Kerala Pranamam

ശബരിമല: കെഎസ്ആര്‍ടിസിയില്‍ ബുക്ക് ചെയ്തിരിക്കുന്നത് നാലരലക്ഷം പേര്‍; യാത്രക്കാരുടെ വിവരം സര്‍ക്കാരിന് കൈമാറും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍ ശബരിമലയിലേക്ക് പോകാനായി ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാരുടെയും വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. നാലര ലക്ഷത്തോളം പേരാണ് ഇതുവരെ കെ.എസ്.ആര്‍.ടി.സിയില്‍ നിലയ്ക്കല്‍ വരെയുള്ള ബസ് യാത്രയ്ക്കായി ബുക്ക് ചെയ്തിരിക്കുന്നത്. ഇവരുടെ മുഴുവന്‍ വിവരങ്ങളും സര്‍ക്കാരിന് കൈമാറാനാണ് തീരുമാനം.

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലവും സംഘര്‍ഷഭരിതമായേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ടിക്കറ്റ് എടുക്കുന്നതിനായി ഇലക്ട്രോണിക് സൈ്വപിങ് മെഷീനും കെ.എസ്.ആര്‍.ടി.സി സ്ഥാപിക്കുന്നുണ്ട്. ഇതോടെ പേയ്മെന്റ് നടത്തുമ്പോള്‍ തന്നെ വിവരങ്ങള്‍ സര്‍ക്കാരിന് ശേഖരിക്കാനാവും. ബസ് മാര്‍ഗ്ഗം നാല് മണിക്കൂറില്‍ 15,000 തീര്‍ത്ഥാടകരെയാണ് പമ്പയില്‍ എത്തിക്കാന്‍ സാധിക്കുക. ഇങ്ങനെ എത്തുന്നവരുടെ ടിക്കറ്റ് കാലാവധി 24 മണിക്കൂര്‍ നേരത്തേക്കാക്കി. ഇതോടെ സന്നിധാനത്ത് ആളുകള്‍ ചിലവഴിക്കുന്ന സമയം കുറയ്ക്കാന്‍ സാധിക്കുമെന്നും കെ.എസ്.ആര്‍.ടി.സി പ്രതീക്ഷിക്കുന്നു.
മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടേതിന് പുറമേ നിലയ്ക്കലെത്തി പമ്പയിലേക്ക് ടിക്കറ്റെടുക്കുന്നവരുടെയും വിവരങ്ങള്‍ ശേഖരിച്ച് പൊലീസിന് കൈമാറും. ഇതോടെ കാനനപാതയിലൂടെ അല്ലാതെ ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന ഭൂരിഭാഗം പേരുടെയും വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്.