സംവിധായകരിലെ മികച്ച നടന്‍, മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയ കലാകാരന്‍
e@vartha
80കളിലും 90കളിലും അനേകം ക്ലാസിക് ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച വിഖ്യാത സംവിധായകന്‍ കെ ജി ജോര്‍ജ് കലാലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്.സിനിമാപ്രേമികള്‍ എക്കാലവും ഓര്‍ത്തുവയ്ക്കുന്ന 19 സിനിമകളാണ് അദ്ദേഹം ഒരുക്കിയത്. നിര്‍മാതാവ് കൂടിയായിരുന്ന അദ്ദേഹം മികച്ചൊരു നടനുമായിരുന്നു എന്ന് പറയാം.താന്‍ കണ്ട സംവിധായകരില്‍ ഏറ്റവും നല്ല നടനാണ് കെ ജി ജോര്‍ജ് എന്ന് ഒരഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. തന്റെ സിനിമയിലെ എല്ലാ അഭിനേതാക്കള്‍ക്കും എല്ലാ വേഷവും അദ്ദേഹം അഭിനയിച്ച് കാണിച്ചുകൊടുക്കുമായിരുന്നു എന്നും മമ്മൂട്ടി പറഞ്ഞു. തന്റെ മനസിലുള്ള കഥാപാത്രം അഭിനേതാവിലേയ്ക്ക് അതിന്റെ പൂര്‍ണതയില്‍ എത്തിച്ചുകൊടുക്കാനുള്ള മികച്ച മാര്‍ഗവും ഇത് തന്നെയാണല്ലേ?മലയാളം കണ്ട ഏറ്റവും മികച്ച സംവിധായകന്‍ കെ ജി ജോര്‍ജ് ആണെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും പറഞ്ഞിട്ടുണ്ട്. മനുഷ്യമനസുമായി ഇടപഴകാന്‍ അദ്ദേഹം കാണിച്ചിരുന്ന ആര്‍ജവം വളരെ വലുതാണ്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളത് കെ ജി ജോര്‍ജ് ആണ്. സിനിമ ഒരു കലാരൂപമാണെന്നും അതൊരു നിര്‍മിതിയാണെന്നും പ്രേക്ഷകരെ ഓര്‍മിപ്പിക്കുന്ന ചിത്രങ്ങളാണ് അദ്ദേഹത്തിന്റേത്. ആദാമിന്റെ വാരിയെല്ല് അതിന് ഉദാഹരണമാണ്. യൂറോപ്യന്‍ സംവിധായകന്‍ ഗോദാര്‍ദ് ഒക്കെ ഈ മാതൃക പിന്തുടര്‍ന്നവരാണെന്നും ബി ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.ശക്തമായ വിഷയങ്ങള്‍ പ്രേക്ഷകരില്‍ എത്തിച്ച സംവിധായകനാണ് കെ ജി ജോര്‍ജ്. ത്രില്ലര്‍- സൈക്കോപാത്ത് സ്വഭാവമുള്ള ‘ഇരകള്‍’, ആധുനിക മലയാള സിനിമയ്ക്ക് വഴിത്തിരിവായ ‘യവനിക’, പാലാരിവട്ടം പാലവും അതിന്റെ തകര്‍ച്ചയും വര്‍ഷങ്ങള്‍ക്കുമുന്‍പേ പ്രവചിച്ചതിന് സമാനമായ ‘പഞ്ചവടിപ്പാലം’, ഒരു ഗ്രാമത്തിന്റെ ദുഷ്ടലാക്കുകള്‍ പുറത്തുകാട്ടിയ ‘കോലങ്ങള്‍’, സ്ത്രീ ജീവിതത്തിന്റെ ആഖ്യാനമായ ‘ആദാമിന്റെ വാരിയെല്ല്’, സ്ത്രീ-പുരുഷ വികാരങ്ങളുടെ നേര്‍ക്കാഴ്ചയായ ‘മറ്റൊരാള്‍’ തുടങ്ങിയ കെ ജി ജോര്‍ജ് സിനിമകള്‍ മലയാള പ്രേക്ഷകര്‍ അന്നുവരെ കണ്ടിട്ടില്ലാത്ത സിനിമാ അനുഭവം സമ്മാനിച്ച ചിത്രങ്ങളാണ്.