Kerala Pranamam

ഹിന്ദുത്വ ചായ്‌വ് പ്രകടിപ്പിച്ച പത്രപ്രവര്‍ത്തകന്‍; പാര്‍ലമെന്റിലെ അക്രമിക്ക് പാസ് നല്‍കിയ പ്രതാപ് സിംഹ വിവാദങ്ങളുടെ തോഴന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കടന്നാക്രമണം നടത്തിയ പ്രതികള്‍ക്ക് സന്ദര്‍ശക പാസ് നല്‍കി എന്ന വാര്‍ത്ത വന്നതിനു പിന്നാലെ പ്രതിക്കൂട്ടിലായിരിക്കുന്നത് കുടകില്‍ നിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിംഹയാണ്.രണ്ടാംവട്ടമാണ് ബി.ജെ.പിയുടെ ടിക്കറ്റില്‍ സിംഹ കുടകില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2014ലും 2019ലും നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പുകളിലാണ് ഇദ്ദേഹം വിജയിച്ചത്. ഗുരുതരമായ സുരക്ഷ വീഴ്ചയാണ് സംഭവിച്ചത് എന്ന് തെളിഞ്ഞിട്ടും സിംഹക്കെതിരെ നടപടിയെടുക്കാത്തതിനെ മറ്റ് എം.പിമാര്‍ ചോദ്യം ചെയ്തിരുന്നു.എന്നാല്‍ സുരക്ഷവീഴ്ചക്കെതിരെ പ്രതിഷേധിച്ച 14 എം.പിമാരെയാണ് പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ലമെന്റ് ലോഗിന്‍ ഐഡിയും പാസ്വേഡും കൈമാറിയ സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ പുറത്താക്കിയതിനെ ചോദ്യം ചെയ്ത എം.പിമാര്‍ സിംഹക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷം സംഭവം രാഷ്ട്രീയവത്കരിക്കുകയാണെന്നായിരുന്നു ബി.ജെ.പി സര്‍ക്കാരിന്റെ ആരോപണം. ഈയവസരത്തില്‍ പോലും സിംഹക്കെതിരെ പ്രസ്താവനയിറക്കാന്‍ പോലും ബി.ജെ.പി സര്‍ക്കാര്‍ തയാറായില്ല എന്നതും ശ്രദ്ധേയമാണ്. അക്രമികളിലൊരാള്‍ക്ക് നല്‍കിയ പാസില്‍ ഒപ്പുവെച്ചത് സിംഹയാണെന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് ബി.എസ്.പി എം.പി ഡാനിഷ് അലിയാണ്. ഇതിന്റെ ചിത്രം അദ്ദേഹം എക്‌സില്‍ പങ്കുവെക്കുകയും ചെയ്തു.പാര്‍ലമെന്റ് ഭീകരാക്രമണത്തിന്റെ 22ാം വാര്‍ഷികദിനത്തില്‍ മറ്റൊരു നടുക്കുന്ന സംഭവത്തിന് കൂടി രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നു. പാര്‍ലമെന്റിലെ സന്ദര്‍ശക ഗാലറിയില്‍ നിന്ന് എം.പിമാര്‍ ഇരിക്കുന്ന ഭാഗത്തേക്ക് ചാടിയിരിക്കുന്നു. അയാള്‍ ബി.ജെ.പി എം.പിയുടെ അതിഥിയാണ്.”-എന്നായിരുന്നു ഡാനിഷ് അലിയുടെ പോസ്റ്റ്. അതിക്രമിച്ചു കടന്ന മനോരഞ്ജന്റെ പിതാവിനെ തനിക്കറിയാമായിരുന്നുവെന്നാണ് സിംഹ പാര്‍ലമെന്റ് കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയോട് പറഞ്ഞത്. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് പ്രവേശിക്കാനുള്ള പാസിനായി മനോരഞ്ജന്‍ ബി.ജെ.പി എം.