Kerala Pranamam

വര്‍ക്കലയില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു; 2 പേരുടെ നില ഗുരുതരം, 13 പേര്‍ ആശുപത്രിയില്‍

വര്‍ക്കലയില്‍ ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്ന് അപകടം. 2 പേരുടെ നില ഗുരുതരം, 13 പേര്‍ ആശുപത്രിയില്‍. ശക്തമായ തിരമാലയില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് ഉയര്‍ന്നുപൊങ്ങിയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കടലില്‍ വീണ 15 പേരെ ആശുപത്രിയിലേക്ക് മാറ്റി. വര്‍ക്കല താലൂക്ക് ആശുപതിയിലേക്കാണ് മാറ്റിയത്. കൂടുതല്‍ പേര്‍ കടലില്‍ വീണോയെന്ന് സംശയം നാട്ടുകാര്‍ പറയുന്നു.ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു. തിരമാല ശക്തമായിട്ടും ആളെ കയറ്റിയതാണ് അപകട കാരണമെന്ന് ലൈഫ് ഗാര്‍ഡ് പറഞ്ഞു. കാലാവസ്ഥ മോശമായിട്ടും നിരവധിപേരെ ബ്രിഡ്ജിലേക്ക് കടത്തിവിട്ടു. ലൈഫ് ഗാര്‍ഡിന്റെ മുന്നറിയിപ്പ് നടത്തിപ്പുകാര്‍ അവഗണിച്ചുവെന്ന് ലൈഫ് ഗാര്‍ഡ് ശങ്കര്‍ ട്വന്റിഫോറിനോട് പറഞ്ഞു.കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കറ്റു. ശക്തമായ തിരയില്‍ പെട്ട് ഫ്‌ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്‌ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു.ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍ പെട്ടതോട കടലില്‍ വീണവര്‍ക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാര്‍ ഉടന്‍ തന്നെ കടലില്‍ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. 15 പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബറിലും സമാനമായ സംഭവം തൃശൂര്‍ ചാവക്കാട് ബീച്ചിലും ഉണ്ടായി. ബ്രിജിലുണ്ടായിരുന്നവര്‍ അന്ന് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കടലിലൊഴുകിയ ഫ്‌ലോട്ടിങ് ബ്രിജിന്റെ ഭാഗം പിന്നീട് കരയ്ക്കു കയറ്റി. നൂറു മീറ്റര്‍ നീളത്തിലുള്ള ഫ്‌ലോട്ടിങ് ബ്രിജിന്റെ മധ്യഭാഗത്തെ 10 മീറ്ററോളം ഭാഗമാണ് വേര്‍പെട്ടത്. 22 സഞ്ചാരികളും 6 ജീവനക്കാരുമാണ് ആ സമയത്ത് ബ്രിജിലുണ്ടായിരുന്നത്.ശക്തമായ തിരയില്‍ ഇളകിപ്പോയ ഭാഗം ഏറെ പണിപ്പെട്ട് കഷണങ്ങളാക്കി തീരത്തേക്ക് കയറ്റി.ഒക്ടോബര്‍ ഒന്നിനാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്‌ലോട്ടിങ് ബ്രിജ് ഉദ്ഘാടനം ചെയ്തത്. 80 ലക്ഷം രൂപ നിര്‍മാണച്ചെലവ്. ഒരേ സമയം നൂറ് പേര്‍ക്ക് ബ്രിജില്‍ പ്രവേശിക്കാവുന്ന രീതിയിലാണ് രൂപകല്‍പന. 100 മീറ്റര്‍ കടലിലേക്ക് പാലത്തിലൂടെ നടക്കാവുന്ന വിധമാണിത്. തിരയ്ക്കനുസരിച്ച് ഉയരുകയും താഴുകയും ചെയ്യുന്ന പാലത്തില്‍ ഒരാള്‍ക്ക് 120 രൂപയാണ് പ്രവേശന ഫീസ്.