Kerala Pranamam

റീബില്‍ഡ് കേരള 2021 ഉദ്ഘാടനം 26 ന്; രാജ്യത്തെ നൂറിലേറെ പ്രമുഖ ജൈവകര്‍ഷകര്‍ പങ്കെടുക്കും

കൊച്ചി: ഇടുക്കിയിലെ ഒരു ലക്ഷത്തിലേറെ കര്‍ഷകര്‍ക്കായി 5900-ഓളം വരുന്ന കര്‍ഷകരുടെ സഹകരണ പ്രസ്ഥാനമായ മണര്‍കാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (മാസ്) നടപ്പാക്കുന്ന ബൃഹദ് പദ്ധതിയായ റീബില്‍ഡ് കേരള 2021-ന്റെ ഉദ്ഘാടനം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലേറെ ജൈവകര്‍ഷക പ്രമുഖരുടെ സാന്നിധ്യത്തില്‍ 2018 നവംബര്‍ 26-ന് ഇടുക്കി ജില്ലയിലെ ഇടിഞ്ഞമലയില്‍ നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരേ സമയം സുഗന്ധവിളകളുടെ ജൈവരീതിയില്‍ തയ്യാറാക്കിയ രണ്ടു ലക്ഷം തൈകള്‍ നട്ടുകൊണ്ടാണ് ഉദ്ഘാടനം പൂര്‍ത്തിയാവുകയെന്ന് മാസ് പ്രസിഡന്റ് ബിജുമോന്‍ കുര്യന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാസിന്റെ ഇടിഞ്ഞമലയിലുള്ള മാതൃകാത്തോട്ടത്തിലും ജില്ലയിലെ രണ്ട് മുനിസിപ്പാലിറ്റികളിലും 52 പഞ്ചായത്തുകളിലുമായി വ്യാപിച്ചു കിടക്കുന്ന ഒരു ലക്ഷത്തോളം ചെറുകിട-ഇടത്തരം കര്‍ഷകരുടെ കൃഷിയിടങ്ങളിലുമായാണ് തൈകളുടെ നടീല്‍ ക്രമീകരിച്ചിരിക്കുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ പത്തു ലക്ഷം തൈകള്‍ നട്ട് ഇടുക്കിയെ ജൈവകൃഷിയുടെ കേന്ദ്രമാക്കാനാണ് മാസ് ഉദ്ദേശിക്കുന്നത്.
തനിമയുള്ള സുസ്ഥിര വികസന മാതൃക എന്ന നിലയിലാണ് റീബില്‍ഡ് കേരള 2021 പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ബിജുമോന്‍ കുര്യന്‍ പറഞ്ഞു. ജൈവകൃഷിയിലൂടെ ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിയിടങ്ങളും ജീവനോപാധികളും പുനര്‍നിര്‍മിക്കുന്നതിനു വേണ്ട പിന്തുണ നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൈവരീതിയില്‍ ഉത്പാദിപ്പിച്ച നടീല്‍ വസ്തുക്കള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്യും. ഇങ്ങനെ പുതിയൊരു കാര്‍ഷിക പരിഷ്‌കരണ മുന്നേറ്റമാണ് മാസ് വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ കേന്ദ്രസ്ഥാനത്തു വരുന്നത് ജൈവവൈവിധ്യത്തിന്റെ നിസ്തുല കേദാരമെന്നു വിളിക്കപ്പെടുന്ന പശ്ചിമഘട്ടമായിരിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെല്ലുവിളികളെ ഫലപ്രദമായി അഭിസംബോധന ചെയ്യുതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. അടുത്തയിടെയുണ്ടായ പ്രളയത്തില്‍ കൃഷിയും ജീവനോപാധികളും നഷ്ടമായ ഇടുക്കിയിലെ കര്‍ഷകര്‍ക്ക് വീണ്ടെടുപ്പിനുള്ള അവസരവും ഇതിലൂടെ ലഭ്യമാകുന്നതാണ്.
