Kerala Pranamam

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 102 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു


ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒന്നാംഘട്ട വിജ്ഞാപനം പുറപ്പെടുവിച്ചു. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 102 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍ ആരംഭിച്ചു. മാര്‍ച്ച് 27 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഏപ്രില്‍ 19 നാണ് ആദ്യഘട്ട വോട്ടെടുപ്പ്. ബീഹാറില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനി തീയതി മാര്‍ച്ച് 28 ആണ്. ഉത്സവ അവധി കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനത്തെ 40 സീറ്റുകളില്‍ നാലെണ്ണത്തിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന മാര്‍ച്ച് 28 ന്. ബിഹാറില്‍ ഇത് മാര്‍ച്ച് 30 നാണ്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 20, ബിഹാറില്‍ ഏപ്രില്‍ രണ്ടുവരെയാണ്. 543 ലോക്‌സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായി നടക്കും. ഏപ്രില്‍ 19 തുടങ്ങുന്ന തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിനായിരിക്കും അവസാനിക്കുക. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. ബിഹാര്‍, അരുണാചല്‍ പ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, രാജസ്ഥാന്‍, സിക്കിം, തമിഴ്‌നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ജമ്മു കശ്മീര്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടാം ഘട്ടത്തില്‍ കേരളം വിധിയെഴുതും. ഏപ്രില്‍ 26 ന് വോട്ടെടുപ്പ്.