ന്യൂഡെല്‍ഹി : തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ കാലാവധി നീട്ടണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ 19 അംഗ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. തൊട്ടുപിന്നാലെ കൊവിഡിനെ ചെറുത്തുതോല്‍പ്പിക്കാന്‍ മൂന്നാഴ്ചയോ അതിലധികമോ കൂടുതലോ വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യം ഏതാണ്ട് ഉറപ്പായി. നാളെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിമാരുടെ നിര്‍ദേശങ്ങളും അദ്ദേഹം തേടും. അതിനുശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. കഴിഞ്ഞ ബുധനാഴ്ച രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് നീക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടക, ഉത്തര്‍ പ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, ആസാം, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവയടക്കം പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒഡീഷയില്‍ ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. ഘട്ടംഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവുവരുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം.