Kerala Pranamam

ലോണ്‍ അടയ്ക്കാന്‍ വൈകി, പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്‍ ഗൃഹനാഥനെ മര്‍ദിച്ചു

ലോണ്‍ അടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ രോഗിയായ ഗൃഹനാഥന് പണമിടപാട് സ്ഥാപനത്തിന്റെ മര്‍ദനം. കോട്ടയം പനമ്പാലം സ്വദേശി സുരേഷനാണ് മര്‍ദനമേറ്റത്. കോട്ടയത്തെ ‘ബെല്‍ സ്റ്റാര്‍’ എന്ന പണമിടപാട് സ്ഥാപനത്തില്‍ നിന്നും 35,000 രൂപയാണ് സുരേഷ് വായ്പ എടുത്തത്. കൃത്യമായി തിരിച്ചടവ് നടത്തിക്കൊണ്ടിരുന്നതുമാണ്. 10,000 രൂപയില്‍ താഴെ മാത്രമാണ് ഇനി തിരിച്ചടയ്ക്കാന്‍ ഉള്ളത്. ഇതിനിടെ ഇദ്ദേഹത്തിന് ആന്‍ജിയോപ്ലാസ്റ്റി നടത്തേണ്ടി വന്നു. ഇതേ തുടര്‍ന്ന് ജോലിക്ക് പോകാന്‍ കഴിയാതെ വന്നതിന് പിന്നാലെ കഴിഞ്ഞ തവണത്തെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതിന്റെ പേരില്‍ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
വീടിന്റെ സിറ്റൗട്ടില്‍ വെച്ചിരുന്ന ശില്പം എടുത്ത് പ്രതിയായ ജാക്‌സന്‍ സുരേഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ആക്രമണത്തില്‍ സുരേഷിന്റെ ചെവിക്ക് സാരമായി പരുക്കേറ്റു. സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപവാസികള്‍ ചേര്‍ന്ന് പ്രതി ജാക്‌സസനെ പിടികൂടി ഗാന്ധിനഗര്‍ പൊലീസിന് കൈമാറി.