പെയ്യട്ടെ റണ്‍ മഴ: ഇന്ത്യ- ആസ്‌ട്രേലിയ രണ്ടാം ട്വന്റി20 ഇന്ന് കാര്യവട്ടത്ത്
തിരുവനന്തപുരം: ഇന്ത്യ-ആസ്‌ട്രേലിയ രണ്ടാം ട്വന്റി20 മത്സരത്തിന് ടോസ് വീഴാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മലയാളി ക്രിക്കറ്റ് ആരാധകരുടെ നെഞ്ചുലച്ച് കാര്യവട്ടത്ത് വീണ്ടും മഴ ഭീഷണി.കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനങ്ങളെപ്പോലും കാറ്റില്‍പ്പറത്തി ശനിയാഴ്ച ഉച്ചയോടെ പെയ്തിറങ്ങിയ മഴയില്‍ ആസ്‌ട്രേലിയന്‍ ടീം പാതിവഴിയില്‍ പരിശീലനം ഉപേക്ഷിച്ച് മടങ്ങി. എന്നാല്‍, ഒരുമണിക്കൂറിനു ശേഷം മഴ ശമിച്ചതോടെ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ വൈകീട്ട് അഞ്ചോടെ പരിശീലനത്തിന് ഇറങ്ങി. ഞായറാഴ്ച രാത്രി ഏഴുമുതലാണ് മത്സരം.ട്വന്റി20 മത്സരങ്ങള്‍ക്കായി ഇന്ത്യയിലെ ഭൂരിഭാഗം ഗ്രൗണ്ടുകളും ബാറ്റര്‍മാര്‍ക്ക് വളരാനുള്ള വളക്കൂറുള്ള മണ്ണാണ് ഒരുക്കാറെങ്കിലും ഗ്രീന്‍ഫീല്‍ഡിലെ ട്വന്റി20മത്സരങ്ങളുടെ അനുഭവം വ്യത്യസ്തമാണ്. കഴിഞ്ഞ മൂന്ന് ട്വന്റി20യിലും കാര്യവട്ടത്ത് 175 മുകളില്‍ റണ്‍സ് അടിക്കാന്‍ ഒരു ടീമിനും സാധിച്ചിട്ടില്ല. 2022 സെപ്റ്റംബര്‍ 28ന് ഇവിടെ നടന്ന അവസാന ട്വന്റി20 ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്ക് ഇന്ത്യക്കെതിരെ അടിച്ചെടുക്കാന്‍ സാധിച്ചത് 106 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അതുകൊണ്ടുതന്നെ ഗ്രീന്‍ഫീല്‍ഡിലെ പിച്ചുകളെ ലോ സ്‌കോറിങ് പിച്ചുകളായും ബൗളര്‍മാരുടെ പറുദീസയുമായാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ വിലയിരുത്തുന്നത്.ലോകകപ്പിനോട് അനുബന്ധിച്ച് ഐ.സി.സി പുറത്തിറക്കിയ ബുക്ക്‌ലെറ്റിലും കാര്യവട്ടത്തിനെതിരെ ഇത്തരമൊരു വിധിയെഴുത്തുണ്ടായിരുന്നു. ഇത്തരം ‘അപവാദ’ങ്ങളെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിലാണ് ഇത്തവണ കേരള ക്രിക്കറ്റ് അസോസിയേഷന്‍. അതിനായി ജനുവരിയില്‍ ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തിനായി ഉപയോഗിച്ച പിച്ചാണ് മത്സരത്തിനായി മെരുക്കി എടുത്തിരിക്കുന്നത്. ബാറ്റര്‍മാര്‍ക്ക് ആറാടാന്‍ തയാറാക്കിയിരിക്കുന്ന ഫ്‌ലാറ്റ് വിക്കറ്റില്‍ ബൗളര്‍മാര്‍ക്ക് എന്തെങ്കിലും ആനുകൂല്യം ലഭിക്കണമെങ്കില്‍ അടുത്ത 12 മണിക്കൂറില്‍ കാലാവസ്ഥ ചതിക്കണമെന്ന് കെ.സി.എ ഉറപ്പിച്ച് പറയുന്നു.
ആസ്‌ട്രേലിയക്കെതിരെ അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്ബരയില്‍ ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ ജയവുമായാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലെ യുവ ഇന്ത്യ ഞായറാഴ്ച ഗ്രീന്‍ഫീല്‍ഡില്‍ ഇറങ്ങുക. വിശാഖപട്ടണത്ത് നടന്ന ആദ്യമത്സരത്തില്‍ ആസ്‌ട്രേലിയ ഉയര്‍ത്തിയ 208 റണ്‍സ് ഒരു പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിന് മുന്നോടിയായി ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീം അംഗങ്ങള്‍ക്ക് കൂടുതല്‍ മത്സരങ്ങള്‍ നല്‍കാനുള്ള ശ്രമത്തിലാണ് ടീം മാനേജ്‌മെന്റ്.അതിനാല്‍ ആദ്യമത്സരത്തിലെ 11അംഗ സംഘത്തെതന്നെയാകും രണ്ടാം മത്സരത്തിലും കോച്ച് വി.വി.എസ്. ലക്ഷ്മണ്‍ ഇറക്കുക. അതേസമയം, ആസ്‌ട്രേലിയന്‍ നിരയില്‍ മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. ആദ്യ മത്സരത്തിന് ഇറങ്ങാതിരുന്ന അവരുടെ ഏകദിന ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡ് അന്തിമ ഇലവനില്‍ എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ശനിയാഴ്ച ഗ്രീന്‍ഫീല്‍ഡില്‍ ഹെഡ് ബാറ്റിങ് പരിശീലനത്തിന് ഇറങ്ങിയിരുന്നു. ബൗളിങ് നിരയിലും മാറ്റമുണ്ടായേക്കുമെന്നാണ് സൂചന.
ഇന്ത്യ: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് , ഇഷാന്‍ കിഷന്‍, യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ് കൃഷ്ണ, ആവേഷ് ഖാന്‍, മുകേഷ് കുമാര്‍.ആസ്‌ട്രേലിയ: മാത്യു വെയ്ഡ് (ക്യാപ്റ്റന്‍), ആരോണ്‍ ഹാര്‍ഡി, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്, സീന്‍ അബോട്ട്, ടിം ഡേവിഡ്, നതാന്‍ എല്ലിസ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്സ്വെല്‍, തന്‍വീര്‍ സംഘ, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, മാര്‍കസ് സ്റ്റോയിനിസ്, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, ആഡം സാംപ.വരും മണിക്കൂറുകളില്‍ തിരുവനന്തപുരം ജില്ലയില്‍ മഴ ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഥവാ മഴപെയ്താലും ഒരു മണിക്കൂറിലധികം നീളാനുള്ള സാധ്യത കുറവാണ്. എന്നാല്‍, കളിക്കിടയില്‍ ഒരു മണിക്കൂര്‍ മഴ പെയ്താലും മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ക്യൂറേറ്റര്‍ ബിജു ‘മാധ്യമ’ത്തോട് പറഞ്ഞു. മിനിറ്റുകള്‍ക്കുള്ളില്‍തന്നെ ഗ്രൗണ്ടിലെ വെള്ളം പുറത്തേക്ക് ഒഴുകിപ്പോകുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ കാര്യവട്ടത്ത് നിശ്ചയിച്ചിരുന്ന ഇന്ത്യയുടേതടക്കമുള്ള നാല് ലോകകപ്പ് സന്നാഹമത്സരങ്ങളും മഴയില്‍ ഒലിച്ചു പോയത് ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം നിരാശയിലാഴ്ത്തിയിരുന്നു.