ശബരിമലയില്‍ ഭക്തരുടെ തിരക്ക് 80,000 കടന്നു
ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് തുടരുന്നു, ഇന്നലെ എണ്‍പതിനായിരത്തില്‍ അധികം തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെ മുതല്‍ 25000 തീര്‍ഥാടകര്‍ ദര്‍ശനം നടത്തി. ഓരോ ദിവസം കഴിയും തോറും തിരക്ക് വര്‍ധിച്ചുവരികെയാണ്.
തിരക്ക് വര്‍ധിച്ചെങ്കിലും സുഖദര്‍ശനം ഒരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. ക്രമീകരണങ്ങളില്‍ തൃപ്തരായാണ് തീര്‍ത്ഥാടകര്‍ മലയിറങ്ങുന്നത്. ദിവസേന എത്തുന്ന തീര്‍ഥാടകരുടെ എണ്ണം തൊണ്ണൂറായിരത്തോളമായെങ്കിലും ദര്‍ശനത്തില്‍ പ്രതിസന്ധിയില്ല.
അതേസമയം ദര്‍ശനത്തിന് എത്തുന്ന അയ്യപ്പ ഭക്തരെ സ്വാമി എന്ന് അഭിസംബോധന ചെയ്യണമെന്ന് പൊലീസിന് കര്‍ശന നിര്‍ദേശം. എന്ത് തരത്തിലുള്ള പ്രകോപനമുണ്ടായാലും ആത്മസംയമനം കൈവിടരുത്. ഭക്തരോട് ഒരു കാരണവശാലും അപമര്യാദയായി പെരുമാറരുത്. കൂടാതെ തിരക്ക് നിയന്ത്രിക്കാന്‍ വടിയെടുക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.
സി.സി.ടി.വിയിലൂടെ പൊലീസുകാരുടെ സേവനം നിരീക്ഷിക്കും.ജോലി സമയത്ത് മൊബൈല്‍ ഫോണിലൂടെയുള്ള സമൂഹമാധ്യമ ഉപയോഗം വിലക്കി. ദര്‍ശനത്തിനായുള്ള ക്യൂവില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ തര്‍ക്കങ്ങള്‍ ഉയരാതെ നോക്കണം. തിരക്ക് നിയന്ത്രണവിധേയമാക്കാന്‍ വിസില്‍ ഉപയോഗിക്കാം. കാക്കി പാന്റ്‌സ് ധരിച്ചെത്തുന്നവരെ പരിശോധന കൂടാതെ കടത്തിവിടരുത്.
കാനന പാതയിലൂടെ എത്തുന്നവരില്‍ ചിലര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ പടക്കങ്ങള്‍ കരുതാറുണ്ടെന്ന് ബോംബ് സ്‌ക്വാഡ് നിരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ പടക്കങ്ങളുമായി സന്നിധാനത്ത് എത്താന്‍ അനുവദിക്കരുതെന്നും പൊലീസിനുള്ള നിര്‍ദേശങ്ങള്‍ പറയുന്നു.