രണ്ടാം ലോക മഹായുദ്ധകാലത്ത് 10,500ലധികം ജൂതന്മാരെ കൊലപ്പെടുത്തിയതിന് 97 കാരിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച് ജര്‍മ്മന്‍ കോടതി. നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ കമാന്‍ഡറുടെ സെക്രട്ടറിയായും ടൈപ്പിസ്റ്റായും ജോലി ചെയ്തിരുന്ന ഇര്‍ംഗാര്‍ഡ് ഫര്‍ച്‌നര്‍ എന്ന സ്ത്രീയെയാണ് കോടതി ശിക്ഷിച്ചത്. രണ്ടാം ലോകമഹായുദ്ധ കുറ്റകൃത്യങ്ങള്‍ക്കായി ജര്‍മ്മനി നടത്തിയ അവസാന വിചാരണകളില്‍ ഒന്നായിരിക്കാം ഈ കേസ്.ജര്‍മ്മനിയുടെ വടക്കന്‍ പട്ടണമായ ഇറ്റ്‌സെഹോയിലെ ജില്ലാ കോടതിയാണ് ഇര്‍ംഗാര്‍ഡ് ഫര്‍ച്‌നറിന് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ ഫര്‍ച്‌നര്‍ന് 18 വയസ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ ജുവനൈല്‍ നിയമപ്രകാരമാണ് ശിക്ഷിച്ചത്. 1943 മുതല്‍ 1945-ല്‍ നാസി ഭരണത്തിന്റെ അവസാനം വരെ സ്റ്റട്ട്‌തോഫ് ക്യാമ്പില്‍ സ്റ്റെനോഗ്രാഫറായും ടൈപ്പിസ്റ്റായും ഇര്‍ംഗാര്‍ഡ് ഫര്‍ച്‌നര്‍ ജോലി ചെയ്തിട്ടുണ്ട്. ക്യാമ്പിലെ ഗ്യാസ് ചേമ്പറില്‍ 65,000-ത്തോളം ആളുകള്‍ പട്ടിണിയും രോഗവും മൂലം മരണപ്പെട്ടു എന്നാണ് കണക്കുകള്‍.ഈ മാസം ആദ്യം ഫര്‍ച്‌നര്‍ കോടതിയില്‍ തന്റെ അവസാന പ്രസ്താവന നല്‍കിയിരുന്നു. സംഭവിച്ചതില്‍ ഖേദിക്കുന്നുവെന്നും ആ സമയത്ത് ക്യാമ്പില്‍ ഉണ്ടായിരുന്നതില്‍ ദുഃഖമുണ്ടെന്നും ഫര്‍ച്‌നര്‍ പറഞ്ഞു. അതിനിടെ 2021 സെപ്റ്റംബറില്‍ വിചാരണ ആരംഭിച്ചപ്പോള്‍, ഇംഗാര്‍ഡ് ഫര്‍ച്‌നര്‍ തന്റെ റിട്ടയര്‍മെന്റ് ഹോമില്‍ നിന്ന് ഓടിപ്പോവുകയും ഒടുവില്‍ ഹാംബര്‍ഗിലെ ഒരു തെരുവില്‍ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.