വിവിധ സന്നദ്ധ സംഘടനകളെക്കൂടി ഭാഗഭാക്കാക്കുന്ന റീബില്‍ഡ് കേരളയിലൂടെ ഇടുക്കി ജില്ലയിലെ 52 പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലുമായുളള ഒരു ലക്ഷം കര്‍ഷക കുടുംബങ്ങളില്‍ ജൈവകൃഷിയിലൂടെയുള്ള പുനര്‍നിര്‍മാണത്തിന്റെ സന്ദേശമെത്തിക്കുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. 2021-ല്‍ പൂര്‍ത്തീകരിക്കുന്ന വിധത്തില്‍ മൂന്നു വര്‍ഷം കൊണ്ട് ഘട്ടഘട്ടമായി നടപ്പാക്കുന്ന പദ്ധതിയില്‍ ജൈവകൃഷിക്കു പുറമെ എര്‍ത്ത് ബില്‍ഡര്‍ ഇക്കോ ടൂറിസം, ജൈവവിപണനം തുടങ്ങിയ ഘടകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ക്ക് ‘നിങ്ങളുടെ സ്വപ്‌നത്തിലെ ഇടുക്കി 2021’ എന്ന വിഷയത്തില്‍ ചിത്രരചനയിലും കോളജ് വിദ്യാര്‍ഥികള്‍ക്ക് ‘ശാന്തസുന്ദരമായ ഇടുക്കി’ എന്ന വിഷയത്തില്‍ ഫോട്ടോഗ്രഫിയിലും മത്സരങ്ങള്‍ നടത്തും. മത്സരവിജയികളെ ഉദ്ഘാടന യോഗത്തില്‍ ആദരിക്കും. സുഗന്ധവ്യഞ്ജനങ്ങള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, കാപ്പി, കൊക്കോ തുടങ്ങിയവയുടെ തൈകളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തൈകള്‍ സൗജന്യമായി നല്‍കുന്നതിനു പുറമെ ഇവയുടെ ജൈവകൃഷിക്കുള്ള വിവിധ സഹായങ്ങള്‍ മാസ് ലഭ്യമാക്കുമെന്നും വിളകള്‍ മാസിന്റെ വിപണനസ്ഥാപനമായ പ്ലാന്റ്റീച്ച് വാങ്ങുമെന്നും ബിജുമോന്‍ കുര്യന്‍ പറഞ്ഞു. ഇതിനായി ആവശ്യമെങ്കില്‍ 100% ബൈബാക്ക് കരാറൊപ്പിടും.
വിളകളുടെ കൂടുതല്‍ മൂല്യവര്‍ധനം ലക്ഷ്യമിട്ടുള്ള സംസ്‌കരണ യൂണിറ്റുകള്‍ക്കും മാസ് പിന്തുണ നല്‍കും.
ഇടുക്കി ജില്ലയിലലെ വില്ലേജുകളില്‍ കമ്പ്യൂട്ടര്‍വിദ്യാഭ്യാസമുള്ള വനിതകളുടെ സംരംഭകത്വശേഷിയില്‍ നൂറ് ഇ-സേവമഹിളാബൂത്തുകളും പദ്ധതിയുടെ തുടക്കത്തില്‍ത്തന്നെ നടപ്പാക്കും. തങ്ങളുടെ വിവിധ രേഖകള്‍ക്കും ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്കും കര്‍ഷകരെ സഹായിക്കാനാണ് ഇ-സേവമഹിളാബൂത്തുകള്‍ ഉപയോഗപ്പെടുത്തുക.
എര്‍ത്ത്ബില്‍ഡര്‍ ടൂറിസം പദ്ധതിയിലൂടെ സുസ്ഥിര ടൂറിസം വികസനവും അതുവഴി കാര്‍ഷികമേഖലയ്ക്ക് അധികവരുമാനവുമാണ് പദ്ധതിയുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍. ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമാകാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പ്ലാന്റേഷന്‍, ഫാം ടൂറിസങ്ങളുടെ ഭാഗമായി കൃഷിയും ടൂറിസവും ഒന്നിച്ച് പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മാസ് ഭാരവാഹികള്‍ പറഞ്ഞു.