Kerala Pranamam

ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരള) ഈശോ ജേക്കബിന്റെ വിയോഗത്തില്‍ അനുശോചിച്ചു

ഹ്യൂസ്റ്റണ്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഉറ്റ സുഹൃത്തും സാഹിത്യ സാമൂഹ്യ സാംസ്‌കാരിക മാദ്ധ്യമ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേര്‍പാടില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരള) ഹൂസ്റ്റണ്‍ ചാപ്റ്റര്‍ അനുശോചിച്ചു.ഹൂസ്റ്റണില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സംഘടനയുടെ ആരംഭ സമയത്ത് സജീവപ്രവര്‍ത്തകനായിരുന്ന ഈശോ ജേക്കബ് പിന്നീട് സംഘടനയുടെ വളര്‍ച്ചക്ക് എന്നും ഒരു മാര്‍ഗദര്‍ശിയും ഉപദേശകനുമായി മാറി. ഇന്ത്യയില്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ച എന്നും അദ്ദേഹം സ്വപ്‌നം കണ്ടിരുന്നു. അറിവുകളുടെ ഭണ്ഡാരമായിരുന്ന ഈശോ ഏതുകാര്യത്തിനും സമീപിക്കാവുന്ന ഒരു വ്യക്തിത്വമായിരുന്നു. സൗമശീലന്‍, പ്രഭാഷകന്‍, മികവുറ്റ സംഘാടകന്‍, സാഹിത്യകാരന്‍, മാധ്യമപ്രവര്‍ത്തകന്‍ എന്നീ നിലകളില്ലാം ശ്രദ്ധേയനായിരുന്നു. കൈവച്ച മേഖലകളിലെല്ലാം വിജയക്കൊടി പാറിച്ച ഈശോ ജേക്കബിന്റെ വേര്‍പാട് ഹൂസ്റ്റണ്‍ മലയാളികള്‍ക്ക് താങ്ങാനാവുന്നതിനപ്പുറമാണെന്നു നേതാക്കള്‍ സ്മരിച്ചു.കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും ഈശോ ജേക്കബിന്റെ അകാല വേര്‍പാട് വലിയ നഷ്ടം വരുത്തിയിരിക്കുകയാണെന്നും നേതാക്കള്‍ അനുസ്മരിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ ഓ സി – കേരള) നാഷണല്‍ വൈസ് പ്രസിഡണ്ട് ബേബി മണക്കുന്നേല്‍, ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ജോസഫ് എബ്രഹാം, പ്രസിഡണ്ട് തോമസ് ഒലിയാംകുന്നേല്‍, വൈസ് പ്രസിഡണ്ട് പൊന്നു പിള്ള, സെക്രട്ടറി വാവച്ചന്‍ മത്തായി. ട്രഷറര്‍ എബ്രഹാം തോമസ് തുടങ്ങിയവര്‍ അനുശോചിച്ചു.ഈശോ ജേക്കബിന്റെ വേര്‍പാട് ഹൂസ്റ്റണിലെ മലയാളി സമൂഹത്തിനു മാത്രമല്ല ടെക്‌സസ്സിനും അമേരിക്കയിലെ മുഴുവന്‍ മലയാളി പ്രവാസികള്‍ക്കും നികത്താവണാത്ത നഷ്ടമാണെന്ന് ഐഒസി ടെക്‌സാസ് ചാപ്റ്റര്‍ പ്രസിഡണ്ട് ജെയിംസ് കൂടല്‍, ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി, ട്രഷറര്‍ സൈമണ്‍ വാളച്ചേരില്‍ എന്നിവര്‍ അനുസ്മരിച്ചു.