ഒറ്റപ്പാലം: സര്‍ക്കാര്‍ വിവിധാവശ്യ രേഖകളെല്ലാം അക്ഷയ കേന്ദ്രങ്ങള്‍ വഴിയാക്കിയത് അഴിമതി കുറച്ചുവെങ്കിലും ഇത്തരം കേന്ദ്രങ്ങളിലെത്തുന്നവര്‍ നരകയാതനയാണ് അനുഭവിക്കുന്നതെന്നാണ് പരാതി. ഒന്നിരിക്കാന്‍ പോലും സൗകര്യങ്ങളില്ലാതെയാണ് ഭൂരിഭാഗം അക്ഷയ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്. കുടുസു മുറികളിലാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെന്നാണ് വിമര്‍ശനം. വിവിധ അക്ഷയ കേന്ദ്രങ്ങളില്‍ (ആധാര്‍ കേന്ദ്രം) കാണപ്പെടുന്ന തിരക്ക് പലപ്പോഴും വളരെ വലുതാണ്. അമ്മമാരും ഗര്‍ഭിണികളും ഉള്‍പ്പെടെ മണിക്കൂറുകള്‍ വരിയില്‍ നില്‍ക്കേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്. ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളിലും ഇതുതന്നെയാണ് അവസ്ഥയെന്നാണ് സൂചന. നിലവില്‍ അക്ഷയ കേന്ദ്രങ്ങളില്‍ പരിമിതമായ സാഹചര്യങ്ങള്‍ മാത്രമുള്ളത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഗൗനിക്കുന്നില്ല എന്നതാണ് സത്യം. സര്‍ക്കാര്‍ രേഖകളെല്ലാം അക്ഷയ കേന്ദ്രത്തിലേക്കു മാറ്റുമ്പോള്‍ ഇവിടെ വരുന്ന ജനങ്ങള്‍ക്കു ആവശ്യമായ സൗകര്യങ്ങള്‍ കൂടി ഉറപ്പു വരുത്തേണ്ടത് അധികൃതര്‍ ബോധപൂര്‍വം വിസ്മരിച്ചു. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ക്കു വേണ്ടി അക്ഷയ കേന്ദ്രങ്ങള്‍ വഴി രേഖകള്‍ നല്‍കുന്നത് നല്ല കാര്യമാണങ്കിലും ഇവിടെ വരുന്ന ആളുകള്‍ മണിക്കൂറുകള്‍ വരി നില്‍ക്കുമ്പോള്‍ ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ കൂടി ഒരുക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് ജനകീയ ആവശ്യം. ആധാര്‍ രേഖകള്‍ ശരിയാക്കലും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ ഉള്‍പ്പെടെയുള്ളവരുടെ രേഖകള്‍ ലഭ്യമാക്കലും മറ്റു രേഖകള്‍ ലഭ്യമാക്കുന്നതിനുമുള്ള കാര്യങ്ങളും അക്ഷയ കേന്ദ്രങ്ങള്‍ വഴി ആക്കിയതിനാല്‍ തിരക്ക് കുറക്കാന്‍ കൂടുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിച്ചു കൊണ്ട് ജനങ്ങളുടെ ബുദ്ധിമുട്ട് കുറക്കാന്‍ ബന്ധപെട്ട അധികാരികള്‍ തയാറാകണമെന്നും ജനകീയാവശ്യമുണ്ട്. അക്ഷയ കേന്ദ്രങ്ങളില്‍ ചിലതില്‍ കൂടുതല്‍ സംശയങ്ങള്‍ ചോദിച്ചു ബുദ്ധിമുട്ടിക്കരുത് എന്ന് എഴുതി വക്കുന്നതിന്നെതിരെയും പരാതികളുണ്ട്. അക്ഷയകേന്ദ്രം നടത്തിപ്പുകാരും സേവനത്തിനു വരുന്നവരും തമ്മില്‍ വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്. കേന്ദ്രസര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ മാത്രമേ ഇടയില്‍ നിലവിലെ അവസ്ഥയില്‍ സാധ്യമാകു. അംഗീകൃത ഇടങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സേവനങ്ങള്‍ ചെയ്യുന്നതിന് വേണ്ട ലോഗിന്‍ നല്‍കുകയാണെങ്കില്‍ പോലും അക്ഷയ കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാന്‍ സാധിക്കുമെന്നതാണ് സത്യം. സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ കുടുംബശ്രീയുടെ അക്ഷയ കേന്ദ്രത്തെതന്നെ ആശ്രയിക്കണമെന്നതാണ് നിലവിലെ സ്ഥിതി. പൊതുജനങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ ലഭ്യമാകുവാന്‍ അതാതു സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോവുകയാണെങ്കില്‍ പോലും ഇത്രയും ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്നാണ് പറയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…