പിയെ സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതാദ്യമായല്ല, സിംഹ വിവാദത്തില്‍ പെടുന്നത്. മുസ്‌ലിമുസ്‌ലിം സമുദായത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ആക്രമിക്കുന്ന പ്രകോപനപരമായ പ്രസ്താവനകള്‍ക്ക് കുപ്രശസ്തനായ വ്യക്തിയാണ് മുന്‍ കന്നഡ ഭാഷാ പത്രപ്രവര്‍ത്തകനായ സിംഹ. 2014 വരെ പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. തീവ്ര ഹിന്ദുത്വ നിലപാടുകള്‍ക്ക് പേരുകേട്ട കന്നഡ ദിനപത്രമായ വിശ്വവാണി നടത്തുന്ന എഡിറ്റര്‍ വിശ്വേശ്വര് ഭട്ടിന്റെ കീഴിലായിരുന്നു ജോലി ചെയ്തിരുന്നത്.2010ല്‍ ഖനന മാഫിയക്കെതിരെ ആദ്യപുസ്തകം രചിച്ചു. 2014ല്‍ അദ്ദേഹം മോദിയെ കുറിച്ച് എഴുതിയ പുസ്തകമാണ് ലോക്‌സഭ ടിക്കറ്റ് നേടിക്കൊടുത്തത്. അതിനുശേഷം ന്യൂനപക്ഷങ്ങള്‍ക്കെതിരായ രാഷ്ട്രീയ നിലപാടുകള്‍ ശക്തമാക്കി. 2015ല്‍ സിംഹ ടിപ്പു സുല്‍ത്താനെ കുറിച്ച് മറ്റൊരു പുസ്തകം കൂടി രചിച്ചു. ടിപ്പു സുല്‍ത്താന്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നോ? എന്നായിരുന്നു അതിന്റെ പേര്. തീവ്രഹിന്ദുത്വ നിലപാടുകള്‍ നിറഞ്ഞ പുസ്തകം ടിപ്പുവിനെ ഇകഴ്ത്തിക്കാട്ടാനുള്ള ഹിന്ദുത്വ ശക്തികളുടെ റഫറന്‍സ് ഗ്രന്ഥമായി മാറി. 2019ല്‍ വീണ്ടും എം.പിയായി. 2022 നവംബറില്‍ നഞ്ചന്‍ഗുഡ് ഹൈവേയിലെ ബസ് സ്റ്റാന്‍ഡിലെ പള്ളിയുടെ നിര്‍മിതിയോട് സാമ്യമുള്ള താഴികക്കുടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടം തകര്‍ക്കുമെന്ന് സിംഹ ഭീഷണിപ്പെടുത്തി.2019ല്‍ നടന്‍ പ്രകാശ് രാജിനെതിരെ സമൂഹമാധ്യമം വഴി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് സിംഹ ക്ഷമാപണം നടത്തി. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി മോദിയുടെ മൗനത്തെ ചോദ്യം ചെയ്യുന്ന പ്രകാശ് രാജിന്റെ ട്വീറ്റിനെയായിരുന്നു സിംഹ അപമാനിച്ചത്. 2022ല്‍ കര്‍ണാടകയില്‍ സ്‌കൂളുകളിലെ ഹിജാബ് നിരോധന സമയത്ത്, പ്രതിഷേധിക്കുന്നവര്‍ പാകിസ്താനിലേക്ക് പോകണം എന്നായിരുന്നു സിംഹയുടെ ആഹ്വാനം. ഇയാള്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ യെദിയൂരപ്പ അധികാരത്തില്‍ വന്നപ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു.2017 ഡിസംബറില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കിടെ അഡീഷനല്‍ പോലീസ് സൂപ്രണ്ടിനെ പരിക്കേല്‍പ്പിച്ച കേസിലാണ് സിംഹക്കെതിരെ കേസുണ്ടായിരുന്നത്. ജോലി നിര്‍വഹിക്കുന്നതിനിടെ പൊതുപ്രവര്‍ത്തകനെ സ്വമേധയാ പരിക്കേല്‍പ്പിച്ചതിനും അദ്ദേഹത്തിനെതിരെ കേസുണ്ടായിരുന്നു.