Kerala Pranamam

സ്വര്‍ണപ്പണയ വായ്പയ്ക്ക് റിസര്‍വ് ബാങ്ക് ചില കടുത്ത ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ദന്തഗോപുരങ്ങളിലിരുന്ന് കര്‍ശന ചട്ടങ്ങള്‍ അടിച്ചേല്പിക്കുന്നവര്‍ക്ക് രാജ്യത്തെ പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും മനഃപ്രയാസങ്ങളും വികാര വിചാരങ്ങളുമൊന്നും ഉള്‍ക്കൊള്ളാന്‍ ബാദ്ധ്യതയില്ലെന്നു മാത്രമല്ല, അതൊന്നും പൂര്‍ണമായ അര്‍ത്ഥത്തില്‍ ഒരിക്കലും മനസിലാക്കാനും കഴിയില്ല. സ്ത്രീകള്‍ക്ക്, അവര്‍ സമ്പന്ന- ദരിദ്ര വിഭാഗമെന്ന ഭിന്നതയില്ലാതെ സ്വര്‍ണത്തിനോട് ഒരിഷ്ടം ജന്മനാ ഉള്ളതാണ്. സ്വര്‍ണത്തിന് ആഭരണം എന്നതിനപ്പുറം അനുദിനം വര്‍ദ്ധിക്കുന്ന മൂല്യമുള്ള ലോഹമെന്ന നിലയിലും പ്രാധാന്യമുണ്ട്. സാധാരണക്കാര്‍ അടിയന്തര ഘട്ടത്തില്‍ പണം കണ്ടെത്താന്‍ ഏറ്റവും ആദ്യം ആശ്രയിക്കുന്നത് സ്വര്‍ണാഭരണങ്ങളെ തന്നെയാണ്.
വസ്തുക്കളും മറ്റ് ഈട് വച്ച് വായ്പയെടുക്കാന്‍ ബാങ്കുകളില്‍ നിന്നും മറ്റും അത്ര എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ല. മതിയായ സിബില്‍ സ്‌കോര്‍ ഇല്ലെങ്കില്‍ ഇപ്പോള്‍ ഒരു ബാങ്കും വായ്പ നല്‍കില്ല. അടിയന്തര ഘട്ടങ്ങളില്‍ മദ്ധ്യവര്‍ഗ ജനതയ്ക്കും പാവപ്പെട്ടവര്‍ക്കും തുണയാകുന്നത് സ്വര്‍ണ വായ്പയാണ്. ഇപ്പോള്‍ സ്വര്‍ണപ്പണയ വായ്പയില്‍ ചില നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് ഉപഭോക്തൃ താത്പര്യം വര്‍ദ്ധിപ്പിക്കാനാണ് എന്നു പറയുന്നുണ്ടെങ്കിലും ഫലത്തില്‍ അത് സ്വര്‍ണവായ്പയില്‍ പണം നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനേ ഇടയാക്കൂ. സ്വര്‍ണം പണയം വച്ച് വായ്പയെടുത്തശേഷം വായ്പാ കാലാവധി തീരുന്നതിന് തൊട്ടുമുന്‍പ് പുതുക്കുകയോ തിരിച്ചെടുക്കുകയോ ചെയ്യുന്ന ബുള്ളറ്റ് പേമെന്റ് ഉപയോഗിക്കുന്നവര്‍ക്കുള്ള വായ്പാ കാലയളവ് 12 മാസമാക്കാനാണ് കരട് നിര്‍ദ്ദേശത്തില്‍ പറയുന്നത്.
ബുള്ളറ്റ് പേമെന്റാണെങ്കില്‍ സഹകരണ ബാങ്ക്, റീജിയണല്‍ റൂറല്‍ ബാങ്ക് എന്നിവയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പ മാത്രമേ ലഭിക്കുകയുള്ളൂ. ഒരു ഈടില്‍ ഒന്നിലധികം സ്വര്‍ണപ്പണയ വായ്പകള്‍ ഇനി ലഭിക്കില്ലെന്നും ആര്‍.ബി.ഐ കരടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഫെബ്രുവരി വരെ രാജ്യത്തെ ബാങ്കുകള്‍ നല്‍കിയ സ്വര്‍ണപ്പണയ വായ്പകളില്‍ 30 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. ഇതാണ് നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള ആര്‍.ബി.ഐ തീരുമാനത്തിന് പിന്നിലെന്നാണ് അറിയുന്നത്. ജനങ്ങള്‍ സ്വര്‍ണം വച്ച് കൂടുതല്‍ വായ്പ എടുക്കുന്നതിന്റെ പ്രധാന കാരണം സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിദ്യാഭ്യാസ, ആരോഗ്യ പരിപാലന ചെലവുകളിലും വന്ന വര്‍ദ്ധിച്ച കുതിച്ചുകയറ്റമാണ്. ഇത് മനസിലാക്കാതെ എല്ലാവരും സ്വര്‍ണം പണയം വച്ച് പണമെടുത്ത് തിരിമറികള്‍ കാണിക്കുകയാണെന്ന നിഗമനത്തില്‍ എത്തുന്നത് ആത്മഹത്യാപരമാണ്.
ഇന്ത്യയില്‍ വ്യവസായം തുടങ്ങുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയെ തന്നെ ദശാബ്ദങ്ങളോളം പിറകോട്ടടിച്ചിരുന്നു. ലൈസന്‍സ് രാജ് അവസാനിപ്പിച്ചതിനു ശേഷമാണ് ഇന്ത്യ വ്യാവസായികമായി കുതിപ്പ് നടത്താന്‍ തുടങ്ങിയത്. ഉദ്യോഗസ്ഥന്മാര്‍ക്ക് ഒരിക്കലും ജനങ്ങളുടെ ജീവിതാവസ്ഥയും മനോഗതവും മനസിലാക്കാനാവില്ല. എന്നാല്‍ ജനപ്രതിനിധികള്‍ക്ക് അത് മനസിലാകും. അതിനാല്‍ കേന്ദ്ര ധനകാര്യ വകുപ്പ് ഏറ്റവും കുറഞ്ഞത് അഞ്ചുലക്ഷം രൂപ വരെയെങ്കിലും സ്വര്‍ണപ്പണയ വായ്പ എടുക്കുന്നവരെ റിസര്‍വ് ബാങ്കിന്റെ പുതിയ നിയമ നിര്‍ദ്ദേശങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണ്. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ അതിനായി സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്.