുടേയും സ്വപ്‌നവിഹായിസിൽ ഉലാത്തുവാൻ ഭാഗ്യം സിദ്ധിച്ചു. എന്നാൽ വിധി മറ്റൊന്നായിരുന്നു. വഴിമദ്ധ്യേ കണ്ടുകിട്ടിയ കലാകാരിയോട് തോന്നിയത് പ്രണയത്തിൽ പൊതിഞ്ഞ അനുഭൂതിയാണ്. എല്ലാംകൊണ്ടും വിവാഹത്തിന്റെ പാരമ്യതയിൽ സംതൃപ്തനായി. എന്നാൽ കാലം കരുതിവെച്ച ഒരു ദുരന്ത നാടകത്തിന്റെ തിരശ്ശീല വീഴുമ്പോൾ സ്വന്തം രക്തത്തിൽ പിറന്ന ചോരമണം മാറാത്തൊരു കൈക്കുഞ്ഞും കുറച്ച് അടങ്ങാനൊമ്പരങ്ങളും ബാക്കി.പ്രഭു തന്റെ കഴിഞ്ഞകാല സൗഭാഗ്യങ്ങളും നഷ്ടവസന്തങ്ങളും ഓർത്തെടുക്കാൻ ശ്രമിക്കുന്നു.
അന്ന് പെൺകുട്ടികളുടെ ഫൈനൽ ഭരതനാട്യമത്സരം തുടങ്ങുകയായി. സമയം വല്ലാതെ വൈകിയിരുന്നെങ്കിലും വിശപ്പിന്റെ കടന്നാക്രമണം ഉണ്ടായിട്ടും സദസ്സ് വിട്ടുപോകാനാകാതെ നൃത്തനൃത്യങ്ങൾ ആസ്വദിച്ചിരിക്കേ സ്റ്റേജിൽ ഒരു ദേവലോകനർത്തകി പ്രത്യക്ഷപ്പെട്ടു. അവൾ നാട്യമയൂരിയായിരുന്നു. അത് എന്റെ മനസ്സിനെ വല്ലാതെ ഇളക്കിമറിച്ചു.
ആ അപ്‌സരസുന്ദരി എത്ര ശ്രമിച്ചിട്ടും ഹൃദയത്തിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങുന്നില്ല. ഓർമ്മയായ നാൾ മുതൽ വളരുംതോറും കലയോടുള്ള ഇഷ്ടം കൂടി വന്നെങ്കിലും ഭരതനാട്യം, കുച്ചിപ്പുടി എന്നിവയോട് എന്റെ ശരീരഭാഷ അത്രയ്ക്ക് യോജിക്കുന്നില്ലെന്ന സത്യം തിരിച്ചറിഞ്ഞു. കിടന്നിട്ട് ഉറക്കം വരുന്നില്ല. ഹൗസ്‌സർജൻസി ചെയ്യുന്ന കൂടെയുള്ള കോമളവും, കലയും രണ്ടു സുന്ദരികളാണ് ക്ലാസ്സിൽ. പ്രണയസാഗരങ്ങളിൽ അവർ എന്നെ മുക്കിപ്പിഴിഞ്ഞെങ്കിലും രക്ഷപ്പെട്ടു നടന്നത് ഒരുപക്ഷേ ഈ കുട്ടിക്കുവേണ്ടിയാകണം. അമ്മയോട് വെറുതെ കയറി പറയാനും പറ്റില്ലല്ലോ. അവരുടെയെല്ലാം നോട്ടത്തിൽ അവൾ ഏതോ ഒരു ഡാൻസ്‌കാരി മാത്രം. ആ മുഖത്ത് വിരിയുന്ന ഭാവങ്ങൾ, പുഞ്ചിരിയെല്ലാം മറക്കാനാവുന്നില്ല. ഏതോ നല്ല കുടുംബത്തിൽ ജനിച്ചവൾ തന്നെ. അല്ലാത്തപക്ഷം എന്നെ വീട്ടിൽനിന്നും ചവിട്ടി പുറത്താക്കും. വല്ല തമ്പുരാട്ടിയോ, ബ്രാഹ്മണിയോ വല്ലതും ആയിരുന്നാൽ ഈഴവ സമുദായത്തിലെ എന്നെ അവരുടെ വീട്ടുകാർ ഗുണ്ടകളെ വിട്ട് കൊല്ലിക്കും. ഈ നശിച്ച