Kerala Pranamam

ഷാറൂഖിന് കെണിയൊരുക്കിയത് സ്വന്തം ഫോണ്‍; വീട്ടുകാരുടെ മൊഴിയും നിര്‍ണായകമായി

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതി ഷാറുഖ് സൈഫിയെ പിടിച്ചത് ഫോണിന്റെയും ഡയറിയുടെയും സഹായത്തോടെയെന്ന് റിപ്പോര്‍ട്ട്. പിന്നീട് വീട്ടുകാരുടെ ചോദ്യം ചെയ്യലും നിര്‍ണ്ണായകമായി. ഷാറുഖ് സൈഫിക്ക് ആറ് ഫോണുകളുണ്ടെന്ന് വീട്ടുകാര്‍ വിവരം നല്‍കിയിരുന്നു. തുടര്‍ന്ന് ഈ ആറ് ഫോണുകളും അന്വേഷണ സംഘം നിരീക്ഷണത്തിലാക്കിയിരുന്നു. അതില്‍ ഒരു ഫോണ്‍ സ്വിച്ച് ഓണ്‍ ആയത് നിര്‍ണ്ണായകമായി. തുടര്‍ന്ന് ഫോണിന്റെ ലൊക്കേഷന്‍ സഹിതം മഹാരാഷ്ട്ര എടിഎസിനെ ഐബി അറിയിച്ചു. പൊലീസ് സംഘം തുടര്‍ന്ന് രത്നഗിരിയിലെ ആശുപത്രിയിലേക്ക് പോയി. അവിടെ നിന്ന് പരുക്കേറ്റ ഒരാള്‍ ഓടി രക്ഷപ്പെട്ടതായി മനസിലായി. പിന്നാലെ പ്രദേശം മുഴുവന്‍ തിരച്ചില്‍ നടത്തി ഇയാളെ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.ഷാറൂഖിന് മാനസിക പ്രശ്നങ്ങളില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. നേരത്തെ മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പ്രകാരമാണ് ആക്രമണം എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. മുഖത്ത് പരുക്കേറ്റതിനാല്‍ കൂടുതല്‍ സംസാരിക്കാന്‍ പ്രതിക്ക് സാധിക്കുന്നില്ല. എന്നാല്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.ഇന്നലെ രാത്രിയാണ് നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫി പിടിയിലാകുന്നത്. ഇയാളുടെ മുഖത്തും ശരീരത്തിലും പൊള്ളലേറ്റതിന്റെ പാടുകളുണ്ട്. സംഭവത്തിന് ശേഷം ട്രെയിനില്‍ യാത്ര തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന ആശുപത്രിയില്‍ എത്തുകയായിരുന്നു. കാലിനേറ്റ പൊള്ളലിനു ചികിത്സ തേടാനായിരുന്നു എത്തിയത്. ഷാറൂഖ് സെയ്ഫിനെ മഹാരാഷ്ട്ര എ.ടി.എസ്പ്രാഥമിക ചോദ്യം ചെയ്യല്‍ നടത്തി. ഷാറൂഖ് രണ്ടു ട്രെയിനുകള്‍ മാറി കയറിയെന്നും പോലീസ് വ്യക്തമാക്കി.