ഇന്ത്യയുമായി ഉടന് ഒരു വ്യാപാര കരാറില് ഏര്‌പ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധത്തെ പ്രശംസിച്ച അദ്ദേഹം, ‘പ്രധാനമന്ത്രി മോദിയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും’ പറഞ്ഞു. ദക്ഷിണ കൊറിയയില് നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷന് (അപെക്) സിഇഒ ഉച്ചകോടിയില് സംസാരിക്കുകയായിരുന്നു ട്രംപ്. ഞാന് ഉടന് ഇന്ത്യയുമായി ഒരു വ്യാപാര കരാര് ഉണ്ടാക്കുന്നുണ്ട്, എനിക്ക് പ്രധാനമന്ത്രി മോദിയോട് വലിയ ബഹുമാനവും സ്‌നേഹവുമുണ്ട്. ഞങ്ങള് തമ്മില് മികച്ച ഒരു ബന്ധമാണുള്ളത്’ ട്രംപ് പറഞ്ഞു.
‘പ്രധാനമന്ത്രി മോദി കാണാന് നല്ല മനുഷ്യനാണ്. അദ്ദേഹം ഒരു കണിശക്കാരനാണ്’ അദ്ദേഹം കൂട്ടിച്ചേര്ത്തു.
വ്യവസായ പ്രമുഖരുമായി നടത്തിയ ഉച്ചവിരുന്നില് സംസാരിക്കവെ, ഇന്ത്യക്കും പാകിസ്താനുമിടയില് ഒരു ‘യുദ്ധം’ താന് ഒഴിവാക്കിയത് വ്യാപാരത്തിന്റെ പേരില് അവരെ സമ്മര്ദ്ദത്തിലാക്കിയാണെന്ന് ട്രംപ് വീണ്ടും അവകാശപ്പെടുകയും ചെയ്തു.