ജാതിയും മതവും ഏതു വഴിയാണോ ഈ നാട്ടിൽ ഇത്ര കൊടിചൂടിയത്. വെറുത്തു ശപിച്ചുപോയൊരു നിമിഷം. രാത്രിയുടെ നിശ്ശബ്ദതയിൽ അവളുടെ രൂപം പിന്നേയും തെളിഞ്ഞു വന്നുകൊണ്ടിരുന്നു. അവൾക്ക് ഒരു പതിനഞ്ചു വയസ്സിൽ കൂടുതൽ ഉണ്ടാകില്ല. അഴകിന്റെ അനന്തപ്രഭ ചൂടി ഉദിച്ചുനില്ക്കുന്ന ഒരു താരുണ്യ നിറകുടം. ഒറ്റവാക്കിൽ പറഞ്ഞാൽ വിശ്വസുന്ദരി! അവൾ ആരെന്ന് എങ്ങനെ തിരിച്ചറിയും. സ്‌കൂൾ ഏതെന്ന്, പേരെന്തെന്ന് ഹോ ഒന്നുമറിയില്ല, എനിക്ക് ആകെ ചിത്തഭ്രമം ബാധിക്കുന്നു. നേരം വെളുക്കാൻ നിമിഷങ്ങളെണ്ണി കിടന്നു.
പുലരിക്ക് ഉദിച്ചുയരുന്ന സൂര്യതേജസ്സിൽ ഞാൻ കാലത്തുവന്ന പത്രം കോരിയെടുത്തു നെഞ്ചോടു ചേർത്തു. ആ നാട്യതിലകം ആരെന്നു തിരിച്ചറിഞ്ഞു. എന്തു പറയണമെന്നറിയാതെ സന്തോഷം കൊണ്ട് അടുക്കളയിലേക്ക് ഒറ്റയോട്ടം. അമ്മയാണല്ലോ ഈ വീട്ടിലെ പോലീസ്. അവിടെത്തന്നെ എന്റെ നിവേദനം സ്‌നേഹപുരസ്സരം ഏല്പിക്കാമെന്നു തോന്നി. പതുക്കെ അമ്മയായിട്ട് അച്ഛന് സമർപ്പിച്ചുകൊള്ളും. ശരിക്കും എനിക്ക് അല്പം വട്ടാണെന്നു തന്നത്താൻ തോന്നിപ്പോയ നിമിഷം. തലേന്നു രാത്രി എവിടെയോ പത്തു മിനിട്ട് അരങ്ങത്ത് കണ്ടൊരു പെണ്ണ്. അവൾ അവസാനം കുഴഞ്ഞാടിയ ദൃശ്യം’കവചകുണ്ഡലം’ നഷ്ടപ്പെട്ട് മരിച്ചു കർണനായ് അരങ്ങിൽ വീഴുമ്പോൾ മാറിടം ത്രസിക്കുന്നതു കണ്ടിരിക്കാൻ കഴിയാതെ ഞാൻ ഇറങ്ങി നടന്നു.
എല്ലാം ഒരു മായപോലെ ഇന്നലെ കണ്ടകാഴ്ച അമ്മയെ പറഞ്ഞു ധരിപ്പിച്ചു. കേട്ടപ്പോൾ ആ കുട്ടിയെ നന്നായി ഇഷ്ടപ്പെട്ടന്നു തോന്നി അമ്മയ്ക്ക്. കൂടുതൽ അറിയാനായിട്ട് അച്ഛനെ തന്നെ ആ സ്‌കൂളിലേക്ക് അയച്ചതും അമ്മതന്നെ. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നും ഒരു കുഞ്ഞുഡോക്ടറായി ഇറങ്ങാനും ഏതാണ്ടിനി ഒരു മാസം മാത്രം ബാക്കി എനിക്ക്. പ്രാക്ടീസെല്ലാം അച്ഛന്റെ സ്വന്തമായുള്ള ക്ലിനിക്കിൽ തന്നെ. ഞാൻ പഠിച്ചിറങ്ങിയിട്ടു വേണം കുറച്ചുകൂടി വിപുലമാക്കി ഹോസിപ്റ്റൽ ഉയർത്തേണ്ടിയിരിക്കുന്നതും. അച്ഛന്റെ ആഗ്രഹത്തിനു വഴങ്ങി ഈ മകനും അതിനോട് യോജിക്കയായിരുന്നു.
