കല്‍പ്പറ്റ : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇകെ വിഭാഗം) സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ അധിക്ഷേപിച്ച് കമന്റിട്ട മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയെ ദിവസങ്ങള്‍ക്കകം തിരിച്ചെടുത്ത നടപടിക്കെതിരെ സമസ്തയില്‍ അമര്‍ഷം പുകയുന്നു. കഴിഞ്ഞ ഡിസംബര്‍ 29നാണ് ജില്ലാ സെക്രട്ടറിയായിരുന്ന യഹ്യാഖാന്‍ തലയ്ക്കലിനെ തങ്ങളെ അപമാനിച്ച് കമന്റിട്ടതിന് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയത്. സമസ്തയുടെ കടുത്ത സമ്മര്‍ദത്തിനൊടുവിലായിരുന്നു നടപടി.സമൂഹ മധ്യത്തില്‍ അധിക്ഷേപിച്ചയാളെ ദിവസങ്ങള്‍ക്കകം തിരിച്ചെടുത്തത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമായാണ് സമസ്ത നേതാക്കള്‍ കാണുന്നത്. സമസ്തയുടെ വിദ്യാര്‍ഥി–യുവജന വിഭാഗങ്ങളില്‍ ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തോളമായി ജിഫ്രി തങ്ങളെടുക്കുന്ന സര്‍ക്കാര്‍ അനുകൂല നിലപാടിന് തിരിച്ചടി കൊടുക്കുകയെന്ന രഹസ്യ അജന്‍ഡ കൂടിയാണ് ലീഗ് ഈ തീരുമാനത്തിലൂടെ നടപ്പാക്കിയതെന്ന് കരുതുന്നുണ്ട്. ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കുനേരെ വധഭീഷണിയുണ്ടായ വാര്‍ത്തയ്ക്കടിയിലാണ് കഴിഞ്ഞ 28ന് യഹ്യാഖാന്‍ അധിക്ഷേപ കമന്റിട്ടത്. വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ചില ചെപ്പടിവിദ്യകള്‍ നാണക്കേട്’–എന്നായിരുന്നു കമന്റ്. സിറാജ് പത്രത്തിന്റെ ഓണ്‍ലൈന്‍ വാര്‍ത്തയുടെ ഫേസ്ബുക്ക് ലിങ്കിലാണ് ലീഗ് അണികളുടെ കൂട്ട അധിക്ഷേപങ്ങള്‍ക്കൊപ്പം ജില്ലാ നേതാവും ചേര്‍ന്നത്. ഇതില്‍ നടപടിയാവശ്യപ്പെട്ട് സമസ്തയുടെ യുവജന വിഭാഗവും വിദ്യാര്‍ഥി വിഭാഗവും മുതിര്‍ന്ന നേതാക്കളും രംഗത്തുവന്നെങ്കിലും ജില്ലാ നേതൃത്വം സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഹരിത വിഷയത്തില്‍ പുറത്താക്കപ്പെട്ട എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജല്‍ യഹ്യാഖാനെ പുറത്താക്കിയില്ലെങ്കില്‍ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ സമരം നടത്തുമെന്ന് വാര്‍ത്താസമ്മേളനം നടത്തിയതോടെയാണ് നടപടി എടുക്കേണ്ടിവന്നത്. എസ്‌കെഎസ്എസ്എഫും എസ്വൈഎസും പ്രകടനമുള്‍പ്പെടെ നടത്തുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു. പിന്നാലെയായിരുന്നു നടപടിയെടുത്തത്. യഹ്യാഖാനെ തിരിച്ചെടുക്കാനായി മുജാഹിദ് വിഭാഗം സമ്മര്‍ദം ചെലുത്തിയതായും സമസ്ത വിഭാഗം കരുതുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…