Kerala Pranamam

ശബരിമലയിലെ തിരക്ക്: മാളികപ്പുറങ്ങള്‍ക്കും കുട്ടികള്‍ക്കും മുന്നറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

ശബരിമല: മകര വിളക്കിനോട് അനുബന്ധിച്ച് തീര്‍ത്ഥാടകരുടെ അനിയന്ത്രിത തിരക്ക് കാരണം ശബരിമലയില്‍ ഇന്നു മുതല്‍ സ്‌പോട്ട് ബുക്കിങ് ഇല്ല.തുടര്‍ച്ചയായി ഒരുലക്ഷം പേരാണ് ശബരിമല ചവിട്ടുന്നത്. മണിക്കൂറില്‍ 4,400 പേരാണ് മല ചവിട്ടുന്നത്. ഭക്തര്‍ക്ക് സുഗമവും സുരക്ഷിതവുമായ ദര്‍ശനം ഒരുക്കാന്‍ ഇന്ന് മുതല്‍ സ്‌പോട്ട് ബുക്കിങ് സൗകര്യം ഉണ്ടാവില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
14ന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി 50,000 ആയും, മകരവിളക്ക് ദിനമായ 15ന് 40,000 ആയും പരിമിതപ്പെടുത്തി. പൊലീസിന്റെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. മകര വിളക്കിനോട് അടുത്ത ദിവസങ്ങളില് സന്നിധാനത്തും പരിസരങ്ങളിലും ഭക്തജന തിരക്ക് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.14, 15 തിയതികളില്‍ ശബരിമലയില്‍ വലിയ ഭക്തജനത്തിരക്ക് ഉണ്ടാകുമെന്നതിനാല്‍ മാളികപ്പുറങ്ങളും കുട്ടികളും അന്നേദിവങ്ങളില്‍ ശബരിമല ദര്‍ശനം പരമാവധി ഒഴിവാക്കുന്നതാണ് അഭികാമ്യമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. മകര വിളക്കിന് മൂന്ന് നാള്‍ മുമ്ബ് തന്നെ ശബരിമല ദര്‍ശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ മകരവിളക്ക് കാണാനും തിരുവാഭരണം ചാര്ത്തിയ അയ്യപ്പനെ ദര്ശിക്കുന്നതിനുമായി സന്നിധാനം വിട്ടിറങ്ങാതെ ശബരിമലയിലെ വിവിധ സ്ഥലങ്ങളില്‍ ക്യാമ്ബ് ചെയ്യുകയാണ് പതിവ്.ഇതിന് പുറമെ കൂടുതല്‍ ഭക്തര്‍ അയ്യപ്പ ദര്‍ശനത്തിനായി മല കയറിയാല്‍ അത് സുരക്ഷയേയും സുഗമമായ ദര്‍ശന സൗകര്യത്തേയും ബാധിക്കും. ഈ സാഹചര്യത്തിലാണ് ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് സുരക്ഷിത ദര്‍ശനം ഒരുക്കാന്‍ സ്‌പോട്ട് ബുക്കിങ് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.