അങ്ങനെ എന്റെ മോഹവല്ലരിയിൽ പ്രണയം വിരിയാൻ തുടങ്ങി. പക്ഷേ, ഒരു നിയമപ്രശ്‌നം. അവൾക്ക,് പൂർണ്ണിമയ്ക്ക് പതിനാറ് വയസ്സേ ആയിട്ടൊള്ളു. പത്താംതരം പരീക്ഷ കഴിഞ്ഞിട്ടുടൻ വാക്ക് ഉറപ്പിക്കലായിരുന്നു. പ്രണയത്തിന്റെ ആദ്യാക്ഷരങ്ങൾ കൂട്ടിയെഴുതി കത്തുകൾ കൈമാറി. കണ്ടും സ്‌നേഹം പങ്കുവച്ചും ദിവസങ്ങൾ ചിറകുവച്ചു പറക്കുന്നു. അവൾ പ്രീഡിഗ്രി ഒന്നാം വർഷം പൂർത്തിയാകുമ്പോഴേക്കും കാത്തിരിപ്പിന്റെ വിരസത രണ്ടുപേരിലും കൂടിക്കൂടി വന്നു.
സംഗതി കുറിക്ക് കൊണ്ടപോലെ അധികം താമസിയാതെ കല്യാണം പൊടിപൊടിക്കാമെന്ന അച്ഛന്റെ മുന്നറിയിപ്പ്. അത് അമ്മ അറിയിക്കുമ്പോൾ സന്തോഷത്താൽ തുള്ളിച്ചാടി. അന്നു വൈകുന്നേരം ഞാനും അമ്മയും വല്യച്ഛന്റെ മോളും കൂടി അമ്പലപ്പുഴ, അവളുടെ വീട്ടിലേക്ക് ഒരു യാത്ര പോയി. ഞങ്ങളെ കണ്ടപ്പോൾ അവളുടെ മുഖം ഒന്നുകൂടി പ്രകാശിച്ചു. കണ്ണുകളിൽ നടനം തുളുമ്പി, ചുണ്ടുകളിൽ സ്‌നേഹം ത്രസിച്ചു. സന്ധ്യാസമയത്ത് പശ്ചിമാകാശത്തിൽ ചുവന്നുതുടുത്ത ഒരു സുവർണ്ണനക്ഷത്രം പോലെ കണ്ട അവളെ നോക്കിനില്ക്കുമ്പോൾ ആ പൊന്മുഖത്തെ ഭാവചലനങ്ങൾ അടുത്തേക്ക് ക്ഷണിക്കും പോലെ. അമ്മയും ചേച്ചിയും താഴെ സ്വീകരണമുറിയിലേക്ക് പ്രവേശിച്ചെങ്കിലും അക്ഷമനായി ഞാൻ കോണി കയറി മുകളിൽ അരങ്ങിൽ എത്തിനിന്നു. പ്രണയത്തിന്റെ സുഖകരമായൊരു വേലിയേറ്റം സാഫല്യത്തിലെത്തി നില്ക്കുമ്പോഴുണ്ടാകുന്ന വൈകാരികത ഞങ്ങളിലേക്ക് മെല്ലെ അലിഞ്ഞു ചേർന്നു. ചടുലമായ നൃത്തച്ചുവടുകളിൽ ലയിച്ചിരിക്കുമ്പോൾ സ്വയം പറഞ്ഞു. ഞാൻ ഭാഗ്യവാനാണ് .അംഗലാവണ്യം നിറഞ്ഞുതുളുമ്പി റോസാപുഷ്പത്തിന്റെ നിറവും ആരേയും വശീകരിക്കാൻ ഊർജ്ജം പകരുന്ന കണ്ണുകളും. നിതംബത്തിൽ കിടന്നുലയുന്ന നീണ്ട ഇടതൂർന്ന മുടി! ചെറുപ്പം മുതലേ നാട്യരംഗത്ത് സജീവമായി വ്യാപരിച്ചിട്ടാകാം. അതാകും ഇത്രയും മെയ്‌വഴക്കം. എന്നെ ഒരു ദേവലോകത്തേക്കാനയിക്കുമ്പോലെ രംഗം.
