ലാന്‍ഡിങ്ങിനിടെ സാങ്കേതിക തകരാറുണ്ടായ വിമാനം സുരക്ഷിതമായി ഇറക്കി. ഡല്‍ഹിയില്‍ നിന്ന് ഷിംലയിലേക്കുള്ള അലയന്‍സ് എയര്‍ 9I821 എന്ന വിമാനത്തിനാണ് സാങ്കേതിക തകരാര്‍ ഉണ്ടായത്. ഹിമാചല്‍ പ്രദേശ് ഉപമുഖ്യമന്ത്രി മുകേഷ് അഗ്‌നിഹോത്രി, ഡിജിപി അതുല്‍ വര്‍മ്മ ഉള്‍പ്പെടെ 44 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം സുരക്ഷിതമായി ഇറക്കിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
ഷിംല വിമാനത്താവള വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, സംഭവത്തെത്തുടര്‍ന്ന് വിമാനം പരിശോധനയ്ക്കായി ഉടന്‍ നിലത്തിറക്കേണ്ടിവന്നു. ഷിംല വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുന്നതിനിടെയാണ് പ്രശ്നം ഉണ്ടായത്, ലാന്‍ഡിംഗിനിടെ ബ്രേക്കിംഗ് സിസ്റ്റത്തില്‍ തകരാറുണ്ടെന്ന് പൈലറ്റ് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നതായി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.