കൊല്ലം: എസ്എഫ്‌ഐക്കാര്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ വാഹനം ആക്രമിച്ചതില്‍ വ്യാപക പ്രതിഷേധം. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.സി. രാജനും, കണ്‍വീനര്‍ രാജേന്ദ്രപ്രസാദും സംഭവത്തെ അപലപിച്ചു. ആക്രമണരാഷ്ട്രീയം കൊല്ലത്തും പരീക്ഷിക്കുവാനുളള സിപിഎം തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എംപി ക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. പോലീസ് നോക്കിനില്‍ക്കെയാണ് എംപി യാത്രചെയ്തിരുന്ന വാഹനത്തെ ആക്രമിച്ചത്. അക്രമികളെ അറസ്റ്റു ചെയ്യുവാനോ നിയമനടപടിക്ക് വിധേയമാക്കുവാനോ പോലീസ് തയ്യാറാകാത്തത് ആക്രമണം ആസൂത്രണമായതു കൊണ്ടാണ്. കൊല്ലം ജില്ലയുടെ രാഷ്ട്രീയ പാരമ്പര്യത്തിന് വിരുദ്ധമാണ് ഈ സംഭവം. ആശയപരമായ നേരിടാന്‍ പരാജയപ്പെടുമ്പോള്‍ കായികമായി നേരിടുകയെന്ന സിപിഎമ്മിന്റെ നയം കൊല്ലത്തും പരീക്ഷിക്കുകയാണ്. സംസ്ഥാനത്തെ പോലീസിനെ നിഷ്‌ക്രിയമാക്കുകയും നിയമത്തെ സിപിഎം ബഹുജനസംഘടനകള്‍ കൈയിലെടുത്തതിന്റെ തെളിവാണ് ആക്രമണം. ജനപ്രതിനിധികള്‍ക്കു പോലും സൂരക്ഷ ഉറപ്പുവരുത്താന്‍ കഴിയാത്ത പോലീസില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യുടെ വാഹനം ആക്രമിച്ച ഡിവൈഎഫ്‌ഐ – എസ് എഫ് ഐ യുടെ നടപടി അപലപനീയമാണെന്നു ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു. പോലീസിന്റെ സാന്നിധ്യത്തിലാണ് ആക്രമണം നടന്നുവെന്നുളളത് തികച്ചും പ്രതിഷേധാര്‍ഹമാണ്. സംസ്ഥാനത്ത് ജനപ്രതിനിധികള്‍ക്കു പോലും സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്തവിധം പോലീസ് സംവിധാനം തകര്‍ന്നിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട എം.പി ക്ക് സ്വന്തം മണ്ഡലത്തില്‍ സ്വതന്ത്രമായ പൊതുപ്രവര്‍ത്തനം നടത്തുന്നതിന് തടസം സൃഷ്ടിക്കുന്ന ആക്രമണം സിപിഎം തയാറാക്കിയിട്ടുളള തിരക്കഥയുടെ ഭാഗമാണ്. ജനാധിപത്യ മാഗ്ഗങ്ങളിലൂടെ എന്‍.കെ പ്രേമചന്ദ്രനെ പരാജയപ്പെടുത്താന്‍ കഴിയാതെ വന്നപ്പോള്‍ ആക്രമണം അഴിച്ചുവിട്ട് ഭീഷണിമുഴക്കുന്നത് കേരളത്തിന്റെ രാഷ്ട്രീയസദാചാര മര്യാദകള്‍ക്ക് വിരുദ്ധമാണ്. സര്‍ക്കാരും സിപിഎം നിയന്ത്രണത്തിലുളള മാധ്യമങ്ങളും കഴിഞ്ഞ കുറെ ദിവസങ്ങളായി എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ക്കെതിരെ നടത്തുന്ന അപവാദ പ്രചരണങ്ങള്‍ ജനങ്ങള്‍ ഏറ്റെടെുക്കിന്നില്ലെന്ന് കണ്ടപ്പോള്‍ കായികമായി നേരിടുവാനുളള സിപിഎമ്മിന്റെ രാഷട്രീയ ഗൂഡാലോചനയാണ് ആക്രമണത്തിന് പിന്നില്‍. സിപിഎം തിരക്കഥ അനുസരിച്ച് പ്രേമചന്ദ്രനെതിരെ നടത്തുന്ന വിലകുറഞ്ഞ രാഷ്ട്രീയ നിലപാടുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നു എ.