കാത്തിരിപ്പ്, അതൊരു സുഖമുള്ള നോവാണ്. അങ്ങനെ ഒന്നുരണ്ടുവർഷം കടന്നുപോയി. ഞങ്ങളുടെ ജീവിതത്തിന്റെ വസന്തോത്സവം വരവായി. വിവാഹം എന്ന മംഗളകർമ്മത്തിനു സാക്ഷിയാകാൻ ധാരാളം പ്രമുഖർ വന്നെത്തിയിരുന്നു. എന്റെ മോഹവലയത്തിൽ കടക്കാൻ കഴിയാത്ത ചില ചങ്ങാതിമാർ ചടങ്ങിൽ നിന്നു വിട്ടുനിന്നതും എല്ലാവരിലും ഏറെ ശ്രദ്ധേയമായി.
പുതുലഹരിയിൽ പൗർണ്ണമിയിൽ ഉദിച്ചുയർന്ന തിങ്കൾപോലെ പൂർണ്ണിമ എന്റെ മുൻപിൽ വിളങ്ങിയ കാലം. നിതാന്തമായൊരു നിർവൃതിയിൽ ഇഴുകി ഞങ്ങൾ പരസ്പരം ഒന്നായി. സ്‌നേഹത്തിന്റെ സമൃദ്ധിയിൽ രണ്ടാളും സമ്പന്നരായിരുന്നു. അവളുടെ പഠനം ഒരു കാരണവശാലും മുടങ്ങരുതെന്ന നിർബന്ധം അവളിലുപരി എനിക്കായിരുന്നു. പൂർണ്ണിമ ഈ ഹോസ്പിറ്റലിലെ ഒരു ഡോക്ടറായി വരുന്നതും സ്വപ്‌നം കാണാൻ തുടങ്ങിയ കാലം.ഒറ്റദിവസംപോലും പിരിഞ്ഞൊരു ജീവിതം മരണം വരെ ഉണ്ടാകരുതെന്നും മനസ്സിലുറപ്പിച്ചു. ഒരു കുഞ്ഞിനെക്കുറിച്ച് പലവട്ടം അവൾ സൂചിപ്പിച്ചിരുന്നെങ്കിലും ഡിഗ്രിവരെയും ക്ഷമിക്കാനുള്ള നിർദ്ദേശം അവൾ അനുസരിക്കയായിരുന്നു. പ്രായത്തിലും വലിപ്പത്തിലും മാത്രമേ അവൾ വളർന്നിരുന്നുള്ളൂ. എപ്പോഴും നിഷ്‌കളങ്കമായൊരു വശ്യത അവളെ കൂടുതൽ തരുണിമയാക്കുമായിരുന്നു.
‘ഞങ്ങളൊക്കെ പ്രായമായി വരുന്നു. വിവാഹം കഴിഞ്ഞിട്ട് മൂന്നു വർഷമാകുന്നു. ഇങ്ങനെ പോയാൽ ഒരു പത്തുവർഷം കഴിഞ്ഞ് മതി കുഞ്ഞുങ്ങൾ എന്നാകും അവൻ പറയുന്നത്. ഒരു കുഞ്ഞിനെ കാണാൻ എന്നെപ്പോലെതന്നെ എല്ലാവരും ആശിക്കുന്നുണ്ട്’. അങ്ങനെ അമ്മയുടെ കലശലായ നിർദ്ദേശങ്ങൾ പൂർണ്ണിമ ഇടയ്ക്ക് എന്നോട് സൂചിപ്പിച്ചിരുന്നു. ഓർമ്മയിൽ എന്നും സൂക്ഷിക്കാവുന്ന നല്ല മുഹൂർത്തങ്ങൾ കടന്നുപൊയ്‌ക്കൊണ്ടിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും നിറഞ്ഞ വേദികളിൽ പൂർണ്ണിമാപ്രഭു നിറഞ്ഞാടിയ കാലം.
