കൊളവേലി മുരളീധരന്‍
അഞ്ഞൂറ് വര്‍ഷത്തെ ചരിത്രമാണ് കേരളത്തിലെ പൊക്കാളികൃഷി പറഞ്ഞുവെക്കുന്നത്. നൂറ്റാണ്ടുകളായി കേരളീയരുടെ വിശപ്പകറ്റിയിരുന്നത് ഒരേസമയം സ്വാദിഷ്ടവും ആരോഗ്യദായകവുമായ ഈ അരിയായിരുന്നു. മലയാള നാടിന്റെ മുഖമുദ്രകളില്‍ ഒന്നായി പൊക്കാളിപ്പാടവും പൊക്കാളി നെല്ലിന്റെ ചോറും മാറുന്നത് അങ്ങിനെയാണ്.
കേരളത്തിന്റെ തനത് നെല്ലെങ്കിലും എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് പൊക്കാളികൃഷി ചെയ്തിരുന്നത്. കോട്ടയം ജില്ലയിലെ വൈക്കം, ചെമ്പ് എന്നീ സ്ഥലങ്ങളില്‍ കുറഞ്ഞ തോതില്‍ കൃഷി നടന്നിരുന്നു. വേമ്പനാട് കായലിന്റെ ഇരുകരകളിലുമാണ് പൊക്കാളി നന്നായി വിളഞ്ഞിരുന്നവെന്നു ചരിത്രം പറയുന്നു. ഉപ്പുരസത്തെ അതിജീവിച്ച് തലയുയര്‍ത്തി നിന്നിരുന്ന നെല്‍ച്ചെടികള്‍ അക്കാലത്ത് മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ കായല്‍ യാത്രികരുടെ പതിവു കാഴ്ചയായിരുന്നു. കായലിലുണ്ടാകുന്ന വെള്ളപ്പൊക്കത്തിലൂടെ എത്തി അടിഞ്ഞുകൂടുന്ന ചേറും ചെളിയും വളമാക്കിയായിരുന്നു പൊക്കാളി നെല്ലിന്റെ വളര്‍ച്ച. ഏറിയും കുറഞ്ഞുമൊക്കെ വര്‍ഷങ്ങളോളം പൊക്കാളികൃഷി അത്തരത്തില്‍ മുന്നോട്ടുപോയി.
വിളനാശവും മറ്റു പ്രശ്‌നങ്ങളുമൊക്കെ കാലാകാലങ്ങളില്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും നൂറ്റാണ്ടുകളായി വലിയ പ്രതിസന്ധികളില്ലാതെ നീങ്ങിയിരുന്ന പൊക്കാളി കൃഷിക്ക് തളര്‍ച്ച അനുഭവപ്പെടുന്നത് അരനൂറ്റാണ്ടിനു മുമ്പാണ്. അന്ന് കേരളത്തില്‍ 26,000 ഏക്കറിലേറെ നെല്‍പ്പാടമുണ്ടായിരുന്നുവെന്നാണ് കണക്ക്. ഇപ്പോള്‍ അത് 10,000 ഹെക്ടര്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു. നിലം നികത്തല്‍ മുതല്‍ തൊഴിലാളി ക്ഷാമം വരെയുള്ള പല പ്രശ്‌നങ്ങളും ഈ ശോഷിപ്പിനു പിന്നിലുണ്ടായിരുന്നു. ഉല്‍പ്പാദനക്ഷമതയിലും കാര്യമായ കുറവുണ്ടായി. അര നൂറ്റാണ്ടിനു മുമ്പ് നെല്ലും മീനുമായി ഒരു ഹെക്ടറില്‍ നിന്ന് രണ്ടര ടണ്‍ വരെ ഉല്‍പ്പാദനം നടന്നുവെങ്കില്‍ ഇപ്പോള്‍ അത് കഷ്ടിച്ച് ഒരു ടണ്‍ മാത്രമാണ്. നെല്‍കൃഷി കഴിഞ്ഞുള്ള ഇടവേളയില്‍ പാടങ്ങളില്‍ നിന്നും തെള്ളി, നാരന്‍, ചൂടന്‍, കാര തുടങ്ങിയ ചെമ്മീന്‍ ഇനങ്ങളും തിരുത, കണമ്പ്, കരിമീന്‍ തുടങ്ങിയ മത്സ്യങ്ങളുമാണ് ലഭിച്ചിരുന്നത്. ഈ കാലത്ത് വിദേശത്ത് നിന്നും വന്ന തിലോപ്പിയ പിന്നീട് കാര്യമായ ആധിപത്യം സ്ഥാപിച്ചു.
