Kerala Pranamam

വൈദ്യുതോര്‍ജത്തേക്കാള്‍ പ്രായോഗികം പ്രകൃതിവാകതം: പി. രാഘവേന്ദ്രന്‍

കേരള മാനെജ്മെന്റ് അസോസിയേഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഊര്‍ജത്തിന്റെ ഭാവി എന്ന സെമിനാറില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ റിഫൈനറി ബിസിനസ് പ്രസിഡന്റ് പി. രാഘവേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. വി. ജോര്‍ജ് ആന്റണി, ആര്‍. മാധവ് ചന്ദ്രന്‍, സി.എസ്. കര്‍ത്ത എന്നിവര്‍ സമീപം.

കൊച്ചി: വൈദ്യുതോര്‍ജത്തേക്കാള്‍ നിലവില്‍ മികച്ചതും പ്രായോഗികവും ചെലവു കുറഞ്ഞതും ശുദ്ധവുമായ ഊര്‍ജം പ്രകൃതിവാതകമാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ റിഫൈനറി ബിസിനസ് പ്രസിഡന്റ് പി. രാഘവേന്ദ്രന്‍. വൈദ്യുതോര്‍ജ ഉത്പാദനത്തിനു ചെലവു കുറവാണ്. എന്നാല്‍ ആ ഊര്‍ജം സംഭരിക്കാനുള്ള സാങ്കേതികവിദ്യ ഇനിയും ഏറെയൊന്നും വികസിച്ചിട്ടില്ല. അതിനാല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്കു പകരമായി വൈദ്യുതോര്‍ജം ഗതാഗതരംഗത്ത് ഉപയോഗപ്പെടുത്തുന്നത് ലാഭകരമാകില്ല- കേരള മാനെജ്മെന്റ് അസോസിയേഷന്‍ (കെഎംഎ) സംഘടിപ്പിച്ച ഊര്‍ജത്തിന്റെ ഭാവി എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പെട്രോളിയം ഉത്പന്നങ്ങള്‍ക്കു ബദലായി വൈദ്യുതോര്‍ജം ഉപയോഗിക്കുക എന്നത് വിദൂരസ്വപ്നമാണ്. ഭാരം കുറഞ്ഞതും ചെലവു കുറഞ്ഞതുമായ കൂടുതല്‍ ആധുനികമായ ബാറ്ററികളില്ലാതെ വൈദ്യുതി സംഭരിക്കാനാവില്ല. അവയില്ലെങ്കില്‍ ഗതാഗതരംഗത്ത് വൈദ്യുതോര്‍ജം ഉപയോഗിക്കുക ലാഭകരമാവുകയുമില്ല.
പെട്രോളിയം ഉത്പന്നങ്ങള്‍, പ്രകൃതിവാതകം, കല്‍ക്കരി തുടങ്ങിയ ലോകത്ത് അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന വ്യാപകമായ പ്രചാരണം ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സോളാര്‍ വൈദ്യുതിയും കാറ്റില്‍ നിന്നുള്ള വൈദ്യുതിയും ഇവയ്ക്കു പകരമാകുമെന്ന വാദവും ശരിയല്ല. നിലവില്‍ ലഭ്യമായ മികച്ച വൈദ്യുതോര്‍ജങ്ങളില്‍ ഏറ്റവും ശുദ്ധവും ചെലവുകുറഞ്ഞതും ജലവൈദ്യുതിയാണ്- രാഘവേന്ദ്രന്‍ വ്യക്തമാക്കി. വ്യവസായ, ഗാര്‍ഹിക, ഗതാഗത ആവശ്യങ്ങള്‍ക്കായി ആണവ വൈദ്യുതി, ജൈവ ഇന്ധനങ്ങള്‍, സൗരോര്‍ജം, കാറ്റില്‍ നിന്നുള്ള വൈദ്യുതി തുടങ്ങിയ ഉപയോഗപ്പെടുത്തുന്നതിനെപ്പറ്റിയും അദ്ദേഹം വിശദമായി സംസാരിച്ചു.കെഎംഎ വൈസ് പ്രസിഡന്റ് ആര്‍. മാധവ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ചെയര്‍ സി.എസ്. കര്‍ത്ത സ്വാഗതവും കെഎംഎ സെക്രട്ടറി വി. ജോര്‍ജ് ആന്റണി നന്ദിയും പറഞ്ഞു.