മുസ്‌ലിം സ്ത്രീകളെ വില്‍പനക്ക് വെച്ച ‘ബുള്ളി ബായ്’ ആപ്പ് നിര്‍മിച്ചയാള്‍ അറസ്റ്റില്‍. 21 കാരനായ നീരജ് ബിഷ്‌ണോയിയാണ് പിടിയിലായത്. നേരത്തെ മൂന്നു പേര്‍ ഈ കേസില്‍ അറസ്റ്റിലായിരുന്നു.സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഡിങ് പ്ലാറ്റ്‌ഫോമായ ഗിത് ഹബിലെ ‘ബുള്ളി ബായ്’ എന്ന ആപ്പിലൂടെ നൂറുകണക്കിന് മുസ്‌ലിം സ്ത്രീകളെ ചിത്രസഹിതം ലേലത്തിന് വെക്കുകയായിരുന്നു. പൗരത്വസമരത്തിലടക്കം സജീവമായ സ്ത്രീകളും കാണാതായ ജെ.എന്‍.യു വിദ്യാര്‍ഥി മുഹമ്മദ് നജീബിന്റെ മാതാവ് ഫാത്തിമ നഫീസുമടക്കം ഈ ആപ്പിലൂടെ വിദ്വേഷ പ്രചരണത്തിന് ഇരയായിരുന്നു.ഉത്തരാഖണ്ഡില്‍ നിന്നുള്ള മായങ്ക് റാവല്‍ (21), ശ്വേത സിങ് (18), ബംഗളൂരുവിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥി വിശാല്‍ കുമാര്‍ ഝാ (21) എന്നിവരെ മുംബൈ സൈബര്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.