തൃശൂര്‍: സാമ്ബത്തിക തട്ടിപ്പു കേസിന്റെ അന്വേഷണത്തിന് ഇ.ഡി. ഉദ്യോഗസ്ഥര്‍ എത്തിയതറിഞ്ഞ് ഹൈറിച്ച് ഓണ്‍ലൈന്‍ വ്യാപാര കമ്ബനി ഉടമ കെ.ഡി.പ്രതാപനും ഭാര്യ ശ്രീനയും കാറില്‍ രക്ഷപ്പെട്ടു. ഡ്രൈവര്‍ സരണിനൊപ്പം മഹീന്ദ്ര ഥാര്‍ വാഹനത്തിലാണ് ഇവര്‍ രക്ഷപ്പെട്ടത്. ഇ.ഡി. എത്തുന്നതിനെ കുറിച്ച് ഇവര്‍ക്ക് രഹസ്യ വിവരം ലഭിച്ചെന്നാണു കരുതുന്നത്. 100 കോടിയോളം രൂപ ഹവാല വഴി ഇവര്‍ കടത്തിയെന്നാണ് കേസ്. ഇതില്‍ തെളിവു തേടിയാണ് ഇ.ഡി. സംഘം ഹൈറിച്ച് ഓഫീസിലും വീട്ടിലും എത്തിയത്. പ്രതികളെപിടികൂടാനായി സിറ്റി പോലീസ് കമ്മിഷണര്‍ക്കു സഹായം തേടി ഇ.ഡി. ഉദ്യോഗസ്ഥര്‍ കത്തുനല്‍കിയിട്ടുണ്ട്. 1630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പോലീസ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇ.ഡി. റെയ്ഡ് നടത്തുമെന്ന സാഹചര്യത്തിലാണു പ്രതികള്‍ രക്ഷപ്പെട്ടത്. തൃശൂര്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചേര്‍പ്പ് എസ്.ഐ. എസ്. ശ്രീലാലന്‍ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വന്‍ തട്ടിപ്പിനെ കുറിച്ചു വ്യക്തമാക്കുന്നത്. ഹൈറിച്ചിന്റേത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്നാണ് പോലീസ് പറയുന്നത്. 1,63,000 ഉപഭോക്താക്കളില്‍നിന്നാണ് സ്ഥാപനം പണം തട്ടിയത്. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ മണിചെയിന്‍ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്നു പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് ഈ വമ്ബന്‍ നികുതിവെട്ടിപ്പ് നടത്തിയത്.ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരിലാണ് മണി ചെയിന്‍ തട്ടിപ്പു നടന്നത്. ക്രിപ്റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള പേരുകളില്‍ വലിയ തോതില്‍ ലാഭം വാഗ്ദാനം ചെയ്തുപണം തട്ടിയെന്നാണ് കേസ്. സ്ഥാപനത്തിന്റെ എം.ഡി. തൃശൂര്‍ ചേര്‍പ്പ് സ്വദേശി കെ.ഡി. പ്രതാപനെ അറസ്റ്റ് ചെയ്തിരുന്നു.സംസ്ഥാന ജി.എസ്.ടിയുടെ കാസര്‍കോട് ഇന്റലിജന്‍സ് വിഭാഗമാണ് ഇയാളെ പിടികൂടിയത്. സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ സംശയം തോന്നിയതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണു തട്ടിപ്പ് പുറത്തായത്. ഈ കേസില്‍ പ്രതാപന്‍ ജാമ്യത്തിലിറങ്ങിയിരുന്നു. ഹൈറിച്ച് കമ്ബനിക്കു കേരളത്തിലാകെ 78 ശാഖകളും ഇന്ത്യയിലൊട്ടാകെ 680 ശാഖകളും ഉണ്ടെന്നു പോലീസ് റിപ്പോര്‍ട്ടിലുണ്ട്. ക്രിപ്റ്റോ കറന്‍സി വ്യാപാരം 80 വിദേശ രാജ്യങ്ങളില്‍ നടത്തിയിട്ടുണ്ട്. 12 ലക്ഷം പേരാണ് ഹൈറിച്ചിന്റെ ഒ.ടി.ടിയിലുള്ളത്. നിരവധി സാങ്കേതിക കാര്യങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ സാങ്കേതിക സഹായവും അന്വേഷണത്തിനു കൂടുതല്‍ സമയവും വേണമെന്നും ചേര്‍പ്പ് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുക്കുന്നതാകും നല്ലതെന്ന സൂചനയും പോലീസ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇ.ഡി. എത്തിയതോടെ ഹൈറിച്ച് കേസ് കൂടുതല്‍ സങ്കീര്‍ണമാകും. അനശ്വര ട്രേഡേഴ്സിന്റെ ഗ്രോസറി വ്യാപാരത്തിലേക്ക് എന്ന പേരിലാണ് ആദ്യം നിക്ഷേപം സ്വീകരിച്ചത്. പിന്നീട് ക്രിപ്റ്റോ കറന്‍സി, ഒ.ടി.ടി. തുടങ്ങി വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ പണം ശേഖരിക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളിലേക്കും ഹൈറിച്ചിന്റെ ചങ്ങല പടര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…