കല്‍പ്പറ്റ: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപികള്‍ നിശ്ചയിച്ച സമയം വരെ പൂര്‍ണമായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തിയ സാഹചര്യത്തില്‍ നിലവിലുളള സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പൂര്‍ണമായ രീതിയില്‍ ലഭ്യമാകണം. ഇക്കാര്യം ഡിഎംഒ ഉറപ്പ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നിശ്ചയിച്ച സമയം വരെ ഒപി പ്രവര്‍ത്തിപ്പിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. കല്‍പ്പറ്റ ജനറല്‍ ആശുപത്രില്‍ പ്രവര്‍ത്തനം നിലച്ച ഐസിയു സംവിധാനം പുനാരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ടി. സിദ്ദിഖ് എംഎല്‍എ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുളള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാനും നിര്‍ദേശം നല്‍കി. പട്ടികവര്‍ഗക്കാരുടെ ഭവന നിര്‍മാണം പോലുളള പദ്ധതികളിലെ നിര്‍മാണ പാളിച്ചകളും ഫണ്ട് വിനിയോഗ രീതികളും വിശദമായി പരിശോധിക്കണം. നിലവിലുളള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിനുളള പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്‌പോള്‍ ഇക്കാര്യങ്ങള്‍ ഗൗരവത്തിലെടുക്കണം.വൈത്തിരി ആനമല കോളനിവാസികളുടെ ഭവന നിര്‍മാണത്തിനുള്ള തടസങ്ങള്‍ നീങ്ങിയതായും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാവുന്നതാണെന്നും ഐടിഡിപി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. എസ്എസ്എല്‍സി പാസായ വിദ്യാര്‍ഥികളില്‍ ഉപരിപഠനത്തിന് ഇതുവരെ സീറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികളുടെ കൃത്യമായ കണക്കുകള്‍ തിട്ടപ്പെടു ത്തണമെന്ന് ടി. സിദ്ദിഖ് എംഎല്‍എ ആവശ്യപ്പെട്ടു. ആദിവാസി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി നിയമിക്കപ്പെട്ട മെന്റര്‍ അധ്യാപകരെ സ്‌കൂളുകളിലെ മറ്റ് ജോലികള്‍ക്ക് നിയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ സ്‌കൂളു കളില്‍ പരിശോധ നടത്താനും പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ വനം വകുപ്പ് തയാറാകണമെന്ന് ടി. സിദ്ദിഖ് എംഎല്‍എ ആവശ്യപ്പെട്ടു. നിലവിലെ സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന നഷ്ട പരിഹാരതുക അപര്യാപ്തമാണെന്നും ഭേദഗതി വരുത്തുന്നതിനായി പ്രൊപ്പോസല്‍ സമര്‍പ്പിക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. ഡബ്ല്യുസിഎസ് നിബന്ധനകള്‍ കാരണം ബത്തേരി നഗരസഭയില്‍ കെട്ടിട നിര്‍മാണങ്ങള്‍ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിന് പരിഹാരം കാണണമെന്ന് രാഹുല്‍ ഗാന്ധി എംപിയുടെ പ്രതിനിധി കെ.എല്‍. പൗലോസ് ആവശ്യപ്പെട്ടു. വിഷയം സര്‍ക്കാര്‍തലത്തില്‍ തീരുമാനമാക്കേണ്ടതാണെന്നും ജില്ലാ വികസന സമിതിയുടെ നിര്‍ദേശം ഉള്‍പ്പെട്ട റിപ്പോര്‍ട്ട് അടിയന്തരമായി സര്‍ക്കാരിന് നല്‍കാനും യോഗത്തില്‍ ധാരണയായി. ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥന്‍മാര്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. എതെങ്കിലും സാഹചര്യത്തില്‍ അസൗകര്യം നേരിടുന്ന പക്ഷം മുന്‍കൂട്ടി അനുവാദം വാങ്ങണം. അല്ലാത്തപക്ഷം പങ്കെടുക്കാത്ത ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം തേടാനും വികസന സമിതി യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…