Kerala Pranamam

മുഖ്യമന്ത്രിക്കും ഓഫീസിനും സ്വര്‍ണത്തോട് എന്താണിത്ര ഭ്രമം: വി.ഡി. സതീശന്‍

മുഖ്യമന്ത്രിയുടെ ഓഫീസ് അടിമുടി കൊള്ളസംഘത്തിന്റെ കേന്ദ്രമായി മാറിയതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അഴിമതിക്കാരുടെ കൂടാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും അദ്ദേഹം വിമര്‍ശിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിക്കും ഓഫീസിനും സ്വര്‍ണത്തോട് എന്താണിത്ര ഭ്രമം? സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിനും ഗുണ്ടാ സംഘത്തിനും എഡിജിപി പിന്തുണ കൊടുക്കുന്നു. എംഎല്‍എ ഉന്നയിച്ച ആരോപണം ശരിയാണെങ്കില്‍ ആരോപണ വിധേയരെ നിലനിര്‍ത്തി കൊണ്ടാണോ അന്വേഷണം നടത്തേണ്ടത്? ജനങ്ങളെ പറ്റിക്കുകയാണ് സര്‍ക്കാര്‍.തൃശ്ശൂര്‍ പൂരം കലക്കിയത് ഗൂഢാലോചനയാണ്. ഹിന്ദു വികാരം ആളിക്കത്തിച്ച് ബിജെപിക്ക് സഹായം ചെയ്യാനായിരുന്നു അത്. ഒരു രാത്രി മുഴുവന്‍ പൊലീസ് കമ്മീഷണര്‍ അഴിഞ്ഞാടിയിട്ട് പൊലീസിലെ ഉന്നതരോ ആഭ്യന്തര മന്ത്രിയോ അനങ്ങിയോ എന്നും അദ്ദേഹം ചോദിച്ചു.എല്ലാ ആരോപണവും മുഖ്യമന്ത്രിക്ക് നേരെയാണെന്ന് അദ്ദേഹം പറഞ്ഞു. ദുര്‍ബലനാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്ധമെങ്കില്‍ ആരോപണ വിധേയരെ മാറ്റി നിര്‍ത്തുകയെങ്കിലും വേണം. സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെങ്കില്‍ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിലെ പൊലീസ് ഇതുപോലെ ചരിത്രത്തില്‍ ഇതുവരെ നാണംകെട്ടിട്ടില്ല. സ്‌കോട്ലന്റ് യാര്‍ഡിനെ വെല്ലുന്ന പൊലീസ് സംഘത്തെ തകര്‍ത്ത് തരിപ്പണമാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ആരോപണ വിധേയരായ എഡിജിപിയെയും പൊളിറ്റിക്കല്‍ സെക്രട്ടറിയെയും നിലനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണം കേട്ടുകേള്‍വിയില്ലാത്തതാണ്.ഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എഡിജിപിക്കെതിരെ അന്വേഷിക്കുന്ന മറ്റുള്ളവരെല്ലാം ജൂനിയര്‍ ഉദ്യോഗസ്ഥരാണ്. കേരളത്തിലെ സിപിഎമ്മിനെ പിണറായി വിജയന്‍ കുഴിച്ചുമൂടുകയാണ്. സിപിഐഎം ബംഗാളിലേത് പോലെ കേരളത്തില്‍ തകര്‍ന്ന് പോകുന്നത് കോണ്‍ഗ്രസിന് ഇഷ്ടമില്ലെന്നും സതീശന്‍ പറഞ്ഞു.