പുനലൂര്‍: സീറോ വേസ്റ്റ് ബഹുമതി നേടിയ പുനലൂര്‍ നഗരസഭയുടെ മാര്‍ക്കറ്റില്‍ മാലിന്യം കുന്നുകൂടുന്നു. പുനലൂര്‍ നഗരമധ്യത്തു സ്ഥിതിചെയ്യുന്ന ശ്രീരാമവര്‍മപുരം ചന്തയ്ക്കാണ് ഈ ദു:സ്ഥിതി. ദിവസവും ആയിരക്കണക്കിനാളുകള്‍ വന്നുപോകുന്ന ചന്തയുടെ കിഴക്കുഭാഗത്തായി നാളുകളായി മാലിന്യം കൂന്നുകൂടുകയാണ്. ജൈവ വാതക മാലിന്യ സംസ്‌കരണ പ്ലാന്റും മാലിന്യ ശുദ്ധീകരണ പ്ലാന്റുമുള്‍പ്പെടെ നിര്‍മിച്ച് ചന്ത ഹൈടെക് ആക്കുമെന്ന വാഗ്ദാനം നടപ്പാകുന്നതും നോക്കി വ്യാപാരികളും പൊതുജനവും കാലങ്ങളായി കാത്തിരിയ്ക്കുകയാണ്. ചന്തയിലെ മാലിന്യം സംസ്‌കരിക്കാന്‍ വടക്കുഭാഗത്തായി അഞ്ചുവര്‍ഷം മുന്‍പു നഗരസഭ പ്രത്യേക സംസ്‌കരണ സംവിധാനം ഒരുക്കിയിരുന്നു. എന്നാല്‍ ഇതുകൊണ്ട് വേണ്ടത്ര ഫലമുണ്ടാകുന്നില്ല. കിഴക്കുഭാഗത്ത് ഉണക്കമത്സ്യ കച്ചവടം നടത്തുന്നിടത്തായാണ് ഇപ്പോള്‍ മാലിന്യം തള്ളുന്നത്. മാലിന്യം ചാക്കിലാക്കി സംഭരിക്കുന്നതിനായി ഇവിടെ ഷെഡ് നിര്‍മിച്ചിട്ടുണ്ട്. ഈ ഷെഡും നിറഞ്ഞു കവിഞ്ഞശേഷം മാലിന്യം ഷെഡിന്റെ പരിസരത്തായി കുന്നുകൂടുകയാണ്. പുഴുവരിച്ച മത്സ്യാവശിഷ്ടം മുതല്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ചിട്ടുള്ള തലമുടിവരെ ഈ മാലിന്യക്കൂനയിലുണ്ട്. ഇത്തരം മാലിന്യങ്ങള്‍ ഒഴുകി 300-ഓളം മീറ്റര്‍ മാത്രം അകലെയുള്ള കല്ലടയാറ്റില്‍ പതിക്കുകയാണ്. ജപ്പാന്‍ കുടിവെള്ള പദ്ധതി ഉള്‍പ്പെടെയുള്ള വിവിധ ജലവിതരണ പദ്ധതികളുടെ സ്രോതസാണ് കല്ലടയാര്‍.ആധുനിക സൗകര്യങ്ങളോടെ ചന്ത നവീകരിക്കുമെന്നത് വര്‍ഷങ്ങളായുള്ള വാഗ്ദാനമാണ്. ഒരു വര്‍ഷം മുമ്പ് ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ തയാറാക്കിയ പുന:രുദ്ധാരണ പദ്ധതിയാണ് ഏറ്റവും ഒടുവിലത്തേത്. പുതുക്കിയ നിരക്കനുസരിച്ച് തയാറാക്കിയ പുതിയ അടങ്കല്‍ കിഫ്ബി യ്ക്ക് സമര്‍പ്പിച്ച് കാത്തിരിക്കുകയാണ്. മൊത്തം 21,000 ചതുരശ്ര അടിയില്‍ 5.40 കോടി രൂപ ചെലവഴിച്ച് ചന്ത നവീകരിക്കുമെന്നാണ് വാഗ്ദാനം. 37 കടകള്‍, 25 മത്സ്യ സ്റ്റാളുകള്‍, 24 ഉണക്കമീന്‍ സ്റ്റാളുകള്‍, വഴിയോര കച്ചവടക്കാര്‍ക്കായി 33 സ്റ്റാളുകള്‍ എന്നിവ ഒരുക്കുമെന്നാണ് പദ്ധതി. എന്നാല്‍ പുനലൂര്‍ നിവാസികള്‍ പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതും കാത്തിരിയ്ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…