കാസര്‍കോഡ്: എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ വ്യാജരേഖയുണ്ടാക്കിയത് സീനിയറിനെ തോല്പ്പിക്കാന്‍ വേണ്ടിയായിരുന്നെന്ന് കണ്ടെത്തി. കാസര്‍കോട് കരിന്തളം സര്‍ക്കാര്‍ കോളേജില്‍ നിയമനത്തിന് അര്ഹതയുണ്ടായിരുന്നത് കാലടി സര്വകലാശാലയില് വിദ്യയുടെ സീനിയറും പരിചയക്കാരിയുമായ കെ രസിതയ്ക്കായിരുന്നു.2021ല് ഉദുമ കോളേജില് രസിതയും വിദ്യയും അഭിമുഖത്തിനെത്തി. എന്നാല്‍, വിദ്യയെക്കാള് യോഗ്യതയുള്ള രസിതയ്ക്കാണ് നിയമനം കിട്ടിയത്. 2022ല് കരിന്തളത്ത് രസിതയും അഭിമുഖത്തിനെത്തുമെന്ന് വിദ്യ മുന്കൂട്ടി അറിഞ്ഞിരുന്നു. ഇവിടെ ഒന്നാമതെത്താനാണ് വിദ്യ മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത കെ വിദ്യയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
സര്‍ട്ടിഫിക്കറ്റിലെ വാചകങ്ങള്‍ തന്റെ മൊബൈലിലാണ് ടൈപ്പ് ചെയ്തതെന്നാണ് വിദ്യയുടെ മൊഴി. ആസ്പയര്‍ ഫെലോഷിപ്പിന് മഹാരാജാസ് കോളജില്‍നിന്ന് കിട്ടിയ സര്‍ട്ടിഫിക്കറ്റില്‍നിന്ന് കോളജിന്റെ സീലും ഡെസിഗ്‌നേഷന്‍ സീലും ഒപ്പും ക്യാം സ്‌കാനര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് ഇമേജ് ആക്കി. കോളജിന്റെ ലോഗോ ഗൂഗിളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തു. ഇവയെല്ലാം ചേര്‍ത്താണ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ മൊബൈല്‍ താഴെ വീണു കേടുപറ്റിയതിനാല്‍ ഉപേക്ഷിച്ചുവെന്നും പൊലീസിനോട് പറഞ്ഞു.