അവൾക്ക് മൃണാളിനിസാരാഭായ് പോലെയാകാനുള്ള തൃഷ്ണ നാൾക്കുനാൾ വളരാൻ തുടങ്ങി. കലയിൽ ഡോക്ടറേറ്റ്, പ്രത്യേകിച്ചും ഭരതനാട്യത്തിൽ, കഥകളിയിൽ അതെല്ലാമായിരുന്നു മോഹം. ഡിഗ്രി കഴിഞ്ഞപ്പോൾ മെഡിസിൻ എൻട്രൻസിന് എഴുതാൻ പ്രേരിപ്പിച്ചെങ്കിലും അതെല്ലാം തീർത്തും ഇഷ്ടമല്ലെന്നു പറഞ്ഞ് പിന്തിരിഞ്ഞു. കൂടുതൽ നിർബന്ധിക്കാൻ എനിക്കും പിന്നെ തോന്നിയില്ല. ഡാൻസിനോടുള്ള പൂർണ്ണിമയുടെ അഭിനിവേശം ഏറിവരുന്ന കാലത്താണ് അവൾക്ക് ഒരു അമ്മയാകാനുള്ള ഭാഗ്യം സിദ്ധിച്ചതും. നീണ്ട നാലര വർഷത്തെ കാത്തിരിപ്പായിരുന്നു ആ വിശേഷത്തിനു മാറ്റുരച്ചത്.
ആ ഇടയ്ക്കാണ് ഡോ. ശോഭാ ബാലഗോപാൽ പുതിയ ഗൈനക്കോളജിസ്റ്റ് ഹോസ്പിറ്റലിൽ ചാർജ് എടുക്കുന്നത്. അച്ഛനായിരുന്നല്ലോ അവിടുത്തെ മുഴുവൻ ഇൻചാർജും, പ്രഥമ ഡോക്ടറും. ഫിസിഷ്യൻ ആയിരുന്നെങ്കിലും എല്ലാ സംഗതികളെയും കുറിച്ച് മെഡിക്കൽ ഫീൽഡിൽ അപാരപാണ്ഡിത്യമായിരുന്നു അച്ഛന്. ഡോ. ശോഭയുമായുള്ള പൂർണ്ണിമയുടെ ചങ്ങാത്തം കൂടുതൽ ഗുണം ചെയ്‌തെന്നുപോലും തോന്നിപ്പോയി. ഞങ്ങൾ തമ്മിലുള്ള സല്ലാപത്തിൽ പലപ്പോഴും ആ സ്ത്രിക്ക് ശരിക്കും അസൂയ ഉണ്ടെന്നും മനസ്സിലായി. ഗർഭത്തിന്റെ പ്രാരംഭദിശയിൽ തീർത്തും ഒരു രോഗിയെപ്പോലെ പൂർണ്ണിമ കിടപ്പിലായി. കുറച്ചു ദിവസങ്ങൾക്കുശേഷം വീണ്ടും പഴയതിലും പുതുമയോടെ അവളിൽ പുതുപുലരികൾ തെളിയുന്നതും അറിയാൻ തുടങ്ങി. എല്ലാവർക്കും സന്തോഷം തന്നെ സമ്മാനിച്ച നാളുകൾ.
ഡോ. ശോഭയുടെ ദിനംപ്രതിയുള്ള സാമീപ്യം ഞങ്ങളിൽ പുത്തൻ ഉണർവ്വുകൾ നിറച്ച ിരുന്നു. പൂർണ്ണിമയുടെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുവായിരുന്നു അവർ. വിശ്രമസമയങ്ങൾ, വിനോദങ്ങൾ എല്ലാം എഴുതി തന്നെ കൊടുക്കയുണ്ടായി. മനസ്സിന് എപ്പോഴും ഉല്ലാസമേറുന്ന ജീവിതചര്യകൾ, ബേബികെയർ പുസ്തകങ്ങൾ, പ്രസവം എങ്ങനെ ആസ്വദിക്കാം തുടങ്ങിയ പലതും അവളെ കൂടുതൽ ഉന്മേഷവതിയാക്കി.
