തെലങ്കാന: ജോലിയില് നിന്ന് വിരമിച്ചപ്പോള് കിട്ടിയ തുകയുടെ വീതം നല്കാത്തതിന്റെ പേരില് ഇരുപത്തിരണ്ടുകാരന് പിതാവിനെ തല്ലിക്കൊന്നു. തെലങ്കാനയിലെ രചകൊണ്ടയിലാണ് സംഭവം.
തരുണ് എന്ന യുവാവാണ് പിതാവായ കൃഷ്ണയെ തല്ലിക്കൊന്നത്.
2017 ജൂണിലാണ് കൃഷ്ണ ജോലിയില് നിന്ന വിരമിക്കുന്നത്. ജലവകുപ്പില് നിന്ന് വിരമിക്കുമ്പോള് ആനുകൂല്യമായി ആറ് ലക്ഷം രൂപ കൃഷ്ണയ്ക്ക് ലഭിച്ചു. ഇതിനുശേഷം തന്റെ പേരിലുണ്ടായിരുന്ന സ്ഥലം 10 ലക്ഷം രൂപയ്ക്ക് വില്ക്കുകയും ചെയ്തു.
പിതാവിന്റെ കൈയില് പണം ഉണ്ടെന്ന് മനസ്സിലാക്കിയ തരുണ് തനിക്കും മറ്റ് രണ്ട് സഹോദരിമാര്ക്കും സ്വത്ത് വീതം വെച്ച് നല്കണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടര്ന്ന് കൃഷ്ണ തന്റെ കൈയ്യിലുള്ള തുകയില് നിന്ന് രണ്ട് ലക്ഷം ഒഴികെയുള്ള പണം മക്കള്ക്ക് വീതം വെച്ച് നല്കി.
കുറച്ച് മാസങ്ങള്ക്ക് ശേഷം കൃഷ്ണന്റെ പക്കല് ബാക്കിയുള്ള രണ്ടു ലക്ഷം രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ട് തരുണ് വീണ്ടും രംഗത്തെത്തി. എന്നാല് കൃഷ്ണ പണം നല്കാന് വിസമ്മതിച്ചു. ഇതോടെ പ്രകോപിതനായ തരുണ് പിതാവിനെ കടന്നാക്രമിക്കുകയായിരുന്നു. ദണ്ഡ് കൊണ്ട് തരുണ് പിതാവിനെ അടിച്ച് അവശനാക്കുമ്പോള് മറ്റ് രണ്ട് മക്കളും അതിന് കൂട്ടുനിന്നു.
ഗുരുതരമായി പരിക്കേറ്റ കൃഷ്ണയെ അടുത്തുള്ള ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന് കഴിഞ്ഞില്ല. കൃഷ്ണയുടെ മരണവുമായി ബന്ധപ്പെട്ട് തരുണ് ഉള്പ്പെടെയുള്ള മൂന്ന് മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ഇവര്ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റര് ചെയ്തു.