എ. അസീസ് പറഞ്ഞു. സിപിഎം കുറേ നാളുകളായി തന്നെ വേട്ടയാടാന്‍ കാമ്പയിന്‍ നടത്തുകായാണന്നും അതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ കാര്‍ തടഞ്ഞ് നിര്‍ത്തി തന്നെ അക്രമിക്കാന്‍ ശ്രമിച്ചതെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. നല്ലേഴ്ത്തു മുക്കിലെ ആക്രമണവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎഫ്‌ഐ, എസ്എഫ് ഐ പ്രകടനം വരുന്നതു കണ്ട് തന്റെ കാര്‍ പ്രകടനക്കാരെ പ്രകോപിക്കണ്ടാ എന്നു കരുതി മറ്റൊരു വാഹനത്തിന് പിന്നില്‍ ഇട്ടിരിക്കുകയായിരുന്നു.എന്നാല്‍ അപ്രതീക്ഷിതമായി യാതൊരു കാരണവും കൂടാതെ പ്രകടനം നടത്തിയവര്‍ തന്റെ കാര്‍ വളയുകയും ബോണറ്റ് അടിച്ച് പൊട്ടിക്കുകയും ചെയ്തു. വലിയ പത്തലുപയോഗിച്ച് ഗ്ലാസ് തല്ലിപ്പൊട്ടിക്കാന്‍ ശ്രമിച്ചങ്കിലും സാധിക്കാത്തതിനാല്‍ അവര്‍ പിന്‍മാറുകയായിരുന്നു. ഗ്ലാസ് പൊട്ടിയിരുന്നങ്കില്‍ ഉറപ്പായും പ്രകടനം നടത്തിയവര്‍ തന്നെ ആക്രമിക്കുമായിരുന്നു. ജില്ലയിലെ സി പി എം പ്രവര്‍ത്തകര്‍ തന്നോട് ഈയിടെയായി അപമര്യാദയായിട്ടാണ് പെരുമാറുന്നത്. ഒരു എംപിയോട് കാണിക്കേണ്ടുന്ന സാമാന്യ മര്യാദ പോലും ഇവര്‍ കാണിക്കുന്നില്ല. ശത്രുതാ മനോഭാവത്തോടെ തന്നെ ആക്രമിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. സിപിഎം തനിക്കു നേരെ കാണിക്കുന്ന ആക്രമം അവസാനിപ്പിക്കണമെന്നും എം. പി പറഞ്ഞു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്കെതിരെയുളള ആക്രമണം പ്രതിഷേധാര്‍ഹമാണെന്ന് ആര്‍എസ്പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാല്‍ പറഞ്ഞു. എംപിയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ആര്‍എസ്.പി യുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചവറയില്‍ വെച്ച് എന്‍ കെ പ്രേമചന്ദ്രന്‍ എംപി യുടെ വാഹനം ആക്രമിക്കുകയും, എംപിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്ത കൊല്ലുകയും ചെയ്തത് തികച്ചും അപലപനീയമെന്ന് കെപിസിസി എക്സിക്യൂട്ടീവ് അംഗം അഡ്വ. എ ഷാനവാസ്ഖാന്‍.ചങ്ങലയ്ക്ക് ഭ്രാന്ത്പിടിച്ചതുപോലെയാണ് സിപിഎം ഡിവൈഎഫ്ഐ, എസ് എഫ് ഐപ്രവര്‍ത്തകര്‍. കഴിഞ്ഞ രണ്ടാഴ്ച്ചയായി എംപിയെ വ്യക്തിഹത്യ ചെയ്യുവാനുള്ള ശ്രമമാണ് നടന്നുവരുന്നത്. എന്തെങ്കിലും ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ നിയമപരമായി നേരിടാതെ മസില്‍ പവര്‍കൊണ്ട് നേരിടാനാണ് ശ്രമമെങ്കില്‍ അതിനെ ശക്തമായി നേരിടുമെന്നും ഷാനവാസ്ഖാന്‍ പറഞ്ഞു. എംപിയുടെ വാഹനം അക്രമിച്ചതില്‍ പ്രതിഷേധിച്ച് യു ഡി എഫ് ചവറ നിയോജക മണ്ഡലം കമ്മിറ്റി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ജനപ്രതിനിധികള്‍ക്ക് പോലും മണ്ഡലത്തില്‍ എത്താന്‍ പറ്റാത്ത വിധത്തില്‍ സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത് ശരിയായ നടപടിയല്ലന്നും എംപിയുടെ വാഹനം തടഞ്ഞ് അക്രമിക്കാന്‍ ശ്രമിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. യു ഡി എഫ് ചെയര്‍മാന്‍ കോലത്ത് വേണുഗാപല്‍, കണ്‍വീനര്‍ ജസ്റ്റിണ്‍ ജോണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചവറ പോലിസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…