അപ്പോഴേക്കും എഴാം മാസം. പ്രസവത്തിനായി അവളുടെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന തീരുമാനം വന്നു. പക്ഷേ, ഞാൻ സമ്മതിച്ചില്ല. പഴയ മാമൂലൊന്നും വേണ്ടെന്ന നിർബന്ധത്തിൽ അതൊഴിവാക്കി. ഇവിടെയാകുമ്പോൾ എപ്പോഴും വേണ്ടത്ര ശ്രദ്ധയും ഉണ്ടാകുമെന്ന എന്റെ അച്ഛന്റേയും അമ്മയുടേയും ആവേശത്തിനു മുൻപിൽ ആ ചടങ്ങ് വളരെ ലഘൂകരിച്ചു. മാസങ്ങൾക്കു മുൻപേതന്നെ അമ്മയുടെ ലാളനയ്ക്ക് മുൻപിൽ അവളൊരു കുഞ്ഞായി മാറി. ഒരു രാത്രിയൊഴിച്ച് ഒരിക്കലും ഞങ്ങൾ പിരിഞ്ഞ് നിന്നിട്ടില്ല. പ്രസവത്തിനു തലേന്നാൾ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ആ മുഖം അല്പം വാടിയതായി തോന്നി.
താമസവും ഹോസ്പിറ്റലും എല്ലാം ഒരു പറമ്പിൽ ആയിരുന്നതിനാൽ കൂടുതൽ സൗകര്യമായിരുന്നു. അവളുടെ പ്രസവത്തിന് ലേബർറൂമിന്റെ ഉള്ളിൽ ഞാനും ഉണ്ടായിരുന്നു. കുട്ടി ആണാണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിലും ആരും പുറത്ത് പറഞ്ഞില്ല. പൂർണ്ണിമയ്ക്ക് പെണ്ണാകണമെന്നായിരുന്നു പ്രാർത്ഥനയെങ്കിലും എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഒരു താല്പര്യവും ഇല്ലായിരുന്നു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് നോർമൽ ഡെലിവറിയിലൂടെ അതു സംഭവിക്കയായി. ഈ പ്രപഞ്ചത്തിലേക്ക്് മകൻ ജനിച്ചുവീഴുന്ന ധന്യമുഹൂർത്തം. ഞങ്ങളുടെ കുഞ്ഞ് പിറന്നു. വിസ്മയംപോലെ ഇപ്പോഴും. ചോരയിൽ കുളിച്ച് വിറയ്ക്കുന്ന ചുണ്ടുകൾ വിതുമ്പിക്കരയുന്നിളം പൈതൽ. ഞങ്ങൾ തമ്മിലുള്ള സ്‌നേഹകടലിനു മതിലുകൾ ഇല്ലായിരുന്നു. അതിലൂടെ അസൂയപ്പെടുന്നവർ കൂട്ടത്തിൽ കീടങ്ങളായി പിറവി എടുത്തിരുന്നതായറിയില്ലായിരുന്നു. ഡോ.ശോഭയുടെ സാമീപ്യം അപകടകരമാണെന്ന സത്യം തിരിച്ചറിയാൻ വൈകിപ്പോയി. അപ്രതീക്ഷിതമായി പിന്നെ എന്താണ് അന്നു നടന്നത്?
അന്നേദിവസം വേദുകുളികഴിഞ്ഞപ്പോൾ പൂർണ്ണിമയ്ക്ക് എന്തോ ഒരു ദേഹാസ്വാസ്ഥ്യം. കുളിരുപോലെയെന്നു പറഞ്ഞ് അല്പം കഴിഞ്ഞപ്പോഴേക്കും ശരീരം പൊള്ളുംപോലെ ചൂടും. മറ്റു നാട്ടുമരുന്നുകൾ മുഴുവനും തല്ക്കാലം നിർത്തിയെങ്കിലും രാത്രി മുഴുവൻ വല്ലാത്ത അസ്വസ്ഥത കാലത്ത് ഡോ.ശോഭ വന്നു പരിശോധിച്ചപ്പോൾ വൈറൽപനിയാണ്, പൊടിയരിക്കഞ്ഞി മാത്രം കൊടുത്താൽ മതിയെന്നും പറഞ്ഞു.
