Kerala Pranamam

രാജീവ് അല്ല ആര് വന്നാലും കേരളത്തില്‍ ബിജെപി രക്ഷപ്പെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രെട്ടറി ബിനോയ് വിശ്വം.

രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായതില്‍ അത്ഭുതം തോന്നുന്നില്ല കാരണം ബിജെപിയുടെ പല സ്ഥാനങ്ങളില്‍ ഇരിക്കുന്നവരും കോര്‍പ്പറേറ്റ് തമ്പുരാക്കന്മാരാണ്. അതുകൊണ്ടുതന്നെ ആ പാര്‍ട്ടിക്ക് പറ്റിയ ആളെയാണ് അവര്‍ സംസ്ഥാന അധ്യക്ഷനാക്കിയത് ബിനോയ് വിശ്വം പറഞ്ഞു.
ബിജെപി എന്താണ് എന്ന് എല്ലാവര്‍ക്കുമറിയാം. രാജീവും താനുമായി പാര്‍ലമെന്റില്‍ ഒരുമിച്ചുണ്ടായിരുന്ന കാലം മുതല്‍ അറിയാം. വ്യക്തിപരമായി നല്ല സുഹൃത്താണ് അദ്ദേഹം. പക്ഷെ സാമ്പത്തിക രംഗത്തും ബിസിനസ് രംഗത്തും അദ്ദേഹത്തിനുള്ള പ്രാവിണ്യം എത്രമാത്രം ബിജെപി രാഷ്ട്രീയത്തിന്റെ കേരളത്തിലെ യാഥാര്‍ഥ്യങ്ങളില്‍ വിലപോകുമെന്ന് അറിയില്ല. കാരണം അത്രമാത്രം കുഴപ്പത്തിലാണ് കേരളത്തില്‍ ബിജെപിയുള്ളത്.
ബിജെപിയില്‍ കുഴല്പണത്തിന്റെ വരവും പോക്കുമുണ്ട്.അതിനെയെല്ലാം ചുറ്റിപറ്റി ഒരുപാട് വിമര്‍ശനങ്ങളും ചര്‍ച്ചകളും നടക്കുന്ന പാര്‍ട്ടിയാണത്. അതിലെല്ലാം എത്രമാത്രം ഇടപെടാനും പഴുതിടാനും രാജീവിന് സാധിക്കുമെന്ന് തനിക്കറിയില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്. സംസ്ഥാന അധ്യക്ഷനാകുന്ന രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച കേരളത്തിന്റെ സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രള്‍ഹാദ് ജോഷി, ഐക്യകണ്‌ഠേനയാണ് രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി തിരഞ്ഞെടുത്തതെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തട്ടെയെന്നും ആശംസിച്ചു.
പ്രവര്‍ത്തകരുടെ സ്‌നേഹവും പിന്തുണയുമാണ് തനിക്ക് ലഭിച്ച ഉത്തരവാദിത്വത്തിന്റെ ശക്തി എന്ന് അധ്യക്ഷ സ്ഥാനമേറ്റ ശേഷം രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. തനിക്കിത് അഭിമാനവും സന്തോഷവും നിറഞ്ഞ നിമിഷമാണെന്നും മോദിക്കും അമിത് ഷായ്ക്കും നന്ദിയുണ്ടെന്നും മുന്നില്‍ ഒരുപാട് വെല്ലുവിളികള്‍ ഉണ്ടെന്നും കേരളം ഇനിയും വളരാനുണ്ടെന്നും നമ്മള്‍ അതിന് നിക്ഷേപം സ്വീകരിക്കണം എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അതിന് യുവാക്കള്‍ക്ക് ഇനിയും തൊഴിലവസരങ്ങള്‍ ഉണ്ടാകണം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മാറിയതുപോലെ കേരളം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.