Kerala Pranamam

രാജ്യത്ത് പാചകവാതക വില കുറഞ്ഞു, പുതുക്കിയ വില പ്രാബല്യത്തില്‍


ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വിലയാണ് എണ്ണക്കമ്പനികള്‍ കുറച്ചത്. 19 കിലോ ഭാരമുള്ള സിലിണ്ടറിന് 24 രൂപയാണ് കുറച്ചത്. പുതുക്കിയ വില പ്രാബല്യത്തില്‍ വരും.
പുതിയ വില നിലവില്‍ വരുന്നതോടെ കൊച്ചിയില്‍ വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില 1729.50 രൂപയാകും. കോഴിക്കോട് 1761.50ഉം തിരുവനന്തപുരത്ത് 1750.50ഉം ആയിരിക്കും പുതിയ വില. പാചക വാതക വിലകള്‍ എല്ലാ മാസവും ഒന്നാം തീയതിയും 15-ാം തീയതിയുമാണ് പരിഷ്‌കരിക്കാറുള്ളത്. അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി മാനദണ്ഡങ്ങള്‍, സപ്ലൈ ഡിമാന്‍ഡ് ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്താണ് എണ്ണ വിപണന കമ്പനികള്‍ എല്ലാ മാസവും വില പരിഷ്‌കരിക്കാറുള്ളത്. രാജ്യാന്തര എണ്ണ വിലയിലുണ്ടായ ഇടിവാണ് രാജ്യത്ത് എല്‍പിജി സിലിണ്ടര്‍ വില കുറയാന്‍ കാരണം. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് മേയില്‍ 15 രൂപയും ഏപ്രിലില്‍ 43 രൂപയും കുറച്ചിരുന്നു.
അതേസമയം, ഒരു വര്‍ഷത്തിലേറെയായി രാജ്യത്ത് ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വിലയില്‍ കാര്യമായ കുറവ് വന്നിട്ടില്ല. ഏപ്രിലില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില കൂട്ടിയിരുന്നു. ഏപ്രിലില്‍ 14.2 കിലോ ഗ്യാസ് സിലിണ്ടര്‍ വില 50 രൂപയാണ് കൂട്ടിയത്. നിലവില്‍ കൊച്ചിയില്‍ 860 രൂപയാണ് ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക വില. കോഴിക്കോട് 861.5 രൂപ, തിരുവനന്തപുരത്ത് 862 രൂപ എന്നിങ്ങനെയാണ് സിലിണ്ടറിന് വില.