കൊച്ചി: പാർലമെൻറിൽ പോലും ചർച്ച ചെയ്യാതെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വികലമായ വിദ്യാഭ്യാസ നയത്തിനെതിരെ കേരളത്തിലെ സർവകലാശാല ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്. ഇതിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലും കഴിഞ്ഞ ദിവസം പ്രതിഷേധ ദിനമായി ആചരിച്ചു. സർവ്വകലാശാല ജീവനക്കാരുടെ സംസ്ഥാന കോൺഫെഡറേഷൻ (സിയുഇഒ)യുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം ആരംഭിച്ചത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വിദ്യാഭ്യാസനയ പരിഷ്‌കരണത്തിലൂടെ വൈവിധ്യങ്ങളെ നിരാകരിച്ച് രാജ്യത്ത് കാവിവൽക്കരണം ത്വരിതപ്പെടുത്തുകയാണ് ബിജെപി സർക്കാർ.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്ന ഈ പുതിയ വിദ്യാഭ്യാസനയം പ്രത്യക്ഷത്തിൽ തന്നെ സാമൂഹ്യനീതിയുടെ അസന്തുലിതാവസ്ഥക്ക് കാരണമാകും. നിലവാരം മെച്ചപ്പെടുത്താൻ എന്ന പേരിൽ തികച്ചും കേന്ദ്രീകൃതമായ രഹസ്യ അജണ്ടകളാണ് നടപ്പാക്കുന്നത്. പുതിയ കോഴ്‌സുകൾ, പാഠ്യപദ്ധതി, ഗവേഷണ മേഖലകളും വിഷയങ്ങളും കണ്ടെത്തൽ എന്നിവ കേന്ദ്രീകൃത നിയന്ത്രണത്തിലൂടെയാണ് തീരുമാനിക്കുക.
യുജിസിയെ ഇല്ലാതാക്കി ഉന്നതവിദ്യാഭ്യാസരംഗത്ത് സമ്പൂർണ്ണ കമ്പോളവൽക്കരണത്തിനും ഏകാധിപത്യത്തിനും വഴിയൊരുക്കുന്നതാണീ പുതിയ വിദ്യാഭ്യാസ നയം.
പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ വിദ്യാഭ്യാസ കമ്മീഷൻ ആയിരിക്കും ഇനി എല്ലാം തീരുമാനിക്കുക. കോളേജുകൾക്ക് യഥേഷ്ടം സ്വയംഭരണവും വിദേശ സർവകലാശാലകൾക്ക് സ്വതന്ത്രമായ പ്രവർത്തനാനുമതിയും നൽകും. ഇത് രാജ്യത്തെ സർവകലാശാലകളുടെ അന്ത്യം കുറിക്കാൻ ഇടയാക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിന്ന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ പുറംതള്ളപ്പെടും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജനാധിപത്യബോധത്തിനും കൂട്ടായ്മകൾക്കും നിയന്ത്രണം വരുത്തി പ്രതികരണശേഷി ഇല്ലാത്ത തലമുറയെ സൃഷ്ടിക്കാനുള്ള ഫാസിസ്റ്റ് ഗൂഡാലോചനയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം.
നിലവിലുള്ള സർവകലാശാലകളെ ഇല്ലാതാക്കുന്ന സാഹചര്യത്തിൽ ഈ നയത്തിന്റെ പ്രത്യാഘാതങ്ങൾ നേരിട്ട് അനുഭവിക്കുന്നവരാണ് അനധ്യാപക ജീവനക്കാർ. ജീവനക്കാരുടെ എണ്ണം വെട്ടികുറച്ചും തസ്തികകൾ ഇല്ലാതാക്കിയും കരാർ ദിവസ വേതന വ്യവസ്ഥയിൽ ജീവനക്കാരെ നിയമിക്കാൻ ആവശ്യപ്പെട്ടും കേന്ദ്ര നിർദ്ദേശങ്ങൾ ഇതിനു ചുവടു പിടിച്ച് ഇറങ്ങും.
ഭരണഘടനാ തത്വങ്ങൾക്കും ഫെഡറൽ മൂല്യങ്ങൾക്കും വിരുദ്ധമായ നിർദ്ദേശങ്ങൾ നിറഞ്ഞ പുത്തൻ വിദ്യാഭ്യാസ നയം സർവകലാശാലകളെയും കോളേജുകളെയും കോർപ്പറേറ്റുകളുടെ ഉപശാലകൾ ആക്കി മാറ്റും. ഇതിനെതിരെ കേരളത്തിലെ സർവകലാശാലകളിലെ അനധ്യാപക ജീവനക്കാർ ഒറ്റക്കെട്ടായി നിൽക്കണം. ഉയർന്നുവരുന്ന ജനകീയ പ്രതിരോധത്തിൽ സമ്പൂർണ്ണ പങ്കാളിത്തം ഉറപ്പുവരുത്തണം. ഇതിന്റെ ഭാഗമായി നടത്തിയ പ്രതിഷേധ ദിനാചരണത്തിൽ പങ്കെടുത്ത മുഴുവൻ സർവ്വകലാശാല ജീവനക്കാരെയും കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ്, കേരള സംസ്ഥാന പ്രസിഡന്റ് ഡോ.പി കെ ബിജുവും ജനറൽ സെക്രട്ടറി ഹരിലാലും സംയുക്ത പ്രസ്താവനയിലൂടെ അഭിവാദ്യം ചെയ്തു.