Kerala Pranamam

ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷം; സംഘര്‍ഷം; വെടിവയ്പ്

കൊളംബോ: ശ്രീലങ്കന്‍ രാഷ്ട്രീയത്തിലെ അനിശ്ചിതത്വം ഒഴിയുന്നില്ല. അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട റനില്‍ വിക്രമസിംഗെഔദ്യോഗിക വസതിയൊഴിയില്ലെന്ന നിലപാട് സ്വീകരിച്ചതോടെ പ്രതിസന്ധി ഒന്നൂകൂടി രൂക്ഷമായിരിക്കുകയാണ്. റിനില്‍ വിക്രമസിംഗയെഅനുകൂലിക്കുന്ന ആയിരങ്ങള്‍വസതിക്ക് മുമ്പില്‍ അണിനിരക്കുകകൂടി ചെയ്തതോടെ പ്രശ്‌നപരിഹാരത്തിന് ഘടകകക്ഷികള്‍ യോഗം ചേര്‍ന്നു.

തന്നെ പുറത്താക്കിയ നടപടിനിയമവിരുദ്ധമാണെന്നും ഔദ്യോഗികവസതിയൊഴിയണമെന്ന് തന്നെ നേരത്തെ അറിയിച്ചിരുന്നില്ല എന്നുമാണ് റിനില്‍ വിക്രമസിംഗെയുടെ നിലപാട്. കോടതി സഹായത്തോടെ റിനില്‍വിക്രമസിംഗയെ പുറത്താക്കാനുള്ളനീക്കങ്ങളാണ് പോലീസ് ഇപ്പോള്‍ നടത്തുന്നത് എന്നാണ് വിവരം. ഭരണഘടനയെ ബഹുമാനിച്ചുകൊണ്ട് സംയമനം പാലിക്കണമെന്ന് പാശ്ചാത്യരാജ്യങ്ങളുടെയും അയല്‍രാജ്യങ്ങുടെയും നിര്‍ദേശങ്ങള്‍ക്കിടെയാണ്ശ്രീലങ്കയുടെ പുതിയ നീക്കം.

അതിനിടെ, പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയുടെ മന്ത്രിസഭാംഗമായിരുന്ന മുന്‍ ക്രിക്കറ്റ് താരം കൂടിയായ അര്‍ജുന രണതുംഗയുടെ അംഗരക്ഷകര്‍, പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അനുയായികള്‍ക്കെതിരെ വെടിയുതിര്‍ത്തു. പെട്രോളിയം മന്ത്രിയായിരുന്ന അര്‍ജുന രണതുംഗയെ, മൈത്രിപാല സിരിസേനയുടെ അനുയായികള്‍ തടഞ്ഞതോടെയാണ് അംഗരക്ഷകര്‍ വെടിയുതിര്‍ത്തത്. റനില്‍ വിക്രമസിംഗയുടെ പുറത്താക്കലിന് ശേഷം ശ്രീലങ്കയിലുണ്ടാകുന്ന ആദ്യ സംഘര്‍ഷമാണിത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പസിഡന്റ് മൈത്രിപാല സിരിസേനയുടെ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് (യു.പി.എഫ്.എ) പാര്‍ട്ടി അപ്രതീക്ഷിതമായി റെനില്‍ വിക്രമസിംഗെയുടെസഖ്യകക്ഷി സര്‍ക്കാരിനുള്ള പിന്തുണപിന്‍വലിച്ചത്. ഇതിന് പിന്നാലെ വിക്രമസിംഗെയെ സിരിസേന സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു, രാഷ്ട്രീയ നാടകങ്ങള്‍കൂടുതല്‍ കലുഷിതമാകുന്നതിനിടെ സിരിസേന പാര്‍ലമെന്റ് മരവിപ്പിച്ചുകെണ്ട് ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്. നവംബര്‍ 16 വരെയാണ് പാര്‍ലമെന്റിന്റെഎല്ലാ സമ്മേളനങ്ങളും നിര്‍ത്തിവെച്ചിരിക്കുന്നത്.

അയല്‍രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. ചൈനയുമായി അടുപ്പം പുലര്‍ത്തുന്ന രജപക്സെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരുന്നതിനെ ഇന്ത്യ സ്വാഗതം ചെയ്യുന്നില്ല. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെ പരസ്യ പ്രതികരണം നടത്താന്‍ ഇന്ത്യ തയ്യാറായിട്ടില്ല. ശ്രീലങ്കയിലെ പ്രതിസന്ധി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയും പാലിക്കപ്പെടുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.