Kerala Pranamam

ശസ്ത്രക്രിയയെ തുടര്‍ന്ന് തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച രോഗിക്ക് 21.1 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

ഡാലസ് : കാല്‍മുട്ടിലെയും കാലിലെയും ശസ്ത്രക്രിയക്ക് ജനറല്‍ അനസ്തീഷ്യ നല്‍കിയതിനെ തുടര്‍ന്ന് മസ്തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനം നിലച്ച് അബോധാവസ്ഥയില്‍ കഴിയുന്ന രോഗിക്ക് 21.1 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഡാലസ് കൗണ്ടി ജൂറി വിധിച്ചു. കാര്‍ലോസ് റോഹാഡ്(32) എന്ന യുവാവാണ് അബോധാവാസ്ഥയില്‍ കഴിയുന്നത്.ക്രിസ്മസ് ലൈറ്റിടുന്നതിന് ഏണിയില്‍ കയറുന്നതിനിടയില്‍ താഴെ വീണു കാലിനും കാല്‍മുട്ടിനും പരുക്കേറ്റിരുന്നു. 2017 ഒക്ടോബറില്‍ ആണു സംഭവം. ശസ്ത്രക്രിയ ആവശ്യമായതിനാല്‍ തൊട്ടടുത്ത ദിവസം കാര്‍ലോസിനെ ബെയ്‌ലല്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍(ഡാലസ്) പ്രവേശിപ്പിച്ചു.ശസ്ത്രക്രിയക്കിടെ രോഗിയുടെ രക്തസമ്മര്‍ദം കാര്യമായി കുറയുകയും തലച്ചോറിലേക്കുള്ള ഓക്സിജന്‍ ലഭിക്കാതെ വരികയും ചെയ്തതാണ് രോഗിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലക്കുന്നതിനും ശയ്യാവലംബിയായി തീരുന്നതിനും കാരണമായത്. 2021 ല്‍ കാര്‍ലോസിന്റെ കുടുംബം റജിസ്ട്രേഡ് നഴ്സ് അനസ്തെറ്റിസ്റ്റ് കേയ്ഡി മാര്‍ട്ടിന്‍, ഡോക്ടര്‍ മല്ലോറി ക്ലിന്‍, യുഎസ് ഹര്‍ട്ട്നേഴ്സ് ഓഫ് ടെക്സസ്, ബെയ്ലര്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ എന്നിവരെ പ്രതിചേര്‍ത്ത് ലോ സ്യൂട്ടു ഫയല്‍ ചെയ്തു.ശസ്ത്രക്രിയയുടെ സമയത്ത് രക്തസമ്മര്‍ദം കുറഞ്ഞുവരുന്നത് ശ്രദ്ധിച്ചില്ല. പിന്നീട് രക്തസമ്മര്‍ദം കൂടുന്നതിനാവശ്യമായ മരുന്നുകള്‍ നല്‍കിയെങ്കിലും ഇതു റെക്കാര്‍ഡ് ചെയ്യാതെ ശസ്ത്രക്രിയ സമയത്തു രോഗിയുടെ രക്തസമ്മര്‍ദ നില സാധാരണ നിലയിലായിരുന്നുവെന്നു കള്ള റെക്കാര്‍ഡ് ഉണ്ടാക്കുകയും ചെയ്തത് ജൂറി കണ്ടെത്തിയാണു ശിക്ഷ വിധിച്ചത്. ഇലക്ട്രോണിക് റെക്കോര്‍ഡുകള്‍ നശിപ്പിച്ചതായും കണ്ടെത്തിയിരുന്നു.