കണ്ണൂര്‍: വാഹനങ്ങളിലെയും നിരത്തിലെയും നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന് പാരയായി ഇ-വാഹനങ്ങളുടെ പണിമുടക്ക്.കാതടപ്പിച്ചും കണ്ണടപ്പിച്ചും ഒച്ചയുണ്ടാക്കിയും വെളിച്ചം മിന്നിച്ചും പറക്കുന്ന വാഹനങ്ങള്‍ക്ക് പിന്നാലെ പായുമ്‌ബോള്‍ ഉദ്യോഗസ്ഥരുടെ ഇലക്ട്രിക് വാഹനങ്ങള്‍ പാതിവഴിയില്‍ കിതക്കുകയാണ്.ഒറ്റത്തവണ ചാര്‍ജില്‍ 312 കിലോമീറ്റര്‍വരെ ഓടാന്‍ കഴിയുമെന്ന ഉറപ്പില്‍ 2020ലാണ് സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ 65 ഇലക്ട്രിക് എസ്.യു.വികള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വന്തമാക്കിയത്.എന്നാല്‍, 150 കിലോമീറ്റര്‍ മാത്രമാണ് ശരാശരി ഓടാനാവുന്നത്. സമതലമല്ലാതെ കയറ്റവും ഇറക്കവും നിറഞ്ഞ റോഡുകളാണെങ്കില്‍ കണക്കുകള്‍ വീണ്ടും താഴേക്കാവും.ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനായി അഞ്ച് ഇലക്ട്രിക് വാഹനങ്ങളാണ് ഉള്ളത്. താലൂക്ക് തലത്തില്‍ ഓരോന്നുവീതവും ജില്ലതലത്തിലും സ്‌ക്വാഡുകളായാണ് നിരത്തിലെ പരിശോധന. വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തിരക്കിട്ട പരിശോധനകളാണ് നടക്കുന്നത്. നിയമലംഘനം നടത്തി രക്ഷപ്പെടുന്ന വാഹനങ്ങളെ പിന്തുടര്‍ന്ന് പിടികൂടേണ്ട സാഹചര്യം പലപ്പോഴും ഉണ്ടാകാറുണ്ട്. ഇത്തരം ചെയ്‌സുകളില്‍ ചാര്‍ജ് തീര്‍ന്ന് റോഡില്‍ കിടക്കാനാണ് മിക്കപ്പോഴും ഉദ്യോഗസ്ഥരുടെ വിധി. സംഭവം പലപ്പോഴും ആരും അറിയുന്നില്ലെന്നു മാത്രം. പകരം വണ്ടിയെത്തിച്ചാണ് പരിശോധന തുടരാനാവുക.താലൂക്ക് തലത്തിലും ജില്ല തലത്തിലും പരിശോധന നടത്തുന്ന വാഹനങ്ങള്‍ക്ക് ദിവസം 150 കിലോമീറ്ററിലേറെ സഞ്ചരിക്കാനുണ്ട്. കണ്ണൂര്‍ ഒഴികെയുള്ള താലൂക്കുകളിലെല്ലാം മലയോര മേഖലയുള്‍പ്പെട്ടതിനാല്‍ പലപ്പോഴും ഫുള്‍ ചാര്‍ജില്‍ പോലും ഓട്ടം പാതിവഴിയിലാവും. ഇ-വാഹനങ്ങള്‍ രാത്രി 10 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ മാത്രമേ ബാറ്ററി നിറയൂ. സബ് ആര്‍.ടി ഓഫിസുകളിലും ആര്‍.ടി.ഒ, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഓഫിസുകളിലും ചാര്‍ജിങ് സംവിധാനമുണ്ടെങ്കിലും പകല്‍ വൈദ്യുതി ഉപഭോഗം കൂടുതലായതിനാല്‍ ചാര്‍ജ് ചെയ്യല്‍ പ്രാവര്‍ത്തികമല്ല. വാഹനങ്ങള്‍ വാങ്ങുന്ന സമയത്ത് എട്ടു വര്‍ഷം പരിപാലനം സൗജന്യമായി നല്‍കുമെന്ന് നിര്‍മാണ കമ്ബനി ഉറപ്പുനല്‍കുന്നുണ്ടെങ്കിലും നടപ്പാകാറില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. പല വണ്ടികള്‍ക്കും ബാറ്ററിക്ക് പ്രശ്‌നവുമുണ്ട്. ജില്ലയിലെ ഒരു വണ്ടി 13 തവണയാണ് തകരാറിലായത്. ബാറ്ററി മാറ്റണമെന്നാണ് അവസാനം ലഭിച്ച വിവരം. സംസ്ഥാന തലത്തില്‍ ലഭിച്ച 65 വണ്ടികളില്‍ 15 എണ്ണത്തിന് ഈ പ്രശ്‌നമുണ്ടെന്ന് വകുപ്പിലുള്ളവര്‍ സമ്മതിക്കുന്നു. പതിവുപോലെ അവധിദിവസമായ ഞായറാഴ്ചയും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നിരത്തിലിറങ്ങി 200ലധികം വാഹനങ്ങളാണ് പരിശോധിച്ചത്. 1.19 ലക്ഷം രൂപ പിഴയുമീടാക്കി. ഇ-വാഹനത്തിന്റെ ചാര്‍ജ് തീര്‍ന്നതിനാലാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…