Kerala Pranamam

`സസന്തോഷം മലപ്പുറം’; സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് വേദിയാവാനൊരുങ്ങി പയ്യനാട് സ്‌റ്റേഡിയം

 

 

 

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാള്‍ അന്തിമ റൗണ്ട് മത്സരങ്ങള്‍ക്ക് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയം വേദിയാവുമെന്ന കായിക മന്ത്രിയുടെ പ്രഖ്യാപനം സന്തോഷത്തോടെ വരവേറ്റ് ജില്ല. കുറേ വര്‍ഷങ്ങളായി സംസ്ഥാന, ദേശീയ മത്സരങ്ങള്‍ക്കൊന്നും ആതിഥ്യമരുളാന്‍ ഫുട്ബാളിന്റെ സ്വന്തം നാടായ മലപ്പുറത്തിന് കഴിഞ്ഞിട്ടില്ല. കാത്തിരിപ്പിന്റെ സന്തോഷം ഇരട്ടിക്കുന്നതാണ് സന്തോഷ് ട്രോഫിയുടെ വരവ്. മുമ്ബ് സന്തോഷ് ട്രോഫിയുടെയും ഐ ലീഗിന്റെയും ആതിഥേയത്വം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ ജില്ലയാണ് മലപ്പുറം.2015 ജനുവരി 15 മുതല്‍ 20 വരെ സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത റൗണ്ട് മത്സരങ്ങള്‍ പയ്യനാട്ട് അരങ്ങേറി. പുതിയ സ്‌റ്റേഡിയം നിര്‍മിച്ചതിന്റെ പിറ്റേ വര്‍ഷം നടന്ന കളി സമീപ ജില്ലകളിലെയടക്കം ഫുട്ബാള്‍ പ്രേമികള്‍ക്ക് ആവേശമായിരുന്നു. യോഗ്യത മത്സരങ്ങളുടെ ചരിത്രം തിരുത്തി കാണികള്‍ ഒഴുകി. ആതിഥേയരായ കേരളം, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, സര്‍വിസസ്, പുതുച്ചേരി ടീമുകളാണ് മത്സരിച്ചത്. കേരളം അവസാന റൗണ്ടിലേക്ക് യോഗ്യതയും നേടി. അതിന് ശേഷം ദേശീയ മത്സരങ്ങളൊന്നും പയ്യനാട്ട് നടന്നിട്ടില്ല.ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയടക്കം പന്ത് തട്ടിയ ഫെഡറേഷന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റ് 2014ല്‍ പയ്യനാട്ട് നടന്നിരുന്നു. സ്‌റ്റേഡിയം ഉദ്ഘാടനത്തോടൊപ്പമായിരുന്നു മത്സരങ്ങള്‍. കളി കാണാന്‍ വലിയ ജനക്കൂട്ടമെത്തിയത് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷനെയും സന്തോഷിപ്പിച്ചു. കൂടുതല്‍ മത്സരങ്ങള്‍ പയ്യനാട്ടേക്ക് കൊണ്ടുവരുമെന്ന് കേരള ഫുട്ബാള്‍ അസോസിയേഷനും അന്ന് വ്യക്തമാക്കി. പിന്നീട്, മലപ്പുറം ആസ്ഥാനമായി ഗോകുലം കേരള എഫ്.സി ഫുട്ബാള്‍ ടീം നിലവില്‍ വന്നപ്പോള്‍ ഐ ലീഗിന് വേദിയാവുമെന്ന് കരുതി. എന്നാല്‍, സ്ഥിരം ഫ്‌ലഡ്‌ലിറ്റ് സംവിധാനം ഇല്ലാത്തത് തിരിച്ചടിയായി. ഗോകുലം കോഴിക്കോട്ടേക്ക് മാറുകയും ചെയ്തു. കുറേക്കാലം കാടുപിടിച്ചുകിടന്നു പയ്യനാട് സ്‌റ്റേഡിയം.