Kerala Pranamam

ലോകകപ്പ് സമ്മാനത്തുകയേക്കാള്‍ ബിസിസിഐ നല്‍കും, വനിതാ ടീമിന് പാരിതോഷികം കോടികള്‍

ന്യൂഡല്‍ഹി : വനിതാ ഏകദിന ലോകകപ്പ് വിജയിച്ച ഇന്ത്യന് ടീമിന് 51 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യന് താരങ്ങള്‍ക്കു പുറമേ, പരിശീലക സംഘം, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ക്കും ഈ തുക വീതിച്ചു നല്‍കും. ലോകകപ്പ് ജേതാക്കള്‍ക്ക് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ നല്‍കുന്ന തുകയേക്കാള്‍ വലിയ തുകയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.4.48 മില്യന്‍ യുഎസ് ഡോളറാണ് (ഇന്ത്യന്‍ രൂപയില്‍ ഏകദേശം 39.78 കോടി) ലോകകപ്പ് വിജയിക്കുന്ന ടീമിന് സമ്മാനമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ നല്‍കുന്നത്. പുരുഷ, വനിതാ ക്രിക്കറ്റ് ലോകകപ്പുകളില്‍ ഇതുവരെ നല്‍കിയിട്ടുള്ളതില്‍ ഏറ്റവും വലിയ തുകയാണിത്. പാര്‍ട്ടിസിപ്പേഷന്‍ പ്രൈസും, ലീഗ് ഘട്ടത്തിലെ വിജയത്തിന്റെ പാരിതോഷികങ്ങളും ചേര്‍ത്ത് 3.1 കോടി രൂപ നേരത്തേ തന്നെ ഇന്ത്യന്‍ ടീം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യ ലോകകപ്പ് ജയിച്ചതോടെ ഈ തുക കൂടി ചേര്‍ത്ത് 42 കോടിയാണ് ആകെ ലഭിക്കുക. ഇതു കൂടാതെയാണ് ബിസിസിഐയും വന്‍ തുക പ്രഖ്യാപിച്ചത്.
വനിതാ ലോകകപ്പ് വിജയത്തോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ മാറ്റങ്ങള്‍ക്കാണു തുടക്കമാകുന്നതെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പ്രതികരിച്ചു. ”ഇന്ത്യയെ ലോകകപ്പ് വിജയിപ്പിച്ച് 1983ല്‍ കപില്‍ ദേവ് പുതിയ യുഗത്തിനു തുടക്കമിട്ടു. അതേ രീതിയിലുള്ള ഉയിര്‍പ്പാണ് ഇപ്പോള്‍ വനിതാ ക്രിക്കറ്റിലും സംഭവിച്ചിരിക്കുന്നത്. അവര്‍ ഇന്ത്യക്കാരുടെ ഹൃദയങ്ങള്‍ കീഴടക്കി. ഈ വിജയം അടുത്ത തലമുറയിലെ വനിതാ താരങ്ങള്‍ക്കു പ്രചോദനമാകും.”- സൈകിയ വ്യക്തമാക്കി.