അതിനിടയ്ക്ക് അച്ഛൻ എന്നെ ഹോസ്പിറ്റലിലേക്ക് വിളിപ്പിച്ചതും നിർഭാഗ്യമായി. ഞാൻ അവിടുന്നു പോരുമ്പോൾ അവൾ എഴുന്നേറ്റ് കട്ടിലിൽ ഭിത്തിയിൽ തലയിണ ചാരിയിരുന്ന് കഞ്ഞി കുടിക്കാൻ തയ്യാറാകുന്നതും കണ്ടതാണ്. പിന്നെ പെട്ടെന്ന് എന്താണ് സംഭവിച്ചതെന്നറിയില്ല. ഒരു ബഹളം കേട്ട് ഓടിയെത്തുമ്പോഴേക്കും അവൾ കുഴഞ്ഞ് ഒരു വശത്തേക്ക്, അമ്മയുടെ മടിയിലേക്ക് വീഴുന്നതാണ് ഞാൻ കാണുന്നത്. നോക്കുമ്പോൾ തറയിൽ മുഴുവൻ കുടിച്ച കഞ്ഞി ഛർദ്ദിച്ചിട്ടിരിക്കുന്നു. വലതുകൈ ഉയർത്തി എന്തോ പറയാൻ ശ്രമിച്ചെങ്കിലും നാവുകൂഴഞ്ഞ് പെട്ടെന്നു കണ്ണുകളടഞ്ഞു. കൈ കട്ടിലിൽ പതിയും മുൻപ് ഞാൻ എത്തി പിടിച്ചു. ‘മോളെ’യെന്ന എന്റെ നിലവിളി കേൾക്കാൻ നിന്നില്ല അവൾ. കോരിയെടുത്ത് എന്റെ ദേഹത്തേക്ക് ചേർത്തുപിടിച്ചു. എല്ലാവരും സ്തംഭിച്ചു നിൽക്കുമ്പോൾ വാക്കുകൾ വിറങ്ങലിച്ച് ഒരു ശവംപോലെ ഞാനും. പിന്നെ എനിക്ക് ഒന്നും ഓർമ്മയില്ല. എന്റെ എല്ലാമെല്ലാമായിരുന്ന അപ്‌സരസ്സ് സ്വർഗ്ഗത്തിലേക്ക് മടങ്ങിയിരിക്കുന്ന സത്യം ഉൾക്കൊള്ളാനാകാതെ ഏറെനാൾ ഞാൻ ഏതോ ഭ്രാന്താസ്പത്രിയിൽ കുടുങ്ങി.
പാവം, അവൾ കൊലചെയ്യപ്പെടുകയായിരുന്നു. കേസ് പലവഴിക്ക് തിരിഞ്ഞു. ഒരു സത്യാന്വേഷണം കാംക്ഷിച്ച് തളർന്ന് വീട്ടിൽ ഒരു വർഷകാലം ഞാനും. മുറ്റത്ത് അവളുടെ ‘എന്റെ പൂർണ്ണിമ’യുടെ ശവകുടീരം കാണാമായിരുന്നു. മോൻ അപ്പോഴേക്കും പിച്ചവയ്ക്കാൻ തുടങ്ങിയിരുന്നെങ്കിലും ഒന്നും എനിക്ക് സന്തോഷം തന്നില്ല. ശരീരത്തിന്റെ തളർച്ച മരുന്നുകൊണ്ട് മാറി തുടങ്ങിയെങ്കിലും, മനസ്സ് തളർന്നു. ആ മാരകമായ മുറിവിന്റെ വേദന തിന്നു എത്രനാൾ എന്നത് പൂരിപ്പിക്കാൻ കഴിയാത്തൊരു സമസ്യയായി തുടർന്നു. മരിക്കാൻ പലവട്ടം ഒരുങ്ങിയെങ്കിലും അവിടെയും പരാജയമായിരുന്നു. പലപ്പോഴായി എടുത്തിട്ടുള്ള ഫോട്ടോകൾ ഭിത്തിയിൽ തൂങ്ങിനിന്ന് എന്നെ ആശ്വസിപ്പിക്കുംപോലെ. അവൾ ആ ദുർദിനത്തിൽ അവസാനമായി കുടിച്ച പൊടിയരിക്കഞ്ഞിയിൽ വിഷം കലർന്നിരുന്നു. ആ സംശയം പിന്നീട് ബലപ്പെട്ടു. എല്ലാം വിളിച്ചുപറയാനാകാതെ അവളുടെ നാവും അന്ന് കുഴഞ്ഞുപോയി.