എന്നും മഴയെ ആശ്രയിച്ചായിരുന്നു പൊക്കാളികൃഷി നടന്നിരുന്നത്. നിലം ഉണക്കല്‍ മുതലാണ് കൃഷി ഒരുക്കങ്ങള്‍ തുടങ്ങുന്നത്. വരമ്പ് കെട്ടല്‍, ചാലിടല്‍, നിലം കിളയ്ക്കല്‍, മഴ പെയ്തുള്ള ഉപ്പ് നീക്കം ചെയ്യല്‍, കൊത്തല്‍, നിരത്തല്‍ തുടങ്ങി നെല്ല് ചാക്കിലാക്കുന്നതുവരെ പത്തോളം പ്രക്രിയകളാണ് പൊക്കാളികൃഷിയില്‍ നടക്കുന്നത്. തുടര്‍ന്നുള്ള മീന്‍കൃഷിയിലും ഈ പ്രക്രിയകളുടെ എണ്ണം 15 ആയി ഉയരും. തൂമ്പ് വെക്കല്‍, ചാലുകീറല്‍ മുതല്‍ വീശുവല വെയ്പ് എന്നിവ വരെ അവ നീളുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അന്നത്തിനായിരുന്നു പ്രാധാന്യമെന്നതിനാല്‍ നെല്‍കൃഷിക്കായിരുന്നു പ്രാധാന്യം. കിട്ടുന്ന മീന്‍ കറിവെച്ചിരുന്നുവെന്നു മാത്രം. പിന്നീട്, ചെമ്മീന്‍കൃഷിക്കും പ്രാധാന്യം വന്നു തുടങ്ങി. നെല്ലിനും മീനും ഒരേ പ്രാധാന്യമാണുള്ളതെന്നുമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിലപാട്.
പൊക്കാളി – മീന്‍കൃഷിയില്‍വനിതകള്‍ക്ക് എന്നും തൊഴില്‍പരമായി കൃത്യമായ പ്രാതിനിധ്യമുണ്ടായിരുന്നു. കൃഷി സജീവമായിരുന്ന വേളയില്‍ രണ്ട് പ്രക്രിയകളിലുമായി പ്രതിവര്‍ഷം സൃഷ്ടിക്കപ്പെട്ടിരുന്നത് 453 പ്രവൃത്തി ദിനങ്ങളാണെന്നാണ് കണക്ക്. ഇവയില്‍ 265 പുരുഷന്‍മാരായുടെയും 188 സ്ത്രീകളുടെയുമാണ്. പില്‍ക്കാലത്ത് കൊയ്ത്ത് ജോലികളിലും മറ്റും സ്ത്രീകളുടെ ആധിപത്യം വര്‍ദ്ധിച്ചു വന്നു. പഴയ തലമുറയിലെ വിദഗ്ധരായ പല കൊയ്ത്തുകാരും വനിതകളായിരുന്നു.
ഇതെല്ലാം പൊക്കാളികൃഷിയുടെ നല്ലകാലത്തെ കഥകളാണ്. ഇന്നു പക്ഷേ, കഥ വളരെ മാറി. പൊക്കാളിപ്പാടങ്ങള്‍ക്ക് പച്ചപ്പ് ഇല്ലാതായിട്ട് വര്‍ഷങ്ങള്‍ ഏറെയായി. പാടശേഖരങ്ങള്‍ കുറഞ്ഞതിനു പുറമെ ഉള്ളവയിലേറെയും തരിശായി കിടക്കുന്നു. കൃഷിയിറക്കാന്‍ പലരും താല്‍പ്പര്യം കാട്ടുന്നില്ല. ഇതിനുകാരണവും ലാഭമില്ലെന്നതുതന്നെ. പൊക്കാളി കര്‍ഷകര്‍ക്ക് കഴിയുന്നത്ര സഹായം നല്‍കാന്‍ ഒരു വശത്ത് സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ട്രേഡ് യൂണിയന്‍ നേതാക്കളുടെ ധാര്‍ഷ്ട്യം പൊക്കാളികൃഷിയോട് കര്‍ഷകര്‍ക്കുള്ള താല്പര്യം ഇല്ലാതക്കുന്നു. എല്ലാ കൂടിച്ചേരുമ്പോള്‍ ഈ മേഖലയുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍ ശക്തമാക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്.