ആലപ്പുഴ : കായല്‍ സൗന്ദര്യം ആസ്വദിച്ച് യാത്രയൊരുക്കാന്‍ സോളാര്‍ ക്രൂയിസര്‍ വരുന്നു. ടൂറിസംരംഗത്തെ ഇന്ത്യയിലെ ആദ്യ സൗരോര്‍ജ പരീക്ഷണമായ സോളാര്‍ ക്രൂയിസര്‍ മാര്‍ച്ച് അവസാനം സംസ്ഥാന ജലഗതാഗത വകുപ്പ് നീറ്റിലിറക്കും. പുതിയ ഊര്‍ജ മാതൃകയില്‍ വമ്പനായ ബോട്ടിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഇരുനിലകളായ ബോട്ടിന് 24 മീറ്റര്‍ നീളവും ഏഴുമീറ്റര്‍ വീതിയുമുണ്ട്. താഴത്തെ നില എസിയാണ്. 100 സീറ്റുണ്ട്. എല്ലാം പുഷ്ബാക്ക്. മുകള്‍ നിലയില്‍ യോഗങ്ങളും പരിപാടികളും നടത്താനാകുന്ന ക്രമീകരണമാണ് ഒരുക്കുന്നതെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍ പറഞ്ഞു. ഉള്‍ഭാഗത്തെ സൗന്ദര്യവല്‍ക്കരണമാണ് പുരോഗമിക്കുന്നത്. അരൂരിലാണ് നിര്‍മാണം. 100 കിലോവാട്ടാണ് കരുതല്‍ ഊര്‍ജം. ക്രൂയിസറിനെ ജലരാജാവാക്കുന്നതാണ് സൗരോര്‍ജ ഉപയോഗത്തിലെ ഈ മുന്നേറ്റം. 80 കിലോവാട്ട് കരുതല്‍ ഊര്‍ജമാണ് നിലവില്‍ ജലഗതാഗത വകുപ്പിന്റെ സൗരോര്‍ജ ഫെറി ആയ ആദിത്യയുടെ പുതിയ പതിപ്പിനുള്ളത്. അതിനും മുകളിലാകും ക്രൂയിസറിന്റെ ഊര്‍ജം. ദീര്‍ഘദൂര യാത്രയ്ക്ക് അനുയോജ്യമായതിനാല്‍ എറണാകുളത്താകും ഓടിക്കുക. ടൂറിസത്തിനുകൂടി പ്രാധാന്യം നല്‍കിയാരംഭിച്ച അതിവേഗ എസി ബോട്ട് ‘വേഗ -2’, വാട്ടര്‍ ടാക്സി എന്നിവ വന്‍വിജയമായി. ഇതോടെയാണ് പുതുതരംഗമാകാന്‍ ക്രൂയിസറിനെ കൊണ്ടുവരുന്നത്. കുറഞ്ഞ ചെലവില്‍ ആറുമണിക്കൂര്‍ കായല്‍ സൗന്ദര്യം ആസ്വദിക്കാമെന്നതാണ് വേഗയുടെ പ്രത്യേകത. പകല്‍11 ന് ആലപ്പുഴയില്‍നിന്ന് പുറപ്പെട്ട് പുന്നമട, മുഹമ്മ, പാതിരാമണല്‍, കുമരകം, ആര്‍ ബ്ലോക്ക്, മാര്‍ത്താണ്ഡം കായല്‍, ചിത്തിര, സി ബ്ലോക്ക്, മംഗലശേരി, കുപ്പപ്പുറം എന്നിവിടങ്ങളിലൂടെ തിരിച്ചെത്തും വിധമാണ് ‘വേഗ -2 കണ്ടക്ടഡ് ടൂര്‍ ഒരുക്കുന്നത്. 40 എസി സീറ്റും 80 നോണ്‍ എസി സീറ്റുമുണ്ട്. എസിക്ക് 600ഉം നോണ്‍ എസിക്ക് 400രൂപയുമാണ് നിരക്ക്. കുടുംബശ്രീയുടെ രുചികരമായ ഭക്ഷണം 100 രൂപയ്ക്ക് ലഭിക്കും. ചങ്ങനാശേരിയില്‍ നിന്നാണ് വാട്ടര്‍ ടാക്സി സര്‍വീസ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…