Kerala Pranamam

മഞ്ഞുരുകിയപ്പോള്‍ 48,500 വര്‍ഷം പഴക്കമുള്ള ‘സോംബി വൈറസ്’ പുറത്ത്

48,500 വര്‍ഷം പഴക്കമുള്ള ‘സോംബി വൈറസ്’-നെ പുനരുജ്ജീവിപ്പിച്ച് ഗവേഷകര്‍. റഷ്യയിലെ സൈബീരിയന്‍ മേഖലയിലെ മഞ്ഞുപാളികള്‍ക്കടിയില്‍ നിന്നെടുത്ത13 വൈറസുകളെ ആണ് യൂറോപ്യന്‍ ഗവേഷകര്‍ കണ്ടെത്തിയത്. സൈബീരിയയിലെ തടാകത്തിന്റെ അടിത്തട്ടില്‍ ഖനീഭവിച്ചു കിടന്നതാണിത്.ഇതിലൊന്നിന് 48,500 വര്‍ഷം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിര്‍ജീവമായ വൈറസുകളെ ഗവേഷകര്‍ പുനരുജ്ജീവിപ്പിക്കുകയായിരുന്നു. ഇവയ്ക്ക് ‘സോംബി വൈറസുകള്‍’എന്നാണ് ഗവേഷകര്‍ നല്‍കിയ പേര്. പെര്‍മാഫ്രോസ്റ്റുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിന്നാണ് 13 സോംബി വൈറസുകളെ പുനരുജ്ജീവിപ്പിച്ചത്.അതേസമയം, തങ്ങള്‍ പഠിച്ച വൈറസുകള്‍ സ്വാഭാവികമായി പുനരുജ്ജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് റഷ്യ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഗവേഷണസംഘം വ്യക്തമാക്കി. പക്ഷേ, മനുഷ്യരെയും മറ്റു ജീവികളെയും ബാധിക്കാന്‍ സാധ്യതയുള്ള വൈറസുകള്‍ പുനരുജ്ജീവിച്ചാല്‍ മാരകമായ രോഗങ്ങളുണ്ടാകാന്‍ സാധ്യയുണ്ടെന്നും ഗവേഷകര്‍ സൂചന നല്‍കി.വര്‍ഷങ്ങളായി പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താഴെ താപനിലയില്‍ പൂര്‍ണമായും തണുത്തുറഞ്ഞുകിടക്കുന്ന മണ്ണിനെയാണ് പെര്‍മാഫ്രോസ്റ്റ് എന്ന് പറയുന്നത്. കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും ആണ് പെര്‍മാഫ്രോസ്റ്റുകള്‍ ഉരുകാന്‍ കാരണം.