ഒരിക്കലും മടങ്ങിവരില്ലെന്നറിഞ്ഞിട്ടും ആ സാമീപ്യം കൊതിച്ച് ഡാൻസിന്റെ കാസെറ്റുകൾ കണ്ടു കണ്ട് ദിവസങ്ങൾ ഉന്തുകയായിരുന്നു. ‘ആ വിപത്ത് എങ്ങനെ? ‘സംശയങ്ങൾ ബാക്കിവച്ച് മരണത്തിന്റെ സത്യം അടുത്തറിയാൻ… ഒരു കാത്തിരിപ്പ്. ആ കേസെല്ലാം ഞാനായിട്ട് മതിയാക്കി. തെളിവുകൾ ശക്തമല്ലായിരുന്നു. പുറത്ത് പലരും പലതും പറഞ്ഞു. എന്റെ പൂർണ്ണിമയെ ആ ലേഡിഡോക്ടർ കൊന്നതാണെന്ന് വിശ്വസിക്കുന്നുണ്ടിപ്പോഴും ഇവിടെയുള്ളവർ. അവർക്ക് എന്നോടുള്ള സ്വപ്‌നസാഫല്യത്തിനുവേണ്ടി ചെയ്ത ഒരു നിഷ്ഠൂരകർമ്മം. അവരെ പിന്നെ ഞാൻ കണ്ടിട്ടില്ല.
പോലീസ് വന്നതും പോയതും എഫ്.ഐ.ആർ എടുത്തതും എല്ലാം ഞാൻ അറിഞ്ഞത് കുറച്ച് മാസങ്ങൾക്കു ശേഷം. പൂർണ്ണിമയുടെ അവസാനകർമ്മങ്ങൾക്ക് സാക്ഷിയാകാനൊന്നും ഞാൻ അവിടെയുണ്ടായില്ല. ആ കണ്ണിലെ കൃഷ്ണമണികൾ അല്പാല്പമായി മറിഞ്ഞു എന്റെ ശരീരത്തിലേക്ക് വീഴുമ്പോൾ…. എന്റെ ആത്മാവും അവളോടൊപ്പം മരിച്ചുപോയി. ഒരു നൂറു ജന്മം ഒന്നിച്ചു ജീവിച്ചാൽ കൊടുക്കാവുന്ന സൗഭാഗ്യം അവൾക്കു കൊടുത്തിരിന്നു, എല്ലാം തിരികെ തന്ന് മതിയാക്കി പോകുമ്പോൾ എന്തോ പറയാൻ ശ്രമിച്ചെങ്കിലും ഒന്നിനും കഴിയാതെ ഒരു വാക്കുപോലും ഉരിയാടാതെ എന്നെയും മോനേയും വിട്ടവൾ പോയി.
സയനൈഡ് പോലുള്ള ഏതോ മാരകവിഷം തന്നെയെന്നാണ് പറഞ്ഞു കേട്ടതും. എങ്ങനെ അവളുടെ ഉള്ളിൽ അത് ചെന്നെത്തിയെന്നത് ഇപ്പോഴും അമ്പരപ്പാണ്. സംശയത്തിന്റെ നിഴലിൽ ഡോ. ശോഭയെ പലവട്ടം പോലീസ് ചോദ്യം ചെയ്തു. ഈ തളർച്ചയിൽ നിന്നും എനിക്കൊരു മോചനം വേണമെന്നു ആഗ്രഹിച്ചു മരണവും കാത്ത് ഞാനും. ഇപ്പോഴും എന്റെ പൂർണ്ണിമ മാത്രമേ ഈ ഹൃദയത്തിലൊള്ളൂ. കൈവിട്ട ഭാഗ്യം കിട്ടാകനിയെന്നറിഞ്ഞിട്ടും കണ്ടു കൊതിതീരാത്ത അവളെ അന്വേഷിക്കുന്നു. ഞങ്ങൾ ഒരുമിക്കുന്ന പുണ്യജന്മവും കാത്ത് പാതിമരിച്ച ശരീരവും മനസ്സും ബാക്കിയാക്കി മധുവും മലരും പോലെ ഞങ്ങളുടെ ആത്മാക്കൾ തമ്മിൽ മുട്ടിയുരുമ്മുന്നുണ്ടിപ്പോഴും.

ഡോ. രാധാമണി പരമേശ്വരൻ
9387490909